News - 2024

ഫിലിപ്പീന്‍സില്‍ ദേശീയ ബൈബിള്‍ ദിനം ആചരിക്കണമെന്നു ആവശ്യപ്പെട്ട് പ്രശസ്ത ബോക്‌സിംഗ് താരം മാനി പക്വിയാവോ രംഗത്ത്

സ്വന്തം ലേഖകന്‍ 10-12-2016 - Saturday

മനില: ഫിലിപ്പീന്‍സില്‍ ദേശീയ ബൈബിള്‍ ദിനം ആചരിക്കണമെന്ന ആവശ്യവുമായി ലോകപ്രശസ്ത ബോക്‌സിംഗ് താരം മാനി പക്വിയാവോ രംഗത്ത്. ദൈവ വചനത്തെ ധ്യാനിക്കുന്നതിനായി ഒരു പൊതുഅവധി നല്‍കി രാജ്യം പ്രത്യേകമായി ബൈബിള്‍ ദിനം ആഘോഷിക്കണമെന്നാണ് പക്വിയാവോ ആവശ്യപ്പെട്ടിരിക്കുന്നത്. ഫിലിപ്പീന്‍സ് സെനറ്റര്‍ കൂടിയായ മാനി പക്വിയാവോ ഇതു സംബന്ധിക്കുന്ന പ്രത്യേക ബില്ലും അവതരിപ്പിച്ചു. എല്ലാ വര്‍ഷവും ജനുവരിയിലെ അവസാന തിങ്കളാഴ്ച ദേശീയ ബൈബിള്‍ ദിനമായി ആചരിക്കണമെന്നാണ് പക്വിയാവോ ബില്ലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏഷ്യാ പസഫിക്ക് മേഖലയിലെ ഏറ്റവും വലിയ ക്രൈസ്തവ രാഷ്ട്രമായ ഫിലിപ്പീന്‍സ് തിരുവചനത്തെ ധ്യാനിക്കുന്നതിനും അതിനെ പ്രചരിപ്പിക്കുന്നതിനുമായി പൊതുഅവധി നല്‍കി പ്രത്യേക ആഘോഷം സംഘടിപ്പിക്കണമെന്നതാണ് ബില്ലിന്റെ ഉള്ളടക്കം. രാജ്യത്തിന്റെ ജനസംഖ്യയുടെ 93 ശതമാനവും ക്രൈസ്തവരാണെന്നും ഇതിനാല്‍ തന്നെ വിശുദ്ധ ഗ്രന്ഥത്തെ ആദരിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്നും പക്വിയാവോ ബില്ലിലൂടെ ചൂണ്ടികാണിക്കുന്നു.

ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമാണ് ബൈബിള്‍. ജീവിക്കുന്ന ദൈവത്തിന്റെ തിരുവചനത്തെ ആദരിക്കേണ്ടത് ഒരു ക്രൈസ്തവ രാജ്യത്തിന്റെ ചുമതലയാണെന്നും ബില്‍ പ്രത്യേകം എടുത്തു പറയുന്നു. ആത്മീയ മന്നയുടെ പ്രഭവകേന്ദ്രം തന്നെ വിശുദ്ധ ഗ്രന്ഥമാണെന്നും പക്വിയാവോയുടെ ബില്ലില്‍ സൂചിപ്പിക്കുന്നു.

പക്വിയാവോയ്ക്ക് മുമ്പും സമാന ആവശ്യവുമായി ഫിലിപ്പീന്‍സിലെ പ്രമുഖ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മുന്‍ പ്രസിഡന്റുമാരായ ഫെര്‍ഡിനാന്റ് മാര്‍ക്കോസ്, കോറോസോവന്‍ അക്വിനോ, ഫിഡല്‍ റാമോസ് തുടങ്ങിയവരും സമാന ആവശ്യം ഉന്നയിച്ചവരാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് ഫിലിപ്പീന്‍സിനുള്ളത്.

More Archives >>

Page 1 of 115