News - 2024
ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയുടെ നിര്‍മ്മാണം ശ്രീലങ്കയില്‍ പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍ 13-12-2016 - Tuesday
കൊളംമ്പോ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ്സ് ട്രീയുടെ നിര്‍മ്മാണം ശ്രീലങ്കയില്‍ പുരോഗമിക്കുന്നു. ശ്രീലങ്ക പോർട്ട് അതോറിറ്റി കാത്തലിക് അസോസിയേഷൻ, മന്ത്രി അർജന രണതുംഗൈ എന്നിവരുടെ മേൽനോട്ടത്തിലാണ് 100 മീറ്ററില്‍ അധികം ഉയരമുള്ള ക്രിസ്മസ് ട്രീ നിർമ്മിക്കുന്നത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രിസ്തുമസ് ട്രീയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കൊളംമ്പോയിലെ കത്തോലിക്ക ദേവാലയത്തിന്റെ എതിര്‍ വശത്തായിട്ടാണ് ക്രിസ്തുമസ് ട്രീ നിര്‍മ്മിക്കുന്നത്.
രണ്ടു ലക്ഷം യുഎസ് ഡോളറാണ് പദ്ധതിക്കായി സര്‍ക്കാര്‍ ചിലവിടുന്നത്. അതേ സമയം സാമ്പത്തിക ദുര്‍വിനിയോഗത്തെ ചോദ്യം ചെയ്തു കൊളംമ്പോ ആര്‍ച്ച് ബിഷപ്പ് മാല്‍കം രഞ്ജിത് രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും പണം ക്രിസ്തുമസ് ട്രീയ്ക്കായി ചെലവിടാതെ പാവപ്പെട്ടവര്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികള്‍ക്കായി മാറ്റിവയ്ക്കണമെന്നതാണ് ആര്‍ച്ച്ബിഷപ്പ് മാല്‍കം രഞ്ജിത് അഭിപ്രായപ്പെട്ടിരിക്കുന്നത്.
325 അടി ഉയരമുള്ള സ്റ്റീല്‍ കൊണ്ടു നിര്‍മ്മിക്കുന്ന ക്രിസ്തുമസ് ട്രീ ലോക റെക്കോര്‍ഡില്‍ സ്ഥാനം പിടിക്കുന്നതിനായിട്ടാണ് നിര്‍മ്മിക്കുന്നതെന്ന് മന്ത്രി അര്‍ജുന രണതൂംഗേ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനയിലെ ഗുവാങ്‌സോ പ്രവിശ്യയിലുണ്ടാക്കിയ 55 മീറ്റര്‍ ഉയരമുള്ള ക്രിസ്തുമസ് ട്രീയാണു ഇപ്പോഴത്തെ ലോകറെക്കോര്‍ഡ് പ്രകാരം ഏറ്റവും ഉയരം കൂടിയത്. 2009-ല്‍ മെക്‌സിക്കോയില്‍ 90 മീറ്റര്‍ ഉയരമുള്ള ക്രിസ്തുമസ് ട്രീ ഉണ്ടാക്കിയെന്ന് ചിലര്‍ അവകാശം ഉന്നയിക്കുന്നുണ്ട്.
വലിയ തോതില്‍ പണം ചെലവഴിച്ച് ക്രിസ്തുമസ് ട്രീകള്‍ നിര്‍മ്മിക്കേണ്ടതില്ലെന്ന നിര്‍ദേശം കഴിഞ്ഞ വര്‍ഷം കത്തോലിക്ക സഭ വിശ്വാസികള്‍ക്ക് നല്‍കിയിരുന്നു. 21 മില്യണ്‍ ജനസംഖ്യയുള്ള ശ്രീലങ്കയില്‍ 1.2 മില്യണ്‍ കത്തോലിക്ക വിശ്വാസികളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.