News - 2024

പൈശാചിക ശക്തികളെ മറികടക്കുവാനുള്ള ഏറ്റവും ശക്തമായ ആയുധം ജപമാല: ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്

സ്വന്തം ലേഖകന്‍ 04-10-2016 - Tuesday

മനില: പൈശാചിക ശക്തികളെ മറികടക്കുവാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ജപമാലയെന്ന് ഫിലിപ്പിന്‍സ് കത്തോലിക്ക ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ്. ജപമാല മാസമായി സഭ ആചരിക്കുന്ന ഒക്ടോബറില്‍ പുറത്തിറക്കിയ പ്രത്യേക ലേഖനത്തിലാണ് ആര്‍ച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലിഗാസ് ജപമാലയുടെ പ്രസക്തിയെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്.

കുമ്പസാരത്തിലൂടെയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിലൂടെയും പൈശാചികമായ ആക്രമണങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കുവാനുള്ള ശക്തി ഉന്നതങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു.

"നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ ആയുധം ജപമാലയാണ്. ആകുലതകള്‍ മറികടക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും ജപമാല ചൊല്ലുന്നതിലൂടെ നമുക്ക് സാധിക്കും. കൈയില്‍ ജപമാലയും അധരങ്ങളില്‍ പ്രാര്‍ത്ഥനയും നിറയുമ്പോള്‍ അത്ഭുതങ്ങള്‍ക്ക് സാക്ഷികളാകുവാന്‍ നമുക്ക് കഴിയും".

"ലോകത്തെ മുഴുവനും വിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് സാധിക്കണം. നമ്മുടെ പാപങ്ങളെ ഓര്‍ത്ത് നമുക്ക് പശ്ചാത്തപിക്കുകയും പരിഹാരങ്ങള്‍ തേടുകയും ചെയ്യാം". ആര്‍ച്ച് ബിഷപ്പ് വില്ലിഗാസ് ലേഖനത്തില്‍ രേഖപ്പെടുത്തി.

ഫിലിപ്പിന്‍സിലെ രാഷ്ട്രീയ സ്ഥിതിയെ കുറിച്ചും, സമീപ കാലത്ത് ഫിലിപ്പിന്‍സ് ജനതയ്ക്കുണ്ടായിരിക്കുന്ന മുല്യ തകര്‍ച്ചയേയും ഓര്‍ത്ത് താന്‍ ഏറെ ദുഃഖിക്കുന്നതായും ലേഖനത്തില്‍ ആര്‍ച്ച് ബിഷപ്പ് പറയുന്നു. അടുത്ത തലമുറയിലെ കുട്ടികളും യുവാക്കളും തെറ്റായ രാഷ്ട്രീയത്തിന്റെയും മൂല്യങ്ങളുടെയും പിന്നില്‍ പോകാതിരിക്കട്ടെ എന്നു അദ്ദേഹം പ്രത്യാശിച്ചു.

അടുത്തിടെ ഭരണത്തില്‍ വന്ന സര്‍ക്കാര്‍ കുറ്റാരോപിതരായ ആളുകളെ പോലീസിനെ ഉപയോഗിച്ച് വെടിവയ്പ്പിലൂടെ കൊന്നു തള്ളുന്ന വാര്‍ത്ത അന്താരാഷ്ട്ര തലത്തില്‍ ഫിലിപ്പിന്‍സിനെ മാനം കെടുത്തിയ പശ്ചാത്തലത്തിലാണ് ആര്‍ച്ച് ബിഷപ്പ് ഇത്തരം ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.

More Archives >>

Page 1 of 88