News - 2024
മെക്‌സിക്കോയില്‍ സുവിശേഷ പ്രവര്‍ത്തകരായ നാലു യുവാക്കള്‍ കൊല്ലപ്പെട്ടു; ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ നടുങ്ങി വിശ്വാസ സമൂഹം
സ്വന്തം ലേഖകന്‍ 06-10-2016 - Thursday
മെക്‌സിക്കോ സിറ്റി: കത്തോലിക്ക വചന പ്രഘോഷണ സംഘത്തിലെ അംഗങ്ങളായ നാലു യുവാക്കളെ മെക്‌സിക്കോയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ മിച്ചോയാക്കന്‍ സ്‌റ്റേറ്റിലാണ് സംഭവം നടന്നത്. മെക്‌സിക്കോയില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മൂന്നു കത്തോലിക്ക വൈദികരാണ് അക്രമികളുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടത്. നാലു യുവാക്കള്‍ കൂടി കൊല്ലപ്പെട്ടതോടെ വിശ്വാസ സമൂഹം ഭീതിയില്‍ ആയിരിക്കുകയാണ്. നേരത്തെ ലാ-രുവാന ഇടവകയുടെ മുന്‍ വികാരി ഫാ. ജോസ് ലൂയിസ് സെഗൂര നാലു യുവാക്കളേയും ഞായറാഴ്ച മുതല്‍ കാണ്മാനില്ലെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
പുതിയതായി ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്ന ആളുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 'റെയിന്‍ബോ' എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്ന നാലു യുവാക്കളും. ഇരുപതു വയസിനടുത്താണ് ഇവരുടെ പ്രായം. കാണാതായ യുവാക്കളുടെ മൃതശരീരം ഇക്കഴിഞ്ഞ ചൊവ്വാഴ്ച അപ്ടസിഗാനില്‍ നിന്നും 10 മൈലുകള്‍ മാറി സാന്‍ ജൂവാന്‍ ഡി ലോസില്‍ നിന്നാണ് കണ്ടെടുത്തത്.
"ഈ ദുരന്തം എന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം എന്റെ കൂടെ പ്രവര്‍ത്തിച്ച ഊര്‍ജസ്വലരായ യുവാക്കളായിരുന്നു ഇവര്‍. ക്രൈസ്തവര്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അക്രമത്തിനു നേരെ ഇനിയും നാം നിശബ്ദത പാലിക്കരുതെന്ന് ഇത്തരം സംഭവങ്ങള്‍ നമ്മോടു വിളിച്ചു പറയുന്നു. വിശ്വാസികള്‍ രാജ്യത്തിന്റെ പല ഭാഗത്തും കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടു പോകപ്പെടുകയോ, കൊള്ളയടിക്കപ്പെടുകയോ ചെയ്യുകയാണ്. ഇതിനെതിരെ ശബ്ദം ഉയര്‍ത്തണം". ഫാദര്‍ ജോസ് ലൂയിസ് സെഗൂര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വൈദികരും, സുവിശേഷ പ്രവര്‍ത്തകരും തുടര്‍ച്ചയായി കൊല്ലപ്പെടുമ്പോഴും മെക്‌സിക്കന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. ഗര്‍ഭഛിദ്രം, സ്വവര്‍ഗ്ഗ വിവാഹം എന്നീ തിന്മകളെ നിയമവിധേയമാക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ മെക്‌സിക്കന്‍ കത്തോലിക്ക സഭ ശക്തമായാണ് പ്രതിരോധിക്കുന്നത്. ഇതിനിടയില്‍ ഉണ്ടാകുന്ന കൊലപാതകങ്ങള്‍ വിശ്വാസികളില്‍ ഭീതി പടര്‍ത്തിയിരിക്കുകയാണ്.