News - 2024

വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാന്‍ വന്ന ക്രൈസ്തവരെ ലക്ഷ്യംവച്ച് പദ്ധതിയിട്ട ചാവേര്‍ ബോംബ് സ്‌ഫോടനം പോലീസ് തകര്‍ത്തു

സ്വന്തം ലേഖകന്‍ 19-11-2016 - Saturday

അബൂജ: ക്രൈസ്തവരെ ലക്ഷ്യംവച്ച് നടത്തുവാന്‍ ആസൂത്രണം ചെയ്ത ബോംബ് സ്‌ഫോടനം പോലീസ് ഇടപെടല്‍ മൂലം തടയപ്പെട്ടു. നൈജീരിയായിലെ മെയ്ഡുഗുരിയിലാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കത്തോലിക്ക ദേവാലയത്തിലേക്ക് എത്തിയ വിശ്വാസികളെ ലക്ഷ്യംവച്ചാണ് ചാവേര്‍ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്യപ്പെട്ടത്. എന്നാല്‍ പോലീസിന്റെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി.

വടക്കുകിഴക്കന്‍ നൈജീരിയായിലെ മെയ്ഡുഗുരി എന്ന സ്ഥലം ബോക്കോ ഹറാം തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്. നഗരത്തിലെ ബിഷപ്പ് ഹൗസിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന സെന്റ് ഹിലാരീസ് ദേവാലയത്തിലേക്ക് വിശുദ്ധ ബലിക്കായി എത്തിയവരെയാണ് ചാവേറുകള്‍ ലക്ഷ്യംവച്ചിരുന്നത്.

ചെക്‌പോസ്റ്റിലൂടെ ദേവാലയത്തിലേക്ക് കടക്കുവാന്‍ ശ്രമിച്ച മൂന്ന് ചാവേറുകളെയാണ് പോലീസ് തടഞ്ഞത്. പോലീസ് തങ്ങളെ പിടികൂടുമെന്ന് മനസിലാക്കിയ വനിത ചാവേര്‍ സ്വയം പൊട്ടിതെറിച്ചു. ഈ സ്‌ഫോടനത്തില്‍ കൂടെയുണ്ടായിരുന്ന ഒരു ചാവേര്‍ കൂടി കൊല്ലപ്പെട്ടു.

നൈജീരിയയിലെ ദേശീയ ദിനപത്രത്തിന് നല്‍കിയ വിവരണത്തില്‍ ഒരു വൈദികര്‍ സ്‌ഫോടനത്തെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്. "എല്ലാ കെട്ടിടങ്ങളേയും നടുക്കുന്ന വലിയ സ്‌ഫോടന ശബ്ദമാണ് ഞങ്ങള്‍ കേട്ടത്. ഞങ്ങളെ എല്ലാവരേയും ബോക്കോ ഹറാം തീവ്രവാദികള്‍ ബോംബിട്ട് നശിപ്പിക്കുകന്നുവെന്നനാണ് ആദ്യം ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീട്, നിമിഷങ്ങള്‍ക്ക് ശേഷമാണ് അകലെയുള്ള ചെക്‌പോസ്റ്റിലാണ് സ്‌ഫോടനം നടന്നതെന്ന് മനസിലായത്".

നൈജീരിയയില്‍ ഐഎസ് ആഭിമുഖ്യമുള്ള ബോക്കോ ഹറാം തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ശക്തമായ ആക്രമണമാണ് നടത്താറുള്ളത്. മുമ്പുണ്ടായിരുന്നതിലും ശക്തി ക്ഷയിച്ച നിലയിലാണ് ബോക്കോ ഹറാം എന്നത് ആശ്വാസത്തിന് വകനല്‍കുന്നുണ്ട്.


Related Articles »