News - 2024
നൈജീരിയായില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടു പോയി: മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍
സ്വന്തം ലേഖകന്‍ 22-12-2016 - Thursday
അബൂജ: തെക്കന്‍ നൈജീരിയായില്‍ നിന്നും കത്തോലിക്ക പുരോഹിതനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയി. ഇസേലി-അസാഗ്ബാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പത്രോസ് പൗലോസ് ഗ്ലീഹന്‍മാരുടെ ദേവാലയത്തിലെ വികാരിയായ ഫാദര്‍ ജൂഡ് ഒന്യേബാഡിയേയാണ് അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. ഈ മാസം 16-ാം തീയതി മുസ്ലീം ഗോത്രവര്‍ഗ്ഗ വിഭാഗമായ ഫുലാനി ഹെഡ്‌സ്മാനിലെ അക്രമികളായ മൂന്നു പേര്‍ ചേര്‍ന്ന് വൈദികനെ പൈനാപ്പിള്‍ തോട്ടത്തില്‍ നിന്നും തട്ടിക്കൊണ്ടു പോകുകയായിരുന്നു.
വൈദികനെ മോചിപ്പിക്കണമെങ്കില്‍ 50 മില്യണ്‍ നൈറ നല്‍കണമെന്നതാണ് അക്രമികളുടെ ആവശ്യം. മോചനദ്രവ്യം പിന്നീട് 20 മില്യണ്‍ നൈറയായി അക്രമികള്‍ കുറച്ചു. ഇസേലി-ഉക്കു രൂപതയുടെ മാധ്യമ വക്താവ് ചാള്‍സ് ഉഗാന്‍വാ വൈദികരെ മോചിപ്പിക്കണമെന്ന് അക്രമികളോട് മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സഭ ഒരുകാരണവശാലും മോചനദ്രവ്യം നല്‍കില്ലെന്നും ചാള്‍സ് ഉഗാന്‍വാ പറഞ്ഞു. നൈജീരിയായുടെ തെക്കന്‍ മേഖലകളില്‍ നിന്നും കത്തോലിക്ക പുരോഹിതരെ തട്ടിക്കൊണ്ടു പോയ നിരവധി സംഭവങ്ങള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നൈജീരിയന്‍ കാത്തലിക് ഡയോസിസ് പ്രീസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റായ ഫാദര്‍ സില്‍വെസ്റ്റര്‍ ഒന്‍മോക് സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. സഭയോടുള്ള പരസ്യമായ വെല്ലുവിളിയായി മാത്രമേ ഇത്തരം സംഭവങ്ങളെ കാണുവാന്‍ സാധിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഫുലാനി ഹെഡ്‌സ്മാന്‍ ഗോത്രത്തിലെ ആളുകള്‍ ക്രൈസ്തവരെ ആക്രമിച്ച് കൊലപ്പെടുത്തുകയും, കൃഷിഭൂമിയും സമ്പത്തും കൈക്കലാക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ നൈജീരിയായില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.