News - 2024
കേരളത്തിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള ദൈവാലയങ്ങളില്‍ ഡിസംബര്‍ 18 ബൈബിള്‍ ഞായറായി ആചരിക്കും
സ്വന്തം ലേഖകന്‍ 27-10-2016 - Thursday
കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ ഡിസംബര്‍ 18 ബൈബിള്‍ ഞായറായും ഡിസംബര്‍ മാസം ബൈബിള്‍ പാരായണ മാസമായും ആഘോഷിക്കുവാന്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം, വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സംയുക്തമായി ഇറക്കിയ സര്‍ക്കുലറിലാണ് നിര്‍ദേശം.
ഡിസംബറില്‍ എല്ലാ ദേവാലയങ്ങളിലും വീടുകളിലും ബൈബിള്‍ അലങ്കരിച്ചു പ്രതിഷ്ഠിക്കണം. ഇടവകകളില്‍ സമ്പൂര്‍ണ ബൈബിള്‍ പാരായണം സംഘടിപ്പിക്കണം. കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരു സുവിശേഷം എങ്കിലും ഈ മാസം മുഴുവന്‍ വായിച്ചു കേള്‍ക്കണം. പഴയ ബൈബിള്‍ ശേഖരിക്കാനും നിര്‍ധനര്‍ക്ക് സൗജന്യമായി എത്തിക്കാനും ബൈബിള്‍ സൊസൈറ്റി നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണം. ബൈബിള്‍ സൊസൈറ്റിയില്‍ അംഗത്വമെടുത്ത് കേരള സഭയുടെ വചന പ്രേഷിത ദൌത്യത്തില്‍ പങ്കാളികളാകാനും ഏവരും താത്പര്യമെടുക്കണം.
കുടുംബ പ്രാര്‍ത്ഥനയുടെ അവസാനം ബൈബിള്‍ ഭാഗം വായിക്കുക, രാവിലെ ഒരു വചനം ഹൃദിസ്ഥമാക്കുക, ആ വചനം ദിവസം മുഴുവന്‍ ഉരുവിടുക എന്നിവ ഇന്ന് സാധാരണമായിരിക്കുന്നു. യാത്രയില്‍ ഓഡിയോ ബൈബിള്‍ ശ്രവിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കേരള ക്രൈസ്തവ കുടുംബങ്ങളില്‍ വചനപാരായണ സംസ്‌കാരം വളര്‍ന്ന് വരുന്നുയെന്നത് അഭിമാനര്‍ഹമാണെന്നും സര്‍ക്കുലരില്‍ പറയുന്നു.