News - 2024
'അമോരിസ് ലെത്തീസിയായി'ല്‍ വിശദീകരണം ആവശ്യപ്പെട്ട കർദ്ദിനാൾമാരെ പിന്തുണച്ച്‍ കൂടുതൽ ദൈവശാസ്ത്രജ്ഞർ രംഗത്ത്
സ്വന്തം ലേഖകന്‍ 09-12-2016 - Friday
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയായി'ല്‍ വ്യക്തത ആവശ്യപ്പെട്ട് രംഗത്തെത്തിയ നാലു കർദ്ദിനാളുമാരെ പിന്‍തുണച്ച് ദൈവശാസ്ത്രജ്ഞർ. ദൈവശാസ്ത്ര പണ്ഡിതരായ 23 പേരാണ് ചോദ്യങ്ങള്‍ ഉന്നയിച്ച കർദ്ദിനാളുമാര്‍ക്ക് പിന്‍തുണ അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്. ഫ്രാന്‍സിസ് പാപ്പ പുറത്തിറക്കിയ പ്രബോധനവുമായി ബന്ധപ്പെട്ട് കർദ്ദിനാളുമാര്‍ ഉന്നയിച്ച ചോദ്യങ്ങളെ, തങ്ങളും പിന്‍തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്ന പ്രസ്താവന 23 പേരും ചേര്‍ന്ന് പുറപ്പെടുവിച്ചിട്ടുണ്ട്.
ഓക്‌സ്‌ഫോര്‍ഡ് ഓറിയല്‍ കോളജിന്റെ മുന്‍ വൈസ് പ്രിന്‍സിപ്പലായ ഡോ. റോബര്‍ട്ട് ബെഡാര്‍ഡ്, പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫിലെ അംഗവും പ്രൊഫസറുമായ ലൂക്ക് ഗൊര്‍മലി, മെര്‍ട്ടണ്‍ കോളജിലെ ഡോ. നിക്കോളാസ് റിച്ചാര്‍ഡ്‌സണ്‍, ഫിലോസഫി പ്രൊഫസറുമാരായ കാര്‍ളോസ് എ. ഗ്യൂറ, പൗലോ പാസ്‌കുവാലൂക്കി, ക്ലൗഡിയോ പിയറന്റോണി തുടങ്ങിയ പ്രമുഖരും കർദ്ദിനാളുമാരുടെ ചോദ്യങ്ങളെ പിന്‍തുണച്ചു രംഗത്തുവന്നിട്ടുണ്ട്.
അമോരിസ് ലെത്തീസിയായുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ക്കും, പലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ക്കും മറുപടി ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ച് 23 പണ്ഡിതരും കർദ്ദിനാള്‍ തിരുസംഘത്തിന് കത്ത് കൈമാറിയിട്ടുണ്ട്. അപ്പസ്‌ത്തോലിക പ്രബോധനത്തെ കുറിച്ച് നാലു കർദ്ദിനാളുമാരും ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ ഏറെ പ്രസക്തവും, സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതുമാണെന്ന് കർദ്ദിനാള്‍ തിരുസംഘത്തിന് കൈമാറിയ പ്രത്യേക കത്തില്‍ പറയുന്നു.
സഭയുടെ വിശുദ്ധ കൂദാശകളെ സംബന്ധിച്ചും, സഭ സ്വീകരിച്ചു വരുന്ന കീഴ്‌വഴക്കങ്ങളിലും മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ചില ഘടകങ്ങള്‍ അമോരിസ് ലെത്തീസിയായില്‍ ഉണ്ടെന്ന് കർദ്ദിനാളുമാരെ പിന്‍തുണച്ചു രംഗത്തു വന്നിട്ടുള്ള 23 ദൈവശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കർദ്ദിനാളുമാര്‍ക്കും, ബിഷപ്പുമാര്‍ക്കും വിശ്വാസ സമൂഹത്തിനും സംശയങ്ങള്‍ ഉണ്ടാകുക സാധാരണമാണ്. സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടത് സഭയെ ഭരിക്കുന്ന മാര്‍പാപ്പയുടെ ഉത്തരവാദിത്വമാണെന്നും ദൈവശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
എട്ടു മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന അമോരിസ് ലെത്തീസിയായില്‍ വിവാഹബന്ധം വേര്‍പ്പെടുത്തി ജീവിക്കുന്നവര്‍ വിശുദ്ധ കൂദാശകളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ഭാഗത്തിലെ ചില നിര്‍ദേശങ്ങളെ സംബന്ധിച്ചാണ് കർദ്ദിനാളുമാര്‍ ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. 'അമോരിസ് ലെത്തീസിയ'യുമായി ബന്ധപ്പെട്ട് കർദ്ദിനാളുമാര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് നേരത്തെ തന്നെ മറുപടി നല്‍കിയതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത ഉപദേഷ്ട്ടാവായ ഫാദര്‍ അന്റോണിയോ സ്പഡാരോ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.