News - 2024

ഭൂകമ്പത്തില്‍ തകര്‍ന്ന മധ്യ ഇറ്റലിയിലെ വിവിധ പ്രദേശങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തി

സ്വന്തം ലേഖകന്‍ 05-10-2016 - Wednesday

റോം: ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന മധ്യഇറ്റലിയിലെ അമാട്രിസ് നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെയാണ് പ്രദേശത്തേക്ക് മാര്‍പാപ്പ എത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസമാണ് മധ്യഇറ്റലിയില്‍ ഭൂചലനമുണ്ടായത്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് അമാട്രിസ് നഗരത്തിലാണ്. മുന്നൂറിനടുത്ത് ആളുകള്‍ ഭൂകമ്പത്തില്‍ കൊല്ലപ്പെടുകയും, ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വന്‍ ദുരന്തമാണ് ഉണ്ടായത്. നാലായിരത്തില്‍ അധികം പേര്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്തിരുന്നു.

തകര്‍ന്നു കിടക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മാര്‍പാപ്പ ഏറെ നേരം മൗനമായി പ്രാര്‍ത്ഥിച്ചു. ഒരു കണ്ടെയ്‌നറില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്‌കൂളില്‍ നിന്നുമാണ് തന്റെ സന്ദര്‍ശനം മാര്‍പാപ്പ ആരംഭിച്ചത്. നൂറു കണക്കിന് കുട്ടികള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. തങ്ങള്‍ വരച്ച ചില ചിത്രങ്ങള്‍ അവര്‍ പാപ്പയ്ക്കു നല്‍കി. ഭൂകമ്പത്തില്‍ ഭാര്യയേയും മക്കളേയും നഷ്ടപ്പെട്ട ഒരു വ്യക്തിയേയും മാര്‍പാപ്പ നേരില്‍ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

ഏറ്റവും നാശനഷ്ടമുണ്ടായ നഗരത്തിന്റെ ഭാഗത്തേക്ക് പോകണമെന്നാണ് മാര്‍പാപ്പ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അവിടേയ്ക്കുള്ള സന്ദര്‍ശനം നടത്തുവാന്‍ പാപ്പയ്ക്ക് സാധിച്ചില്ല. ഭൂകമ്പത്തില്‍ തകര്‍ന്ന പല സ്ഥലങ്ങളിലേക്കും ഇപ്പോഴും പോകാന്‍ കഴിയാത്ത തരത്തില്‍ അപകടം പതിയിരിക്കുകയാണ്.

"ഭൂകമ്പം ഉണ്ടായ ദിവസങ്ങളില്‍ ഞാന്‍ ഇവിടെയ്ക്ക് എത്താതിരുന്നത്, എന്റെ സന്ദര്‍ശനം മൂലം നിങ്ങളുടെ ജോലികള്‍ തടസപ്പെടരുതെന്ന് കരുതിയാണ്. നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകരുതെന്ന് ഞാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു". ഫ്രാന്‍സിസ് മാര്‍പാപ്പ രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിനാണ് തന്റെ സന്ദര്‍ശനം എപ്പോള്‍ നടത്തുമെന്ന് പരിശുദ്ധ പിതാവ് മുന്‍കൂട്ടി പ്രഖ്യാപിക്കാതിരുന്നത്. അക്വുമോലി, അക്വാറ്റ ഡെല്‍ ട്രോണ്‍ടോ എന്നീ സ്ഥലങ്ങളും മാര്‍പാപ്പ സന്ദര്‍ശിച്ചു.

More Archives >>

Page 1 of 88