News
മെത്രാഭിഷേക ചടങ്ങുകള്‍ക്കായി പ്രസ്റ്റണ്‍ ഒരുങ്ങി; പ്രവേശനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
സ്വന്തം ലേഖകന്‍ 04-10-2016 - Tuesday
പ്രസ്റ്റണ്‍: യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടും പ്രാര്‍ത്ഥനയോടും കാത്തിരിക്കുന്ന പ്രസ്റ്റണ്‍ രൂപതാ സ്ഥാപനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കും അഞ്ചു ദിവസങ്ങള്‍ അവശേഷിക്കേ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഞായറാഴ്ച മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുന്ന ഇംഗ്ലണ്ടിലെ പ്രമുഖ ഫുട്‌ബോള്‍ സ്റ്റേഡിയമായ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് കൃത്യം ഒന്നിനാരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് സീറോ മലബാർ സഭയുടെ തലവനായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും.
മെത്രാഭിഷേകം നടക്കുന്ന പ്രസ്റ്റൺ ഉൾക്കൊളളുന്ന ലങ്കാസ്റ്റർ രൂപതയുടെ മെത്രാൻ റൈറ്റ് റവ. ഡോ. മൈക്കിൾ ജി. കാംബെലും നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മാതൃ രൂപതയായ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും മെത്രാഭിഷേകത്തിൽ സഹകാർമ്മികരാകും.
അതേ സമയം ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹന പാര്‍ക്കിംഗ്/ സീറ്റിങ് ക്രമീകരണങ്ങള്‍ എന്നിവയെ കുറിച്ചുള്ള രൂപരേഖ പുറത്തിറക്കിയിട്ടുണ്ട്. വിശ്വാസികളുടെ വാഹനങ്ങള്‍ ബുദ്ധിമുട്ടില്ലാതെ പാര്‍ക്ക് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്റ്റേഡിയത്തിന്റെ മേല്‍നോട്ടം വഹിക്കുന്നവരും പാര്‍ക്കിംഗ് കമ്മറ്റിയും സംയുക്തമായാണ് തയാറാക്കിയിരിക്കുന്നത്.
പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ്, പാരമെഡിക്കല്‍ സര്‍വ്വീസ് മറ്റ് അത്യാവശ്യ സര്‍വ്വീസുകളും സ്റ്റേഡിയത്തില്‍ ലഭ്യമായിരിക്കും. വിശ്വാസികള്‍ക്ക് നല്കിയിരിക്കുന്ന എന്‍ട്രി പാസ്സില്‍ ഇരിക്കേണ്ട സ്ഥലത്തിന്റെ പേരും പ്രവേശന കവാടവും സീറ്റിന്റെ നിരയും നമ്പരും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രവേശന കവാടത്തിനടുത്തും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യങ്ങളും ലഘുഭക്ഷണ ശാലകളും ഉണ്ടായിരിക്കും. സുരക്ഷാ ക്രമീകരങ്ങള്‍ മൂലം കുട ഉപയോഗിക്കുന്നതിന് അനുവാദമില്ല.
പ്രാരംഭത്തില്‍ വരുന്നവര്‍ക്ക് പൊതുവായ പാര്‍ക്കിംഗ് സൌകര്യമുള്ളിടത്ത് പ്രവേശനം ലഭിക്കും. കാര്‍ പാര്‍ക്കിംഗു ഏരിയ രാവിലെ 10:30 മുതല്‍ തുറക്കും. പ്രവേശനത്തിനായുള്ള കവാടങ്ങള്‍ രാവിലെ 11:30നാണ് തുറക്കുക. അംഗവൈകല്യള്ളവരുടെ ഉപയോഗത്തിനായുള്ള ഉപകരണങ്ങള്‍ക്കും കുഞ്ഞുങ്ങളുമായി വരുന്നവര്‍ക്ക് ബേബി ട്രോളി പ്രവേശിപ്പിക്കുന്നതിനും അനുവാദമുണ്ട്. പാര്‍ക്കിംഗ് ട്രാഫിക് സംബന്ധമായ രൂപരേഖ വൈദികര്‍ക്ക് നല്‍കിയിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും. വിശുദ്ധ കുര്‍ബാന നടക്കുന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നും വൈദികര്‍ ആവശ്യപ്പെട്ടതനുസരിച്ച് എന്‍ട്രി പാസുകള്‍ അതാതു സ്ഥലങ്ങളില്‍ ഇതിനോടകം എത്തിച്ചു നല്കിയിട്ടുണ്ട്.
സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ എന്‍ട്രി പാസ്സ് ഇല്ലാതെ വരുന്ന ആരെയും സ്റ്റേഡിയത്തിലേക്ക് കടത്തിവിടില്ല എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നതിനാല്‍ പ്രവേശനത്തിന് എന്‍ട്രി പാസ്സ് നിര്‍ബന്ധമാണ്. 12 മണി മുതല്‍ ഗായകസംഘം ഗാന ശുശ്രൂഷ ആരംഭിക്കും.
സീറോ മലബാര്‍ സഭാ തലവന്‍ ആലഞ്ചേരി പിതാവുള്‍പ്പെടെയുള്ള മെത്രാന്‍മാര്‍, വൈദികര്‍, പ്രസ്റ്റൺ സിറ്റി കൗൺസിൽ മേയർ, എംപിമാർ, മറ്റ് സിറ്റി കൗൺസിൽ ഔദ്യോഗിക പ്രതിനിധികൾ തുടങ്ങിയവരും വിവിധ മത– സാമുദായിക, സഭാ വിഭാഗങ്ങളുടെ പ്രതിനിധികളും ചടങ്ങുകളിൽ പങ്കുചേരും. ശാലോം യൂറോപ്പ് ടിവി മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേക്ഷണം നടത്തുന്നുണ്ട്. ബ്രിട്ടനിലെ സിറോ മലബാർ സഭയുടെ ഈ ചരിത്ര നിമിഷങ്ങൾക്ക് സ്വർഗ്ഗീയ സ്വരമാധുരി പകരുവാൻ അൻപതിൽപരം അംഗങ്ങളുടെ ഗായക സംഘമാണ് ഗാനങ്ങളാലപിക്കുന്നത്.
പാര്‍ക്കിംഗ് ക്രമീകരണത്തിന്റെ രൂപരേഖ