News - 2024

കാരുണ്യ പ്രവര്‍ത്തി സംഭാവനകള്‍ നല്‍കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 20-10-2016 - Thursday

വത്തിക്കാന്‍: ശരിയായ കാരുണ്യ പ്രവര്‍ത്തികള്‍ സംഭാവനകള്‍ നല്‍കുന്നതിലും അപ്പുറമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്തപ്പെടുന്ന തന്റെ പൊതുപ്രസംഗത്തിലാണ് കാരുണ്യ പ്രവര്‍ത്തികളെ സംഭാവനകളില്‍ മാത്രം ഒതുക്കി നിര്‍ത്തരുതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് പറഞ്ഞത്.

സംഭാവനകള്‍ നല്‍കേണ്ടത് അത്യാവശ്യമാണെങ്കിലും ദരിദ്രരോടും, സഹായം ആവശ്യമുള്ളവരോടുമുള്ള നമ്മുടെ കടമകള്‍ അവിടെ അവസാനിക്കരുതെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. ഞായറാഴ്ച നടന്ന വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ പങ്കെടുക്കുവാനായി എത്തിയ വിശ്വാസികളായിരുന്നു പാപ്പയുടെ പ്രസംഗം കേള്‍ക്കുവാന്‍ എത്തിയവരില്‍ അധികവും.

"ദാരിദ്രം ഒരുപക്ഷേ നമ്മേ ബാധിക്കുന്നില്ലായിരിക്കാം. അത് നമ്മെ ചിന്തിപ്പിക്കുകയും, അതിനിടയാക്കുന്ന സാഹചര്യങ്ങളെ കുറ്റം പറയുവാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുക. പുരുഷനിലും സ്ത്രീയിലും കുഞ്ഞുങ്ങളിലും ദാരിദ്ര്യത്തെ കാണുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. പലര്‍ക്കും സംഭാവന നല്‍കുന്നതോടെ നമ്മുടെ കടമ അവസാനിച്ചു എന്ന ചിന്തയാണുള്ളത്. ആവശ്യക്കാരന്റെ ഭാഗത്തു നിന്നും അവന്റെ പ്രശ്‌നമെന്താണെന്ന് ചിന്തിക്കുവാനുള്ള ബോധത്തിലേക്ക് നാം വളരണം". പിതാവ് പറഞ്ഞു.

"കാരുണ്യ പ്രവര്‍ത്തികളിലെ ഏറ്റവും ആദ്യത്തെ പ്രവര്‍ത്തിയായി വിശക്കുന്നവനു ആഹാരം നല്‍കുന്നതിനെ നമുക്ക് കണക്കിലെടുക്കാം. നമ്മുടെ വാതിലില്‍ സഹായത്തിനായി മുട്ടുന്നവരോടുള്ള നമ്മുടെ പ്രതികരണം എന്താണെന്ന് നാം ചിന്തിക്കണം. അവരില്‍ നിന്നും മാറി നില്‍ക്കുകയാണോ, അതോ അവരിലേക്ക് ഇറങ്ങി ചെന്ന്, അവരുടെ പ്രശ്‌നങ്ങളെ കേട്ട് മനസിലാക്കി അവരെ സഹായിക്കുകയാണോ ചെയ്യുന്നത്. പണം നല്‍കുന്നതിനാല്‍ മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. നമ്മുടെ ശരിയായ ഇടപെടലുകള്‍ മാത്രമാണ് പ്രശ്‌നങ്ങളെ അകറ്റുന്നത്". ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു.


Related Articles »