News - 2024
ബ്രിട്ടനിൽ ഭവനരഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്
സ്വന്തം ലേഖകന്‍ 08-11-2016 - Tuesday
ലണ്ടൻ: ബ്രിട്ടനിൽ ഭവനരഹിതരായി മാറുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. കാരിത്താസ് സോഷ്യല്‍ ആക്ഷന്‍ നെറ്റ്‌വര്‍ക്കിന്റെ വാര്‍ഷിക യോഗത്തിലാണ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് തന്റെ ആശങ്ക പങ്കുവച്ചത്. കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള കാരിത്താസിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.
2010-ല്‍ ഇംഗ്ലണ്ടില്‍ തെരുവില്‍ കിടന്ന് ഉറങ്ങിയിരുന്ന ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയാണ്, ഇപ്പോള്‍ തെരുവകളില്‍ ഉറങ്ങുതെന്നാണ് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരക്കാരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനയാണ് ഉണ്ടായത്. തെരുവോരങ്ങളില്‍ കിടന്ന് ഉറങ്ങേണ്ട അവസ്ഥ ഒഴിവാക്കാനായി രാത്രിയിലെ മുഴുനീളന്‍ പാര്‍ട്ടികളില്‍ യുവാക്കളായ പലരും പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
"സാമ്പത്തികമായ പ്രശ്‌നങ്ങളും, കുടുംബ പ്രശ്‌നങ്ങളും തെരുവുകളിലേക്ക് ആളുകള്‍ ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്. വിവാഹ മോചനം നേടിയവരും, കുടുംബങ്ങളില്‍ പ്രശ്‌നമുള്ളവരും വീടുകള്‍ വിട്ടിറങ്ങുന്ന സ്ഥിതി നിലനില്‍ക്കുന്നു. പലപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങള്‍ പലരേയും തെരുവുകളിലേക്ക് ഇറക്കുന്നു. മദ്യപാനവും, മറ്റു ദുശീലങ്ങളും പലരേയും തെരുവിലെത്തിക്കുന്നു. തടവില്‍ ദീര്‍ഘവര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങുന്ന പലര്‍ക്കും വീടുകള്‍ ഇല്ല. ഇതിനാല്‍ അവരും തെരുവിലാണ് അഭയം പ്രാപിക്കുന്നത്". കര്‍ദിനാള്‍ യോഗത്തില്‍ പറഞ്ഞു.
സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കു വേണ്ടി കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രവര്‍ത്തങ്ങളെ കര്‍ദിനാള്‍ യോഗത്തില്‍ സ്മരിച്ചു. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാനുള്ള സഭയുടെ സന്നദ്ധതയും അദ്ദേഹം യോഗത്തില്‍ അറിയിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ രൂപതയിലെ സന്നദ്ധപ്രവര്‍ത്തകരുടെ തീക്ഷ്ണത അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
തടവറയില്‍ കഴിയുന്ന ആളുകളെ പ്രത്യേക പദ്ധതികളിലൂടെ കരുതണമെന്ന് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് യോഗത്തോട് പ്രത്യേകം അഭ്യര്‍ത്ഥിച്ചു. അവരെ സമൂഹത്തിന്റെ ഭാഗമായി കണ്ടു കൊണ്ടുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കര്‍ദിനാള്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.