News
കത്തോലിക്ക വിശ്വാസിയായ അന്റോണിയോ ഗുട്ടെറെസ് ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലായി സത്യപ്രതിജ്ഞ ചെയ്‌തു
സ്വന്തം ലേഖകന്‍ 15-12-2016 - Thursday
ന്യൂയോര്‍ക്ക്: പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രിയും കത്തോലിക്ക വിശ്വാസിയുമായ അന്റോണിയെ ഗുട്ടെറെസ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി സത്യപ്രതിജ്ഞ ചെയ്തു. 71 വര്‍ഷത്തെ ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിലെ ഒന്‍പതാമത്തെ സെക്രട്ടറി ജനറലാണ് ഗുട്ടെറെസ്. കത്തോലിക്ക വിശ്വാസിയായ ഗുട്ടെറസിന്റെ പുതിയ പദവിയെ ഏറെ പ്രതീക്ഷയോടെയാണ് ലോകജനത നോക്കി കാണുന്നത്. പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അന്റോണിയോ ഗുട്ടെറെസ് മനുഷ്യസ്‌നേഹിയായ കത്തോലിക്ക വിശ്വാസിയായിട്ടാണ് അറിയപ്പെടുന്നത്. ബാന്‍ കി മൂണിന്റെ പിന്‍ഗാമിയായി ഒക്ടോബറിലാണ് ഗുട്ടെറെസിനെ തിരഞ്ഞെടുത്തത്.
1949-ല്‍ ലിസ്ബണിലാണ് ഗുട്ടെറെസ് ജനിച്ചത്. എഞ്ചിനിയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച അദ്ദേഹം തന്റെ ജോലിയില്‍ മികച്ച വൈഭവം പുലര്‍ത്തിയിരുന്നു. പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക സംഘടനയുടെ സഹസ്ഥാപകനെന്ന നിലയില്‍ ഗുട്ടെറെസ് ഏറെ ശ്രദ്ധപിടിച്ചു പറ്റി. വിശ്വാസപാതയില്‍ ഊന്നിയ പൊതുപ്രവര്‍ത്തനം രാജ്യത്തെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവായി അന്റോണിയോ ഗുട്ടെറെസിനെ ഉയര്‍ത്തി.
1995-നും 2002-നും ഇടയില്‍ രണ്ടു തവണ പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രിയായി ഗുട്ടെറെസ് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യ നാലു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഭരണത്തിലേക്ക് തന്റെ പാര്‍ട്ടിയെ തിരികെ കൊണ്ടുവരുന്നതില്‍ ഗുട്ടെറെസിന്റെ ഭരണപാടവം ഏറെ സഹായിച്ചു. രണ്ടാം തവണയും പ്രധാനമന്ത്രി പദത്തില്‍ എത്തിയ അന്റോണിയോ ഗുട്ടെറെസ് 2001-ല്‍ തന്റെ പ്രാദേശിക പാര്‍ട്ടി തെരഞ്ഞെടുപ്പിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധികാരം ഉപേക്ഷിക്കുകയായിരുന്നു.
സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായ ഗുട്ടെറെസിന്റെ പാര്‍ട്ടിയിലുള്ള ചില ഇടതുപക്ഷ അംഗങ്ങള്‍ ഗര്‍ഭഛിദ്രം എന്ന മാരക പാപത്തിനു കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. വിശ്വാസപരവും, മാനുഷീകവുമായ കാരണങ്ങളാല്‍ ഈ നിലപാടിനോട് താന്‍ ഒരിക്കലും യോജിക്കില്ലെന്നും, പാര്‍ലമെന്റില്‍ താന്‍ ഗര്‍ഭഛിദ്രത്തിനെതിരെ മാത്രമേ വോട്ട് രേഖപ്പെടുത്തുവെന്നും ഗുട്ടെറെസ് വ്യക്തമാക്കിയിരുന്നു.
ഇതേ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കുവാന്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന റഫറണ്ടം പരാജയപ്പെട്ടു. തന്റെ ഭരണകാലത്ത് ഇത്തരം തിന്മകള്‍ക്കെതിരെ ഗുട്ടെറെസ് ശക്തമായ നിലപാടുകളാണ് സ്വീകരിച്ചത്. അഭയാര്‍ത്ഥി പ്രശ്‌നത്തിലും ശക്തമായ നിലപാടുകള്‍ സ്വീകരിക്കുവാന്‍ ഗുട്ടെറെസിനു സാധിച്ചു. പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവച്ച ശേഷം ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഹൈകമ്മീഷ്ണറായി സേവനം ചെയ്യുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
2015 ഡിസംബര്‍ വരെ ഈ പദവിയില്‍ അദ്ദേഹം തന്റെ ശ്രദ്ധേയമായ സേവനം കാഴ്ച്ചവച്ചു. അഭയാര്‍ത്ഥികളുടെ മധ്യത്തില്‍ സേവനം ചെയ്യുന്നതിനായി പതിനായിരം യുഎന്‍ ഉദ്യോഗസ്ഥരെ നിയമിക്കുവാന്‍ ഗുട്ടെറെസ് തീരുമാനമെടുത്ത നടപടിയെ ലോക നേതാക്കള്‍ സ്വാഗതം ചെയ്തിരിന്നു. അഞ്ചു ബില്യണ്‍ യുഎസ് ഡോളറില്‍ അധികം പണം അഭയാര്‍ത്ഥികള്‍ക്കായി ചെലവഴിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. ഇത്തരം നേട്ടങ്ങളെല്ലാം, സങ്കീര്‍ണ്ണമായ പല കടമ്പകളും കടന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലാകുവാനുള്ള അവസരത്തിലേക്ക് ഗുട്ടെറെസിനെ എത്തിക്കുകയായിരിന്നു.
പ്രധാനമന്ത്രിയായി സേവനം ചെയ്യുന്ന സമയത്താണ് ഗുട്ടെറെസിന്റെ ഭാര്യ ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിക്കുന്നത്. 22 വയസുള്ള മകനും, 13-കാരിയായ മകളുമുള്ള ഗുട്ടെറെസ് ഏറെ സമചിത്തതയോടെയാണ് ജീവിതത്തിലെ ഈ വലിയ ദുരന്തത്തെ നേരിട്ടത്. ഭാരതവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ പുതിയ സെക്രട്ടറി ജനറലെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. ഗുട്ടെറെസ് രണ്ടാമത് വിവാഹം കഴിച്ചിരിക്കുന്നത് ഗോവയില്‍ ജനിച്ചു വളര്‍ന്ന വനിതയെയാണ്.
പുതിയ സെക്രട്ടറി ജനറലിന്റെ നിയമനത്തെ അംഗരാഷ്ട്രങ്ങള്‍ എല്ലാവരും സ്വാഗതം ചെയ്തു. തങ്ങളോട് കാരുണ്യമുണ്ടാകണമെന്ന സിറിയന്‍ പ്രതിനിധിയുടെ വാക്കുകളെ തകര്‍ന്ന ഹൃദയത്തോടെയാണ് താന്‍ കേള്‍ക്കുന്നതെന്ന് ഗുട്ടെറെസ് പ്രതികരിച്ചു. ലബനന്‍, ജോര്‍ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ത്ഥികളെ സംബന്ധിച്ചും തീരുമാനങ്ങള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് ഗുട്ടെറെസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. 2017 ജനുവരി ഒന്നാം തീയതി അദ്ദേഹം ഔദ്യോഗികമായി ചുമതലയേല്‍ക്കും.