News - 2024

സാവോപോളോ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പൗളോ എവരിസ്റ്റോ അന്തരിച്ചു

സ്വന്തം ലേഖകന്‍ 16-12-2016 - Friday

സാവോ പോളോ: ബ്രസീലിലെ സാവോപോളോ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പൗളോ എവരിസ്റ്റോ ആന്‍സ് (95) അന്തരിച്ചു. ശ്വാസകോശ-വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ നിയോഗിച്ച കര്‍ദ്ദിനാളന്മാരില്‍ ഏറ്റവും അവസാനത്തെ കണ്ണിയാണ് കര്‍ദ്ദിനാള്‍ എവരിസ്റ്റോ ആന്‍സ്.

1921ൽ ബ്രസീലിലെ ക്രിസിയുമയിൽ ജനിച്ച പൗളോ എവരിസ്റ്റോ 1945ൽ ഫ്രാൻസിസ്കൻ സന്യാസസഭയിൽ വൈദികനായാണ് സഭാ ദൌത്യത്തിലേക്ക് പ്രവേശിച്ചത്. 1966ൽ സാവോപോളോയിലെ സഹായമെത്രാനായി നിയമിതനായി. 1970ൽ ആർച്ച്ബിഷപ്പായി ഉയർത്തപ്പെട്ടു. 1973-ലാണ് പോള്‍ ആറാമന്‍ പാപ്പാ പൗളോ എവരിസ്റ്റോയ്ക്കു കര്‍ദ്ദിനാള്‍ പദവി നല്‍കിയത്.

കർദിനാളിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു. സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും മൂല്യങ്ങള്‍ക്ക് സാക്ഷ്യമേകിയ ‘ധീരനായ അജപാലകനെ’ന്ന് ഫ്രാന്‍സിസ് പാപ്പാ അനുശോചന സന്ദേശത്തില്‍ വിശേഷിപ്പിച്ചു. സാവോ പോളോയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ പെദ്രോ സ്കേയറിനെയും, സഹായമെത്രാനെയും, വിശ്വാസികളെയും, ബ്രസീലിലെ ദേശീയസഭയെയും സന്ദേശത്തിലൂടെ പാപ്പാ അനുശോചനം അറിയിച്ചു.

28 വര്‍ഷക്കാലം ബ്രസീലിലെ സാവോ പോളോ അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്നു കര്‍ദ്ദിനാള്‍ എവരിസ്റ്റോ. കര്‍ദ്ദിനാള്‍ ഏണ്‍സിന്‍റെ നിര്യാണത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 227 ആയി. അതില്‍ 120-പേര്‍ 80 വയസ്സിനു താഴെ സഭാഭരണത്തില്‍ വോട്ടവകാശമുള്ളവരാണ്.

More Archives >>

Page 1 of 117