News

ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ച് ഫിലിപ്പീന്‍സ് ജനത

സ്വന്തം ലേഖകന്‍ 15-12-2016 - Thursday

ക്യൂസോണ്‍ സിറ്റി: ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ഫിലിപ്പീന്‍സ് ജനത വിപുലമായി ആഘോഷിച്ചു. പരിശുദ്ധ അമ്മയുടെ രൂപം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രവും, വര്‍ണാഭവുമായ പ്രദിക്ഷണത്തോടെയാണ് അമലോത്ഭവ തിരുനാളിനെ ഫിലിപ്പീന്‍സുകാര്‍ വരവേറ്റത്. ഡിസംബര്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായിരിന്നു ഫിലിപ്പീന്‍സില്‍ മാതാവിന്റെ അമലോത്ഭവവുമായി ബന്ധപ്പെട്ട ഘോഷയാത്ര നടന്നത്.

യൂണിഫോം അണിഞ്ഞ സൈന്യത്തിന്റെ പ്രത്യേക ബാന്റ് മേളത്തോടെ പരിശുദ്ധ അമ്മയെയും വഹിച്ചു കൊണ്ടുള്ള പ്രദിക്ഷണത്തില്‍ വെള്ള വസ്ത്രം ധരിച്ചെത്തിയ വിശ്വാസികള്‍ അനുഗമിച്ചു. ഘോഷയാത്രയില്‍ മാതാവിന്റെ വിവിധ രൂപങ്ങള്‍ വിശ്വാസികള്‍ ഉയര്‍ത്തിപിടിച്ചാണ് തങ്ങളുടെ മരിയ ഭക്തി വെളിപ്പെടുത്തിയത്. പതിവുപോലെ ഈ വര്‍ഷവും നടന്ന അമലോത്ഭവ തിരുനാളില്‍ സംബന്ധിക്കുവാന്‍ നൂറുകണക്കിനു ആളുകളാണ് എത്തിയത്. കത്തോലിക്ക വിശ്വാസത്തിന്റെ പ്രചാരണത്തിന് ഘോഷയാത്ര വലിയ പങ്കാണ് വഹിക്കുന്നത്.

ഫിലിപ്പീന്‍സ് ജനതയുടെ പ്രകടമായ മരിയ ഭക്തിക്ക് 300 വര്‍ഷത്തോളം പഴക്കമുണ്ട്. 1619 ഡിസംബര്‍ എട്ടിനാണ് 15 ദിവസം നീണ്ടു നില്‍ക്കുന്ന ഘോഷയാത്രയോടെയുള്ള ആഘോഷങ്ങള്‍ക്ക് രാജ്യത്ത് തുടക്കമായത്. 300 വര്‍ഷത്തോളം സ്‌പെയിന്റെ കോളനിയായിരുന്നു ഫിലിപ്പീന്‍സ്. ഈ സമയങ്ങളില്‍ സ്‌പെയിന്‍കാരും ആഘോഷങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഇടക്കാലത്ത് വിദേശികളായ ഭരണാധികാരികളില്‍ ചിലര്‍ തങ്ങളുടെ ആഡംബരം കാണിക്കുന്നതിനുള്ള വേദിയായി ഘോഷയാത്രകളെ മാറ്റി. എന്നാല്‍ വിശ്വാസത്തിന്റെ തനിമ വീണ്ടും മാതാവിന്റെ അമലോത്ഭവ തിരുനാളുകള്‍ക്ക് വന്നു ചേര്‍ന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷവും മാതാവിന്റെ അമലോത്ഭവ തിരുനാളിനെ വലിയ ഭക്തിയോടുകൂടിയാണ് ഫിലിപ്പീന്‍സിലെ കത്തോലിക്ക വിശ്വാസികള്‍ ആചരിക്കുന്നത്. ഈ ദിവസം വിശുദ്ധ ബലിയില്‍ സംബന്ധിക്കണമെന്ന് ഫിലിപ്പീന്‍ സഭ പ്രത്യേക നിര്‍ദേശിക്കുന്നുണ്ട്. 1854 ഡിസംബര്‍ 8ന് വാഴ്ത്തപ്പെട്ട പിയൂസ്‌ ഒമ്പതാമന്‍ മാര്‍പാപ്പായാണ് മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്.

More Archives >>

Page 1 of 117