News - 2024
മറിയത്തെ പോലെ ദൈവഹിതത്തിന് പൂര്‍ണ്ണമായി കീഴ് വഴങ്ങുക: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 09-12-2016 - Friday
വത്തിക്കാന്‍: ഭൂമിയില്‍ മനുഷ്യര്‍ക്കായി രക്ഷയുടെ വഴികള്‍ തുറക്കപ്പെട്ടത് നസ്രത്തിലെ മറിയം ദൈവഹിതത്തിനു സമ്പൂര്‍ണ്ണ സമ്മതം നല്‍കിയത് കൊണ്ടാണെന്നും മറിയത്തെ പോലെ ദൈവേഷ്ട്ടത്തിന് കീഴ് വഴങ്ങുവാന്‍ നാം പരിശ്രമിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. അമലോത്ഭവ തിരുനാളില്‍ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി സംസാരിക്കുകയായിരിന്നു പാപ്പ. ഏതു മനുഷ്യവ്യക്തിയെയും പോലെ ആദ്യമാസങ്ങള്‍ അമ്മയുടെ ഉദരത്തില്‍ ചെലവഴിച്ചുകൊണ്ടാണ് ക്രിസ്തു ഭൗമികജീവിതം ജീവിതം ആരംഭിച്ചതെന്നും പാപ്പ പറഞ്ഞു.
"രക്ഷകന്‍റെ അമ്മയാകാന്‍ മറിയത്തെ തിരഞ്ഞെടുത്തതിന് കാരണം, അവള്‍ കൃപനിറഞ്ഞവളായിരുന്നു. അവള്‍ പാപരഹിതയും അമലോത്ഭവയുമായിരുന്നു. കൃപ നിറഞ്ഞവളാകയാല്‍ അവളുടെ ജീവിതത്തില്‍ പാപത്തിന് സ്ഥാനമില്ലായിരുന്നു. പാപക്കറ ഇല്ലാത്തവളും, തിന്മയുടെ നിഴല്‍ പതിക്കാത്തവളുമായിരുന്നു മറിയം. സര്‍വ്വോപരി ദൈവഹിതത്തിന് നസ്രത്തിലെ മറിയം സമ്പൂര്‍ണ്ണമായി കീഴ്പ്പെട്ടുവെന്നതാണ് ഈ സവിശേഷ തിരഞ്ഞെടുപ്പിനുള്ള അവളുടെ യോഗ്യത". പാപ്പ പറഞ്ഞു.
ക്രിസ്തുവിന്‍റെ ഭൗമികയാത്ര തുടങ്ങിയത് മറിയത്തിലാണ്. ഏതു മനുഷ്യവ്യക്തിയെയും പോലെ ആദ്യമാസങ്ങള്‍ അമ്മയുടെ ഉദരത്തില്‍ ചെലവഴിച്ചുകൊണ്ടാണ് ക്രിസ്തു ഭൗമികജീവിതം ആരംഭിച്ചതെന്ന്‍ പാപ്പ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി.
"ദൈവം മനുഷ്യനെ തേടിയിറങ്ങിയതാണ് മനുഷ്യാവതാരം. ദൈവപുത്രനായ ക്രിസ്തുവിന്‍റെ ഭൂമിയിലെ രക്ഷാകരയാത്ര ആരംഭിക്കുന്നത് മറിയത്തിനു ലഭിച്ച ‘മംഗലവാര്‍ത്ത’യോടെയാണ്. ഭൂമിയില്‍ മനുഷ്യര്‍ക്കായി രക്ഷയുടെ വഴികള്‍ തുറക്കപ്പെട്ടത് നസ്രത്തിലെ കന്യക ദൈവഹിതത്തിനു സമ്പൂര്‍ണ്ണ സമ്മതം നല്കിയപ്പോഴാണ്. ക്രിസ്തുവിന്‍റെ ഭൗമികയാത്ര തുടങ്ങിയത് മറിയത്തിലാണ്. ഏതു മനുഷ്യവ്യക്തിയെയും പോലെ ആദ്യമാസങ്ങള്‍ അമ്മയുടെ ഉദരത്തില്‍ ചെലവഴിച്ചുകൊണ്ടാണ് ക്രിസ്തു ഭൗമികജീവിതം ആരംഭിച്ചത്".
"നാം ഇന്നും ദൈവഹിതം മനസ്സിലാകാത്തപോലെയും, അറിഞ്ഞിട്ടും അറിയാത്തപോലെയും ജീവിക്കുന്നു. അവിടുത്തെ ഇഷ്ട്ടത്തെ തള്ളിക്കളയുന്നു. രക്ഷയുടെയും മാനസാന്തരത്തിന്‍റെയും, നവജീവന്‍റെയും വാതിലുകള്‍ നാം തന്നെ കൊട്ടിയടയ്ക്കുകയും തള്ളിക്കളയുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ദൈവത്തിനായി ഹൃദയം തുറക്കുന്നവര്‍, അവിടുത്തെ കൃപകളാല്‍ നിറയുന്നു. അവര്‍ നന്മയ്ക്കും രക്ഷയ്ക്കുമുള്ള സാദ്ധ്യതകളെയാണ് തുറന്നു കാട്ടുന്നത്, മറിയത്തെപ്പോലെ ദൈവകൃപ നമ്മുടെയും ജീവിതങ്ങളെ നവീകരിക്കുന്നുണ്ട്". പാപ്പ പറഞ്ഞു.
ആഗമനകാലത്തെ ദിനങ്ങള്‍ ദൈവത്തിലേയ്ക്ക് അടുക്കാനുള്ള സമയമാണ്. ദൈവത്തില്‍ വിശ്വസിക്കാനും, പ്രത്യാശ അര്‍പ്പിക്കാനും, ദൈവഹിതത്തോടു സമ്മതം മൂളാനുമുള്ള പുണ്യദിനങ്ങളായി മാറ്റാന്‍ ഈ ആഗമനകാലത്തെ സമര്‍പ്പിക്കാം എന്ന ആശംസയോടെയാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.