News - 2024
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ആസ്പദമാക്കി നിര്‍മ്മിച്ച ഡോക്യുമെന്ററിയ്ക്കു എമ്മി അവാര്‍ഡ്
സ്വന്തം ലേഖകന്‍ 16-12-2016 - Friday
ചിക്കാഗോ: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കേന്ദ്രീകരിച്ചു നിര്‍മ്മിച്ച ഡോക്യുമെന്ററിക്ക് രണ്ട് എമ്മി അവാര്‍ഡുകള്‍. 'ലിബറേറ്റിംഗ് എ കോണ്ടിനന്റ്: ജോണ്‍ പോള്‍ സെക്കന്‍ഡ് ആന്റ് ദ ഫോള്‍ ഓഫ് കമ്യൂണിസം'(Liberating a continent: John Paul II and the fall of communism) എന്ന ഡോക്യുമെന്ററിയാണ് ടെലിവിഷൻ രംഗത്തിലെ ഏറ്റവും നല്ല പരിപാടികള്‍ക്ക് അംഗീകാരമായി നൽകുന്ന എമ്മി അവാര്‍ഡിന് അര്‍ഹമായത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ അസ്വസ്ഥതകള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കും വഴിവച്ച കമ്യൂണിസത്തെ അവസാനിപ്പിക്കുന്നതില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ വഹിച്ച പങ്കിനെ പരാമര്‍ശിക്കുന്നതാണ് ഡോക്യൂമെന്ററി.
ചരിത്ര വിഭാഗത്തിലാണ് ഡോക്യുമെന്ററി നേട്ടം കൊയ്തിരിക്കുന്നത്. ഡോക്യുമെന്ററിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നൈറ്റ് ഓഫ് കൊളംമ്പസ് സിഇഒയുമായ കാള്‍ ആന്റേഴ്‌സണും, ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കളായ നാലു പേര്‍ക്കുമാണ് അവാര്‍ഡ് ലഭിക്കുക. സമൂഹത്തില്‍ വിവിധ തരം പ്രവര്‍ത്തനങ്ങള്‍ കത്തോലിക്ക ദര്‍ശനത്തോടെ നടപ്പില്‍ വരുത്തുന്ന സംഘടനയായ നൈറ്റ് ഓഫ് കൊളമ്പസാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. 1.9 മില്യണ്‍ അംഗങ്ങളുമായി ലോകമെമ്പാടും വ്യാപിച്ചു കിടിക്കുന്ന സാമൂഹിക സംഘടനയാണ് നൈറ്റ് ഓഫ് കൊളമ്പസ്.
"ലോകപ്രശസ്തമായ ഒരു അവാര്‍ഡ് ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. യൂറോപ്പിന്റെ സമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എന്തുതരം സ്വാധീനമാണ് ചെലുത്തിയതെന്ന് വിവരിക്കുന്ന ഡോക്യുമെന്ററിയാണ് ഞങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അക്രമത്തിന്റെ പാതവെടിഞ്ഞ്, സമാധാനത്തിലൂടെ എങ്ങനെയാണ് യൂറോപ്പിനെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നയിച്ചതെന്ന് ഡോക്യുമെന്ററി പ്രേക്ഷകരോട് സംവദിക്കുന്നു". കാള്‍ ആന്റേഴ്‌സണ്‍ പറഞ്ഞു.
90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ പ്രശസ്ത നടന്‍ ജിം കാവിയേസല്‍ ആണ് അവതാരകനായി എത്തുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അപൂര്‍വ്വ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാപ്പയുടെ ജീവചരിത്രകാരനായ ജോര്‍ജ് വീഗല്‍, ക്രാക്കോവ് അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ സ്റ്റാനിസ്ലോ ഡ്വിസ്വിസ് തുടങ്ങിയ നിരവധി പ്രമുഖരുടെ അഭിമുഖവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. WTTW ചിക്കാഗോയുടെയും, നാഷണല്‍ എജുക്കേഷണല്‍ ടെലികമ്യൂണിക്കേഷന്‍ അസോസിയേഷന്റെയും സഹകരണത്തോടെ യുഎസിലെ ടെലിവിഷന്‍ ചാനലുകള്‍ വഴി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് എത്തിക്കുവാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.