News - 2024
225 വര്‍ഷങ്ങള്‍ക്കു ശേഷം പോളണ്ടിലെ ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയായി: കൂദാശകര്‍മ്മത്തില്‍ പങ്കെടുത്തത് നൂറുകണക്കിനു വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 12-11-2016 - Saturday
വാര്‍സോ: പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ 225 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച ദേവാലയത്തിന്റെ കൂദാശ കഴിഞ്ഞ ദിവസം നടന്നു. സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികള്‍ തുടര്‍ച്ചയായി ഉണ്ടായതിനെ തുടര്‍ന്നാണ് ദേവാലയത്തിന്റെ നിര്‍മ്മാണം ഇത്രയും വര്‍ഷം നീണ്ടു പോയത്. 1792-ല്‍ ആണ് 'ടെമ്പിള്‍ ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ്' എന്ന ദേവാലയത്തിന്റെ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്.
കത്തോലിക്ക വിശ്വാസികള്‍ ഭൂരിഭാഗവും വസിക്കുന്ന പോളണ്ടിന്റെ തലസ്ഥാനമായ വാര്‍സോയില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ കൂദാശകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ എത്തിയിരിന്നു. ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗാഡക്കിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൂദാശ കര്‍മ്മം നടന്നത്. പ്രസിഡന്റ് അന്ദ്രസേച് ഡുഡ, പ്രധാനമന്ത്രി ബിയാറ്റ സിഡ്‌ലോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു.
ഒന്നാം ലോകമഹായുദ്ധ കാലത്ത് നിര്‍ത്തിവയ്‌ക്കേണ്ടി വന്ന ദേവാലയ നിര്‍മ്മാണം അതിനു ശേഷം ആരംഭിച്ചു. എന്നാല്‍, ഈ സമയം ഹിറ്റ്ലറുടെ കടന്നുവരവ് നിര്‍മ്മാണ പ്രവര്‍ത്തികളെ വീണ്ടും പ്രതികൂലമായി ബാധിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിര്‍മ്മാണം വീണ്ടും പുനരാരംഭിച്ചുവെങ്കിലും ഇത്തവണ നിര്‍മ്മാണ പ്രവര്‍ത്തികളെ തടസപ്പെടുത്തിയത് കമ്യൂണിസ്റ്റ് ഭരണകൂടമാണ്. ജര്‍മ്മനിയിലെ ബര്‍ലിന്‍ മതില്‍ പൊളിച്ചതോടു കൂടി വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. തുടര്‍ച്ചയായി ഉണ്ടായ ഇത്തരം സംഭവവികാസങ്ങള്‍ മൂലം നിര്‍മ്മാണം നീണ്ടു പോകുകയായിരിന്നു.
കൂദാശ ചെയ്ത ദേവാലയത്തിന്റെ നിര്‍മ്മാണം 2003-ല്‍ ആണ് വീണ്ടും പുനരാരംഭിച്ചത്. സംഭാവനയായി ലഭിച്ച അമ്പത് മില്യണ്‍ യൂറോ മുടക്കിയാണ് ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അവസാനവട്ട മിനുക്ക് പണികള്‍ കൂടി കഴിയുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ദേവാലയങ്ങളിലൊന്നായി 'ഡിവൈന്‍ പ്രോവിഡന്‍സ്' മാറും. തലമുറകളുടെ കാത്തിരിപ്പിന് ശേഷം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദേവാലയത്തിലേക്ക് ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ കടന്നുവരുന്നത്.