News

ഇസ്രായേലിനെ ആക്രമിക്കുവാന്‍ ശ്രമിച്ച ഐഎസിന്റെ കാഴ്ച്ചയെ മറച്ച് മേഘങ്ങള്‍; ദൈവീക ഇടപെടലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍

സ്വന്തം ലേഖകന്‍ 10-12-2016 - Saturday

ജറുസലേം: ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികളില്‍ നിന്നും ഇസ്രായേലിനെ രക്ഷിക്കുന്നതിനായി ദൈവം കൂറ്റന്‍ മണല്‍ക്കാറ്റും പെരുമാരിയും സൃഷ്ടിച്ചെന്നുള്ള റിപ്പോര്‍ട്ടുമായി ഇസ്രായേല്‍ മാധ്യമങ്ങള്‍. സിറിയന്‍ അതിര്‍ത്തി വരെ എത്തിയ ഈ കൊടുങ്കാറ്റ് ഇസ്രായേലിലേക്ക് പ്രവേശിക്കാതെ ഗോലാന്‍ മലനിരകള്‍ക്ക് സമീപം നിന്നെന്നാണ് 'ഇസ്രായേല്‍ ന്യൂസ്' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അസാധാരണമായ ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ ഗോലാന്‍ കുന്നുകളില്‍ നിന്നും ഐഎസ് തീവ്രവാദികള്‍ ഇസ്രായേല്‍ സൈന്യത്തിനു നേരെ നിറയൊഴിച്ചതിനെ തുടര്‍ന്നു ഈ സ്ഥലങ്ങളില്‍ ഇസ്രായേല്‍ സുരക്ഷ ശക്തമാക്കിയിരിന്നു. ഡിസംബര്‍ ഒന്നിന് കൂടുതല്‍ ഐഎസ് തീവ്രവാദികള്‍ സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും ഇസ്രായേലിനെ ആക്രമിക്കുവാന്‍ തയ്യാറെടുക്കുന്ന സമയത്താണ് അസാധാരണമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടായത്.

തീവ്രവാദികള്‍ പതിയിരുന്ന സിറിയയുടെ പ്രദേശത്ത് ഇരുട്ട് വീഴുന്ന തരത്തില്‍ ശക്തമായ മേഘപടലങ്ങള്‍ രൂപംകൊണ്ടു. പെട്ടെന്ന് പൊടികാറ്റ് രൂപപ്പെടുകയായിരിന്നു. ഇസ്രായേല്‍ അതിര്‍ത്തിക്ക് അപ്പുറത്ത് മാത്രമാണ് മേഘങ്ങള്‍ രൂപപ്പെട്ടതും, കാഴ്ച്ചമറച്ചതും. ഇതിനാല്‍ സൈന്യത്തെ ലക്ഷ്യവച്ചുള്ള ആക്രമണം നടത്താന്‍ ഐഎസ് തീവ്രവാദികള്‍ക്ക് കഴിഞ്ഞില്ല.

പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ സിറിയന്‍ അതിര്‍ത്തിയിലെ ഇസ്രായേല്‍ സൈന്യം ഞെട്ടലോടെയാണ് നോക്കി കണ്ടത്. പൂര്‍വ്വീകര്‍ക്ക് സംരക്ഷണമൊരുക്കിയ ജീവിക്കുന്ന ദൈവം തങ്ങളെ ആക്രമിക്കുവാന്‍ വന്ന തീവ്രവാദികളുടെ നയനങ്ങളെ അന്ധകാരത്താല്‍ നിറക്കുന്നതിനെ ആവേശത്തോടെയാണ് സൈനികര്‍ മൊബൈലില്‍ പകര്‍ത്തിയത്. സൈന്യം പകര്‍ത്തിയ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കത്തിപടരുവാന്‍ സമയം ഏറെ വേണ്ടിവന്നില്ല.

'ഇസ്രായേല്‍ ന്യൂസ്' ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനോടകം തന്നെ ഏഴു മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. ഒന്നരലക്ഷത്തില്‍ അധികം പേര്‍ ദൃശ്യമായ ഈ അത്ഭുതത്തെ ഷെയര്‍ ചെയ്തിട്ടുണ്ട്. വെറും കാലാവസ്ഥാ വ്യതിയാനം മാത്രമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും പൊടിക്കാറ്റ് ഇസ്രായേലിലേക്ക് കടക്കാതെ ഐഎസിനും ഇസ്രായേലിനും ഇടയില്‍ തങ്ങി നിന്നത് വലിയൊരു സാക്ഷ്യമാണെന്നും 'ഇസ്രായേല്‍ ന്യൂസ്' റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനാന്‍ ദേശത്തിലേക്കുള്ള യാത്രയില്‍ മരുഭൂമിയിലെ ചൂടിലൂടെ യാത്ര ചെയ്യേണ്ടി വന്ന ഇസ്രായേല്‍ മക്കള്‍ക്ക് ദൈവം മേഘസ്തംഭത്തെ ഒരുക്കിയാണ് വഴിയും തണലും തീര്‍ത്തത്. തിരുവചനത്തിലെ ഇത്തരം സത്യങ്ങള്‍ ഇന്നത്തെ കാലത്തും ആവര്‍ത്തിക്കുകയാണെന്ന് വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റുകളില്‍ പലരും പറയുന്നു.

വീഡിയോ

More Archives >>

Page 1 of 114