News - 2024
ക്രിസ്തുമസിന്റെ സമ്മാനം ക്രിസ്തുവാണെന്ന കാര്യം മറക്കരുത്: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 23-12-2016 - Friday
വത്തിക്കാന്‍: ക്രിസ്തുമസ് പിതാവായ ദൈവം തന്‍റെ പുത്രനെ ലോകരക്ഷയ്ക്കായി സമ്മാനിച്ചതിന്‍റെ ഓര്‍മ്മയും മഹോത്സവുമാണെന്ന കാര്യം നാം മറക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരുടെ കുടുംബങ്ങളുമായി നടന്ന ക്രിസ്തുമസ് കൂടികാഴ്ചയില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. നാം ക്രിസ്തുമസ് സമ്മാനങ്ങള്‍ കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുമ്പോള്‍ ക്രിസ്തുമസ്സിന്‍റെ യഥാര്‍ത്ഥമായ സമ്മാനം ക്രിസ്തുവാണെന്നന്നും പാപ്പ പറഞ്ഞു.
"പിതാവായ ദൈവം തന്‍റെ പുത്രനെ ലോകരക്ഷയ്ക്കായി സമ്മാനിച്ചതിന്‍റെ ഓര്‍മ്മയും മഹോത്സവുമാണ് ക്രിസ്തുമസ്. അതിനാല്‍ ക്രിസ്തുമസ്സിന്‍റെ സമ്മാനം ക്രിസ്തുവാണെന്ന കാര്യം മറന്നുപോകരുത്. ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മധ്യത്തിലും ‘ക്രിസ്തുവില്ലാത്ത ക്രിസ്തുമസ്’ ഉണ്ടാകരുത്". മാര്‍പാപ്പ പറഞ്ഞു.
വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളില്‍ ഓരോരുത്തരും ചെയ്യുന്ന ജോലികള്‍ എത്ര ചെറുതായിരുന്നാലും വലുതായിരുന്നാലും ആ തൊഴിലിന് അതിന്‍റേതായ അന്തസ്സും മാഹാത്മ്യവുമുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഓരോരുത്തരും തങ്ങളുടെ ജോലി ആത്മാഭിമാനത്തോടും വിശ്വസ്തതയോടുംകൂടെ ചെയ്തുകൊണ്ട് സംതൃപ്തരായി ജീവിക്കാം. വത്തിക്കാനിലെ ജോലികള്‍ക്ക് സുവിശേഷത്തിന്‍റെ ഒരു പരിവേഷമുണ്ട്. അത് ദൈവസ്നേഹത്തിന്‍റെ സാക്ഷ്യവും പ്രഘോഷണവുമാണ്. പാപ്പാ പറഞ്ഞു.
"കരുണയുടെ ജൂബിലി വര്‍ഷം അവസാനിച്ചെങ്കിലും, അതിന്‍റെ കൃപയും ചൈതന്യവും അവസാനിക്കുന്നില്ല. കാരുണ്യത്തിന്‍റെ ജൂബിലിനാളില്‍ നാം സ്വീകരിച്ച ദൈവകൃപ നമ്മുടെ ജോലിസ്ഥലത്തും ഭവനങ്ങളിലും ജീവിതപരിസരങ്ങളിലും പങ്കുവയ്ക്കപ്പെടുമ്പോഴാണ് അത് ഫലമണിയുന്നത്". പാപ്പ കൂട്ടിച്ചേര്‍ത്തു.