News - 2024

ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന ആദ്യത്തെ നാണയം യുകെയില്‍ പുറത്തിറക്കി

സ്വന്തം ലേഖകന്‍ 28-10-2016 - Friday

ലണ്ടന്‍: ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന നാണയം യുകെയില്‍ പുറത്തിറക്കി. യുകെയിലെ നാണയങ്ങള്‍ പുറത്തിറക്കുന്ന സ്ഥാപനമായ റോയല്‍ മിന്‍റാണ് ചരിത്രത്തിലാദ്യമായി യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന നാണയം പുറത്തിറക്കിയത്. ആംഗ്ലിക്കന്‍ ബിഷപ്പായ ഗ്രിഗറി കാമറോണ്‍ ആണ് നാണയം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്രിസ്തുമസ് അടുത്തിരിക്കെ നാണയം ഏറെ പ്രചാരം നേടുമെന്നാണ് റോയല്‍ മിന്റ് കണക്കുകൂട്ടുന്നത്. യേശുക്രിസ്തു ജനിച്ചു കഴിഞ്ഞ ശേഷം കാലിത്തൊഴുത്തിലേക്ക് കാഴ്ച്ചകളുമായി വരുന്ന മൂന്ന് ജ്ഞാനികളെയാണ് നാണയത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

മാതാവിന്റെ മടിയില്‍ ഉണ്ണിയേശു ഇരിക്കുന്നതായും ജ്ഞാനികള്‍ അവര്‍ക്കു മുന്നില്‍ പൊന്നും, മീറയും, കുന്തിരിക്കവും കാഴ്ചകള്‍ സമര്‍പ്പിക്കുന്നതുമാണ് നാണയത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. 20 പൗണ്ടാണ് നാണയത്തിന്റെ മൂല്യം. 2016-ലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ കുറിച്ചുവയ്ക്കുവാനും, 2017-ലെ ആഗ്രഹങ്ങളെ എഴുതിയിടുവാനും കഴിയുന്ന തരത്തിലുള്ള ഒരു പ്രത്യേക കാര്‍ഡിലാണ് നാണയം ലഭിക്കുക.

മൂവായിരം നാണയങ്ങള്‍ മാത്രമാണ് റോയല്‍ മിന്റ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വെള്ളിയിലാണ് നാണയം നിര്‍മ്മിച്ചിരിക്കുന്നത്. നാണയത്തിന്റെ മറുവശത്തായി എലിസബത്ത് രാജ്ഞിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. കോയിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ബിഷപ്പ് ഗ്രിഗറി കാമറോണ്‍, നാണയ ശേഖരണം നടത്തുന്ന വ്യക്തി കൂടിയാണ്.

2500 വര്‍ഷത്തില്‍ അധികം പഴക്കമുള്ള അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തെ നാണയവും ബിഷപ്പ് ഗ്രിഗറിയുടെ കൈവശമുണ്ട്. നാണയത്തില്‍ ക്രിസ്തുവിന്റെ ജനനത്തെ ചിത്രീകരിക്കുവാന്‍ സാധിച്ചത് വലിയ ദൈവകൃപയാണെന്ന് ബിഷപ്പ് ഗ്രിഗറി പറഞ്ഞു. എക്യൂമിനിക്കല്‍ വേദികളില്‍ കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പിനെ പ്രതിനിധീകരിക്കുവാന്‍ നിരവധി തവണ അവസരം ലഭിച്ച വ്യക്തി കൂടിയാണ് ബിഷപ്പ് ഗ്രിഗറി.

More Archives >>

Page 1 of 98