News
ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം വര്‍ദ്ധിക്കുന്നതായി വീണ്ടും റിപ്പോര്‍ട്ട്: സംഭവത്തില്‍ ലോകരാജ്യങ്ങള്‍ ഇടപെടണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖകന്‍ 25-11-2016 - Friday
ലണ്ടന്‍: ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടന തയാറാക്കിയ റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ട് യുകെയിലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും കൃത്യ വിവരങ്ങള്‍ ചൂണ്ടികാണിക്കുന്ന റിപ്പോര്‍ട്ടില്‍ 2014 ജൂണ്‍ മുതല്‍ 2016 ജൂണ്‍ വരെയുള്ള കണക്കുകളാണ് ചൂണ്ടികാണിച്ചിരിക്കുന്നത്. അതേ സമയം വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന മതപീഡനങ്ങള്‍ക്കു എതിരെ ലോകരാജ്യങ്ങള്‍ ഒറ്റകെട്ടായി നിന്ന്‍ പ്രതികരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സമാധാനം ഉറപ്പാക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ അന്ത്യോക്യന്‍ പാത്രീയാര്‍ക്കീസ് അപ്രേം കരീം ബാവ ആവശ്യപ്പെട്ടു. 'പ്രീമിയര്‍' എന്ന ഓണ്‍ലൈന്‍ മാധ്യമത്തോടാണ് പാത്രീയാര്‍ക്കീസ് ബാവ തന്റെ പ്രതികരണം വ്യക്തമാക്കിയത്. "സിറിയയിലും ഇറാഖിലും ക്രൈസ്തവരും, മറ്റു മതവിശ്വാസികളും കടുത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. അവിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ശ്രമിക്കണം. ഇത്തരം പ്രശ്‌നങ്ങളില്‍ അന്താരാഷ്ട്ര സമൂഹം ഫലപ്രദമായ ഇടപെടലുകള്‍ നടത്താതെയിരിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്".
"തീവ്രവാദികളുടെ കൈകളിലേക്ക് ആയുധവും, പണവും എത്തിക്കുന്ന ഇടനിലക്കാരായ മറ്റു രാഷ്ട്രങ്ങളെ തടയുവാന്‍ ബ്രിട്ടന്റെ ഇടപെടല്‍ മൂലം സാധിക്കണം. മറ്റുള്ളവര്‍ രാജ്യത്തിന്റെ കാര്യങ്ങളില്‍ ഇടപെടാത്ത അവസ്ഥയുണ്ടാകുമ്പോള്‍ സിറിയക്കാര്‍ ശാന്തമായിരുന്നു സമാധാനത്തെ കുറിച്ച് ചിന്തിക്കും". അപ്രേം കരീം പാത്രീയാര്‍ക്കീസ് ബാവ പറഞ്ഞു.
സൗദി അറേബ്യയുമായി ഇടപാടുകള്‍ നടത്തുന്ന പണം തീവ്രവാദത്തിനായി വിനിയോഗിക്കപ്പെടുകയാണെന്ന്‍ രാഷ്ട്രീയ നിരീക്ഷകന്‍ ലോഡ് ആള്‍ട്ടന്റെ വിഷയത്തില്‍ പ്രതികരിച്ചത്. "ബ്രിട്ടണ്‍ തന്നെ 2.5 ബില്യണ്‍ പൗണ്ടിന്റെ ആയുധങ്ങളാണ് സൗദി അറേബ്യയ്ക്ക് നല്‍കിയത്. ഇത്തരം പ്രവര്‍ത്തികളിലൂടെ നമ്മുടെ സാങ്കേതിക വിദ്യ നാം അവര്‍ക്ക് നല്‍കികൊണ്ട്, നമ്മേ തന്നെ ആക്രമിക്കുവാന്‍ അവസരമൊരുക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദം വ്യാപിപ്പിക്കുവാന്‍ സൗദി അറേബ്യയിലെ ചില ശക്തികളാണ് സഹായിക്കുന്നത്. ക്രൈസ്തവരെ ഉള്‍പ്പെടെ അവര്‍ ആക്രമിക്കുകയും ചെയ്യുന്നു".
"സുഡാനില്‍ നിന്നുള്ള ഒരു ബിഷപ്പ് ഒരിക്കല്‍ പറഞ്ഞ കാര്യം ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. ഷാരിയ നിയമം ദക്ഷിണ സുഡാനില്‍ അടിച്ചേല്‍പ്പിക്കുന്നതിനായി തീവ്രവാദികള്‍ കൊന്നൊടുക്കിയത് രണ്ടു മില്യണ്‍ മനുഷ്യരെയാണ്. ഇവര്‍ക്ക് സഹായം ലഭിക്കുന്നത് എവിടെ നിന്നുമാണ്?. നാം എല്ലാവരും ഒരു കാര്യം മനസിലാക്കണം. സൗദിയില്‍ നിന്നും ഒരു ബാരല്‍ എണ്ണ വാങ്ങുമ്പോള്‍ നാം നല്‍കുന്ന പണത്തിന്റെ നേര്‍പകുതി രക്തത്തിന്റെ വിലയാണ്. നിരപരാധികളെ കൊന്നൊടുക്കുവാന്‍ തീവ്രവാദികള്‍ക്കു വേണ്ടിയാണ് ഈ പണം ചെലവഴിക്കുന്നത്". ലോഡ് ആള്‍ട്ടന്‍ പ്രീമിയറിനോട് പറഞ്ഞു.
യുകെയില്‍ നിന്നും വില്‍പ്പന നടത്തുന്ന ആയുധം തീവ്രവാദ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ ഗൗരവമായി തന്നെയാണ് സര്‍ക്കാര്‍ കണക്കിലെടുത്തിരിക്കുന്നതെന്ന് വിദേശകാര്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് യുകെ മറ്റു രാജ്യങ്ങള്‍ക്ക് ആയുധം കൈമാറ്റം ചെയ്യുന്നതെന്നു പറഞ്ഞ അദ്ദേഹം, ഇതില്‍ പാളിച്ചകളുണ്ടെങ്കില്‍ പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പറഞ്ഞു.
'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 11 മുതല്‍ 23 വരെ രാഷ്ട്രങ്ങളില്‍ ശക്തമായ മതപീഡനമാണ് നടക്കുന്നത്. ഇതില്‍ തന്നെ ഏഴു രാഷ്ട്രങ്ങളില്‍ മതവിശ്വാസത്തിന്റെ പേരില്‍ ഭരണകൂടവും, മുറ്റു ശക്തികളും കൊടിയ അക്രമവും, പീഡനവുമാണ് അഴിച്ചുവിടുന്നത്. ഭീകരമായ രീതിയില്‍ മതപീഡനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതവും ഉള്‍പ്പെട്ടിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍, ബര്‍മ, ബംഗ്ലാദേശ്, ചൈന, എറിത്രിയ, ഇറാഖ്, സിറിയ, കെനിയ, ലിബിയ, നൈജര്‍, നൈജീരിയ, പാലസ്തീന്‍, പാക്കിസ്ഥാന്‍, സൗദി അറേബ്യ, യെമന്‍, ഉസ്ബക്കിസ്ഥാന്‍, ടന്‍സാനിയ, സുഡാന്‍, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഗുരുതര പ്രതിസന്ധികളാണ് മതസ്വാതന്ത്ര്യം നേരിടുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.