Videos

മയക്കുമരുന്ന്‍ മാഫിയ സംഘത്തില്‍ നിന്ന്‍ കത്തോലിക്ക വൈദികനിലേക്ക്; ഫാ. ഡൊണാള്‍ഡ് കലോവേയുടെ ജീവിതസാക്ഷ്യം ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍ 17-10-2016 - Monday

സ്റ്റോക്ക് ബ്രിഡ്ജ്: പാപത്തിന്റെ വഴിയില്‍ നിന്ന്‍ ജീവിത നവീകരണം നടത്തി കത്തോലിക്ക വൈദികനായി തീര്‍ന്ന ഫാദര്‍ ഡൊണാള്‍ഡ് കലോവേയുടെ ജീവിതത്തെ പറ്റിയുള്ള വീഡിയോ ശ്രദ്ധേയമാകുന്നു. ദൈവത്തെ അറിയാത്ത വഴിയിലൂടെ ഏറെ ദൂരം സഞ്ചരിച്ചു പാപത്തിന് അടിമയായതിന് ശേഷം തന്നെ ദൈവം സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് തന്നെ ഒരു വൈദികനാക്കി മാറ്റിയതെന്ന് ഡൊണാള്‍ഡ് കലോവേ വീഡിയോയിലൂടെ സാക്ഷ്യപ്പെടുത്തുന്നു. യുഎസില്‍ ജനിച്ച ഡൊണാള്‍ഡ് കലോവേ പിന്നീട് ജപ്പാനിലേക്കു പോയതിനെ കുറിച്ചും, അവിടെ നടന്ന തന്റെ തെറ്റായ ജീവിത ശൈലികളെ കുറിച്ചും വീഡിയോയില്‍ വിവരിക്കുന്നുണ്ട്.

ഒരു പട്ടാള കുടുംബത്തിലെ അംഗമായിട്ടാണ് ഡൊണാള്‍ഡ് കലോവേ ജനിച്ചത്. ദക്ഷിണ കാലിഫോണിയായില്‍ നിന്നും വിര്‍ജീനിയായിലേക്ക് തന്റെ മാതാപിതാക്കളോടൊപ്പം പത്താം വയസില്‍ താമസം മാറി. ഹൈസ്‌കൂളില്‍ വച്ച് പഠനം നിര്‍ത്തിയ അദ്ദേഹം തെറ്റായ നിരവധി കൂട്ടുകെട്ടുകളിലേക്ക് ചെന്നു പതിച്ചു. ഇതിനിടെ പലവട്ടം ആത്മഹത്യ ചിന്തയും ഡൊണാള്‍ഡില്‍ കടന്നു കേറിയിരിന്നു.

ഇതിനിടെയാണ് തന്റെ പിതാവ് ജപ്പാനിലേക്ക് കുടുംബത്തെയും കൂട്ടികൊണ്ട് പോകുകയാണെന്ന വാര്‍ത്ത വന്നത്. പുതിയ സാഹചര്യങ്ങളിലേക്ക് മാറാനുള്ള പിതാവിന്റെ തീരുമാനം ഡൊണാള്‍ഡിനെ കൂടുതല്‍ ക്ഷുപിതനാക്കി. ജപ്പാനില്‍ എത്തിയ ഡൊണാള്‍ഡ് കൂടുതല്‍ മോശം കൂട്ടുകെട്ടുകളിലേക്കാണ് ചെന്നു പതിച്ചത്.

ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട ദ്വീപായ ഹോന്‍ഷൂവിലെ കാസിനോകളിലേക്ക് മയക്കുമരുന്നും കുഴല്‍ പണവും കടത്തുന്ന ജോലികളിലേക്ക് ക്രമേണ അദ്ദേഹം മാറി. അമേരിക്കന്‍ പോലീസും ജപ്പാന്‍ പോലീസും ഒരേ പോലെ നോട്ടമിട്ട ഒരു മയക്കുമരുന്ന് കടത്തുന്ന വ്യക്തിയായി ഡൊണാള്‍ഡ് കലോവേ തന്റെ ജപ്പാന്‍ ജീവിതത്തിനിടയില്‍ മാറ്റപെട്ടു. അധികം വൈകാതെ തന്നെ അദ്ദേഹത്തെ പോലീസ് കസ്റ്റടിയിലെടുത്തു.

പോലീസ് പിടിയിലായ ഡൊണാള്‍ഡ് കലോവേ ജപ്പാനില്‍ നിന്നും നാടുകടത്തപ്പെട്ടു. നാട്ടില്‍ ഒരു പുനരഥിവാസ കേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഒരാഴ്ചയ്ക്ക് ശേഷം അവിടെ നിന്നും പുറത്തിറങ്ങി. വീട്ടില്‍ എത്തിയ രാത്രി ഏകാന്തമായി ആത്മഹത്യയെ കുറിച്ചു മാത്രം ചിന്തിക്കുമ്പോഴാണ് തന്റെ അമ്മയുടെ കൈവശമുള്ള ദൈവമാതാവിന്റെ ഒരു പുസ്തകം അദ്ദേഹം വായിക്കുവാന്‍ ഇടയായത്. ആത്മഹത്യയുടെ വക്കില്‍ നിന്നും, ഒരു പുരോഹിതനാക്കി തന്നെ മാറ്റിയത് മറിയത്തിന്റെ പ്രത്യക്ഷപ്പെടലിനെ കുറിച്ച് വിവരിക്കുന്ന ഈ പുസ്തകമാണെന്ന് ഫാദര്‍ ഡൊണാള്‍ഡ് കലോവേ സാക്ഷ്യപ്പെടുത്തുന്നു.

"എന്റെ അമ്മ ഒരു കത്തോലിക്ക വിശ്വാസിയായ വ്യക്തിയാണ്. എന്നാല്‍ ഞാന്‍ അതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നില്ല. എനിക്ക് 21 വയസുണ്ടായപ്പോള്‍ മാത്രമാണ് ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോകുവാന്‍ സാധിച്ചത്. ആ പുസ്തകം വായിച്ച രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു. എന്നെ ഒരു അത്ഭുത ശക്തി വന്ന് തൊടുന്നതായി എനിക്ക് തോന്നി. പിറ്റേദിവസം രാവിലെ അമ്മയുടെ കൂടെ ദേവാലയത്തിലേക്ക് പോകുകയും വിശുദ്ധ ബലിയില്‍ പങ്കെടുക്കുകയും ചെയ്തു. ആ പള്ളിയിലെ വികാരി എനിക്ക് ക്രിസ്തുവിന്റെ ഒരു ചിത്രം തന്നു. എന്നോടുള്ള അനന്തമായ ക്രിസ്തുവിന്റെ സ്‌നേഹം ആ ചിത്രത്തില്‍ നിന്നും ഞാന്‍ കണ്ടു". ഫാദര്‍ ഡൊണാള്‍ഡ് കലോവേ വീഡിയോയില്‍ പറയുന്നു.

'കോണ്‍ഗ്രിഗേഷന്‍ ഓഫ് മരിയന്‍ ഫാദേഴ്‌സ് ഓഫ് ഇമാക്യൂലേറ്റ് കണ്‍സെപ്ഷന്‍ ഓ‌ഫ് മോസ്റ്റ് ബ്ലെസ്ഡ് വിര്‍ജിന്‍ മേരി' എന്ന സന്യാസ സഭയില്‍ ചേരുകയും പിന്നീട് വൈദികനായി തീരുകയും ചെയ്ത തന്റെ അനുഭവ കഥ ഫാദര്‍ ഡൊണാള്‍ഡ് കലോവേ വീഡിയോയിലൂടെ പൂര്‍ണ്ണമായും വിവരിക്കുന്നുണ്ട്. കടുത്ത പാപികള്‍ക്കും ക്രിസ്തുവിന്റെ രക്തം പാപ പരിഹാരമാണെന്ന് ഫാദര്‍ ഡൊണാള്‍ഡ് കലോവേ വീഡിയോയില്‍ പറയുന്നു. സ്പിരിറ്റ് ജ്യൂസ് സ്റ്റുഡിയോയും ക്‌നൈറ്റ് ഓഫ് ദ കൊളംബസും ചേര്‍ന്നാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

വീഡിയോ

More Archives >>

Page 1 of 3