News - 2024
ക്രിസ്തുവിന്റെ ഹൃദയവാതില്‍ നമ്മുക്കായി എപ്പോഴും തുറന്ന്‍ കിടക്കുകയാണെന്ന് ഫ്രാന്‍സിസ് പാപ്പ: കരുണയുടെ ജൂബിലി വര്‍ഷത്തിന് ഔദ്യോഗിക സമാപനം
സ്വന്തം ലേഖകന്‍ 21-11-2016 - Monday
വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തിന് സഭയില്‍ ഔദ്യോഗിക സമാപനം കുറിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ കരുണയുടെ വാതില്‍ അടച്ചു. ക്രിസ്തുരാജത്വ തിരുനാള്‍ ദിനമായ ഇന്നലെയാണ് കരുണയുടെ ജൂബിലി വര്‍ഷത്തിന് സമാപനമായത്.
സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് എത്തിയ പാപ്പ ആദ്യം കരുണയുടെ വാതില്‍ അടയ്ക്കുകയും, പിന്നീട് വിശുദ്ധ ബലി അര്‍പ്പിക്കുകയും ചെയ്യുകയായിരിന്നു. ഇതോടെ കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തിന് ഔദ്യോഗിക സമാപനമായി.
ചടങ്ങില്‍ സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ, സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മുംബൈ ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, റാഞ്ചി ആർച്ച്ബിഷപ് കർദിനാൾ ടെലസ്ഫോർ ടോപോ, ഗുഡ്ഗാവ് ബിഷപ് മാർ ജേക്കബ് ബർണബാസ്, യൂറോപ്പിലെ സീറോമലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് തുടങ്ങിയവർ പങ്കെടുത്തു.
2015 ഡിസംബര്‍ എട്ടിനു പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ദിനത്തിലാണ് കരുണയുടെ ജൂബിലി വര്‍ഷാചരണത്തിന് തുടക്കമായത്.
"കരുണയുടെ ഈ വാതില്‍ അടയുകയാണെങ്കിലും, മഹാകാരുണ്യം നിറഞ്ഞിരിക്കുന്ന ക്രിസ്തുവിന്റെ ഹൃദയവാതില്‍ എല്ലായ്‌പ്പോഴും, എല്ലാവര്‍ക്കുമായി തുറന്നു തന്നെ കിടക്കുകയാണ്. ക്രിസ്തുവിന്റെ രാജത്വം എന്നത് ഈ ലോകത്തിലെ അധികാരങ്ങളോടും, ശക്തികളോടും താരതമ്യം ചെയ്യുവാന്‍ സാധിക്കുന്ന ഒന്നല്ല. മറിച്ച് എല്ലാറ്റിനേയും സ്‌നേഹിക്കുന്ന, സൗഖ്യമാക്കുന്ന ദൈവത്തിന്റെ കാരുണ്യമാണത്. ക്രിസ്തു നമ്മേ മറ്റെല്ലാത്തിലും അധികമായി സ്‌നേഹിക്കുന്നു. ഈ സ്‌നേഹമാണ് മനുഷ്യാവതാരം ധരിക്കുവാനും പീഡനങ്ങള്‍ സഹിക്കുവാനും, വിചാരണ നേരിടുവാനും, അനീതിക്ക് പാത്രമാകുവാനും, മരണം ഏറ്റുവാങ്ങാനും അവിടുത്തെ സന്നദ്ധനാക്കിയത്". പാപ്പ പറഞ്ഞു.
നമ്മേ ഒരുനാളും ഉപേക്ഷിക്കുകയോ, കൈവിടുകയോ ചെയ്യാത്ത ക്രിസ്തുവിലുള്ള വിശ്വാസമാണ്, എല്ലാത്തിലും പ്രതീക്ഷ നല്‍കി മുന്നേറുവാന്‍ നമ്മേ സഹായിക്കുന്നതെന്ന്‍ പാപ്പ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ ബലിക്ക് ശേഷം 'മിസികോര്‍ഡിയ എറ്റ് മിസേറ' എന്ന തന്റെ പുതിയ അപ്പോസ്‌ത്തോലിക പ്രബോധനത്തില്‍ മാര്‍പാപ്പ ഒപ്പിട്ടു. പ്രബോധനത്തിന്റെ കോപ്പികള്‍ സഭയിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ക്കായി പാപ്പ നല്‍കി.
കര്‍ദിനാളുമാര്‍, കോംഗോ- ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു വൈദികര്‍, ഡീക്കന്‍, മെക്‌സിക്കോ-ദക്ഷിണകൊറിയ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു കന്യാസ്ത്രീകള്‍, അമേരിക്കയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നു തലമുറയിലെ അംഗങ്ങള്‍, വിവാഹ നിശ്ചയം കഴിഞ്ഞ രണ്ട് പേര്‍, മതാധ്യാപകരായ രണ്ടു അമ്മമാര്‍, വൈകല്യം ബാധിച്ച ഒരാള്‍, രോഗിയായ ഒരാള്‍ എന്നിവര്‍ക്കാണ് തന്റെ അപ്പോസ്‌ത്തോലിക പ്രബോധനത്തിന്റെ കോപ്പികള്‍ പാപ്പ നേരിട്ട് വിതരണം നടത്തിയത്.