News - 2024

സന്തുഷ്ട ജീവിതം നയിക്കുന്ന അമ്മമാരില്‍ അധികവും ദൈവ വിശ്വാസികളെന്ന് പഠനം

സ്വന്തം ലേഖകന്‍ 22-11-2016 - Tuesday

ലണ്ടന്‍: സന്തുഷ്ടമായ ജീവിതം നയിക്കുന്നവരില്‍ അധികവും മത വിശ്വാസികളായ അമ്മമാരാണെന്ന് പുതിയ പഠനം. മാര്യേജ് ഫൗണ്ടേഷന്‍ എന്ന സംഘടന നടത്തിയ പഠനത്തിലാണ് ദാമ്പത്യ ജീവിതം നയിക്കുന്ന ദൈവവിശ്വാസമുള്ള സ്ത്രീകള്‍, അവിശ്വാസികളായവരെ അപേക്ഷിച്ചു സന്തോഷത്തോടെ ജീവിക്കുന്നതെന്ന് തെളിഞ്ഞിരിക്കുന്നത്. കണക്കുകള്‍ പ്രകാരം സന്തുഷ്ട ജീവിതം നയിക്കുന്ന 45 ശതമാനം സ്ത്രീകളും ദൈവ വിശ്വാസികളാണ്.

മില്ലേനിയം കോര്‍ട്ട് സ്റ്റഡിയുടെ ഭാഗമായി 15,000 അമ്മമാരിലാണ് മതവിശ്വാസത്തെയും സന്തുഷ്ട്ട ജീവിതത്തെയും ബന്ധപ്പെടുത്തി പഠനം നടത്തിയത്. ക്രൈസ്തവ വിശ്വാസികളായ അമ്മമാരാണ് ഏറെ സന്തോഷവതികളെന്നു പറയുന്ന പഠനം, ദീര്‍ഘനാള്‍ സന്തോഷത്തോടു കൂടി ജീവിക്കുന്നതില്‍ ക്രൈസ്തവ വിശ്വാസികളേക്കാളും മുന്നില്‍ നില്‍ക്കുന്നത് മുസ്ലീം മതവിശ്വാസികളായ അമ്മമാരാണെന്നും പറയുന്നുണ്ട്. ഒരു വ്യക്തി, സമൂഹത്തേയും ജീവിതത്തേയും നോക്കി കാണുന്നതില്‍ മതത്തിന് വലിയ പങ്കുണ്ടെന്ന് മാര്യേജ് ഫൗണ്ടേഷന്‍ ഗവേഷണ വിഭാഗം തലവന്‍ ഹാരി ബെന്‍സണ്‍ അഭിപ്രായപ്പെടുന്നു.

"ഒരു ബന്ധത്തിന്റെ ശക്തിയെന്നത്, അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ പരസ്പര ആശയവിനിമയത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. പരസ്പരമുള്ള വിട്ടുവീഴ്ച്ചയും യോജിച്ചുള്ള പ്രവര്‍ത്തനവുമാണ് ബന്ധങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനം. മുസ്ലീം കുടുംബങ്ങള്‍ പരസ്പരമുള്ള സഹായത്തിലും, കൂട്ടായ്മയിലും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരാള്‍ തനിയെ കാര്യങ്ങള്‍ ചെയ്യുന്നത്, അവരുടെ ഇടയില്‍ വളരെ വിരളമാണ്. ഈ ഐക്യമാണ് അവരെ കൂടുതല്‍ സന്തോഷത്തോടെ ജീവിക്കുവാന്‍ സഹായിക്കുന്നതെന്നാണ് മനസിലാക്കുന്നത്". ഹാരി ബെന്‍സണ്‍ പറഞ്ഞു.

മാര്യേജ് ഫൗണ്ടേഷന്റെ സ്ഥാപകനായ സര്‍ പോള്‍ കൊളിറിഡ്ജിന്റെ അഭിപ്രായത്തില്‍, വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹത്തോടാണ് ബഹുഭൂരിപക്ഷം മുസ്ലീം സ്ത്രീകള്‍ക്കും താല്‍പര്യം. മുന്‍കൂട്ടി നിശ്ചയിച്ച തെറ്റായ ചില സങ്കല്‍പ്പങ്ങളോടെയല്ല അവര്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതെന്നതും, ഇത് സന്തോഷപൂര്‍വ്വം കുടുംബ ജീവിതം മുന്നോട്ട് നയിക്കുവാന്‍ അവരെ കൂടുതല്‍ സഹായിക്കുന്നുണ്ടെന്നും സര്‍ പോള്‍ കൊളറിഡ്ജി പറയുന്നു. ദീര്‍ഘനാള്‍ സന്തോഷത്തോടെയുള്ള ജീവിതം നയിക്കുന്നതിന് വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹമാണ് നല്ലതെന്നും പഠനം പറയുന്നു.


Related Articles »