News - 2024

ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം ഏറ്റുപറയുവാന്‍ ഭയപ്പെടരുത്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്

സ്വന്തം ലേഖകന്‍ 13-12-2016 - Tuesday

ലണ്ടന്‍: ജോലിസ്ഥലങ്ങളിലും പൊതുയിടങ്ങളിലും തങ്ങളുടെ വിശ്വാസത്തെ കുറിച്ച് തുറന്നു പറയുവാന്‍ ക്രൈസ്തവര്‍ ഭയപ്പെടരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ജോലി സ്ഥലങ്ങളില്‍ വിവിധ കാരണങ്ങള്‍ മൂലം ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസം മറച്ചു പിടിക്കുന്നുവെന്ന റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായിട്ടാണ് തെരേസ മെയ് ഇങ്ങനെ പറഞ്ഞത്. ക്രൈസ്തവ വിശ്വാസം എന്നത് ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്നും, അതിനെ ലജ്ജാപൂര്‍വ്വം ആരും മറച്ചുപിടിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സഹപ്രവര്‍ത്തകരുടെ വിമര്‍ശനവും, പരിഹാസവും പ്രതിഷേധവും മൂലം ക്രിസ്തുമസ് ഒരു ക്രൈസ്തവ ആഘോഷമെന്ന തരത്തില്‍ കൊണ്ടാടുവാന്‍ വിശ്വാസികള്‍ ഭയക്കുന്നുവെന്ന റിപ്പോര്‍ട്ട് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പുറത്തുവിട്ടിരുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ ഡേവിഡ് ഐസക്കിന്റെ പ്രസ്താവന വന്നതിനു തൊട്ടുപിന്നാലെയാണ് തെരേസ മെയ് പ്രതികരണം നടത്തിയിരിക്കുന്നത്.

"ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് എന്നേയും നിങ്ങളേയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്. ഒരുവന്റെ വിശ്വാസത്തെ ഭയം കൂടാതെ തുറന്നു പറയുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. നാം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ആഗമന കാലഘട്ടത്തിലാണ്. വിശ്വാസത്തിന്റെ ഒരു മഹത്തായ പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ട്. മതവിശ്വാസത്തേയും, അതിനുള്ള സ്വാതന്ത്ര്യത്തേയും നാം ബഹുമാനിക്കുന്നു. ജോലി സ്ഥലങ്ങളിലുള്ള മനുഷ്യര്‍ക്കും ഇതേ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്". തെരേസ മെയ് പറഞ്ഞു.

സമൂഹം ഇന്ന് അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളും, അവകാശങ്ങളും നൂറ്റാണ്ടുകളായി ബൈബിളില്‍ നിന്നുള്ള സത്യങ്ങളെ പൊതുജീവിതത്തിലേക്ക് കൊണ്ടുവന്നതിനാലാണെന്നും തെരേസ മെയ് ചൂണ്ടികാണിച്ചു. വചനത്തിലെ സത്യവെളിച്ചത്തെ നാം പ്രായോഗിക ജീവിതത്തില്‍ ഉപയോഗിക്കാതെ ഇരുന്നാല്‍ അത് വലിയ നാശത്തിലേക്കായിരിക്കും വഴിവയ്ക്കുക. കൊടുക്കുന്നതിന് അനുസരിച്ചാണ് നമ്മള്‍ വളരുന്നതെന്ന് ബൈബിളില്‍ പറയുന്നുവെന്നും, വചനത്തിന്റെ സത്യങ്ങളെ സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കാതെയിരുന്നാല്‍ നമ്മുടെ വളര്‍ച്ച അവസാനിക്കുകയാണെന്നുമുള്ള ശ്രദ്ധേയമായ നിരീക്ഷണവും തെരേസ മെയ് നടത്തി.


Related Articles »