News - 2024

ഫ്രാന്‍സില്‍ മിഷ്‌ണറിമാര്‍ താമസിക്കുന്ന കേന്ദ്രത്തിലെ അന്തേവാസിയെ അക്രമി കുത്തി കൊലപ്പെടുത്തി: രാജ്യം വീണ്ടും തീവ്രവാദ ഭീഷണിയുടെ നിഴലില്‍

സ്വന്തം ലേഖകന്‍ 25-11-2016 - Friday

പാരീസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ മോണ്ട്ഫെറിയറില്‍ മിഷ്‌ണറിമാരും കന്യാസ്ത്രീകളും താമസിക്കുന്ന വൃദ്ധസദനത്തിലെ അന്തേവാസിയായ സ്ത്രീയെ അക്രമി കുത്തി കൊലപ്പെടുത്തി. അക്രമിയ്ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. അതേ സമയം സംഭവം ഭീകരാക്രമണമാണോ എന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈ മാസത്തില്‍ വടക്കന്‍ ഫ്രാൻസിലെ ദൈവാലയത്തിൽ വൈദികനെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്‍പാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

മോണ്ട്‌പെലീറില്‍ നിന്നും 10 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന മോണ്ട്ഫെറിയറില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സേവനം ചെയ്തു വിരമിച്ച അറുപതോളം മിഷ്‌ണറിമാരാണ് താമസിക്കുന്നത്. ഇവരേ ശുശ്രൂഷിക്കുന്നതിനായി ഏതാനും കന്യാസ്ത്രീകളും ഇവിടെ താമസിക്കുന്നുണ്ട്. ആയുധധാരിയായ ഒരാളാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ശരീരത്തില്‍ മുഴുവനും കുത്തേറ്റ നിലയിലാണ് സ്ത്രീയുടെ മൃതശരീരം കാണപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ താമസിച്ചിരുന്ന മുഴുവന്‍ അന്തേവാസികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഫ്രഞ്ച് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ സെക്രട്ടറിയായ ഒലീവിയര്‍ റിബാഡിയസ് ഡുവാസ് സംഭവത്തെ അപലപിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം ബിഷപ്പ് കോണ്‍ഫറന്‍സിനു വേണ്ടി അദ്ദേഹം അറിയിച്ചു.

കുറച്ചു നാളുകളായി ഫ്രാന്‍സ് തീവ്രവാദികളുടെ സ്ഥിരം ആക്രമണ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഒരാഴ്ച മുമ്പ് തീവ്രവാദിയാക്രമണം പദ്ധതിയിട്ടിരുന്ന ഒരാളെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ ഒന്നാം തീയതി ഫ്രാന്‍സിലെ ചില തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുവാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്.


Related Articles »