News - 2024

രക്ഷകനെ കാണാന്‍ പുറപ്പെട്ട ജ്ഞാനികള്‍ ദൈവത്തെ അന്വേഷിക്കുന്നവരുടെ പ്രതിനിധികളാണെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 07-01-2017 - Saturday

വത്തിക്കാന്‍: യേശുവിനെ കാണുവാന്‍ ദൂരെ നിന്നു എത്തിയ മൂന്നു പണ്ഡിതന്‍മാരും ദൈവത്തെ അന്വേഷിക്കുന്നവരുടെ യഥാര്‍ത്ഥ പ്രതിനിധികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദനഹാ തിരുനാളില്‍ വിശുദ്ധ ബലി മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. പണ്ഡിതന്‍മാരുടെ ഹൃദയങ്ങള്‍ ഉന്നതങ്ങളിലേക്ക് തുറന്നിരുന്നതിനാലാണ് അവര്‍ക്ക് രക്ഷകന്‍ പിറന്നിടത്തേക്ക് കൃത്യമായി എത്തുവാന്‍ സാധിച്ചതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

"ദൈവത്തെ ശരിയായി അന്വേഷിക്കുന്നവരുടെയും, തങ്ങളുടെ സ്വര്‍ഗീയ ഭവനങ്ങളെ കുറിച്ച് ബോധ്യമുള്ളവരുടെയും യഥാര്‍ത്ഥ പ്രതിനിധികളാണ് ക്രിസ്തുവിനെ തേടിയെത്തിയ മൂന്നു പണ്ഡിതന്‍മാരും. രക്ഷകനായി കാത്തിരിന്നവരാണ് അവര്‍. ദൈവത്തെ കാത്തിരിക്കുന്നവരും, ദൈവീക ഇടപെടലുകള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിനായി പ്രതീക്ഷിക്കുന്നവരും എല്ലാ കാലഘട്ടത്തിലും ജീവിക്കുന്നുണ്ട്. ബൈബിളില്‍ ഉടനീളം ഇത്തരക്കാരായ ആളുകളുടെ ജീവിതം നമുക്ക് നേരില്‍ കാണാം. പ്രതീക്ഷയോടെ കര്‍ത്താവിനെ കാത്തിരിക്കുന്നവരാണ് വിശ്വാസികള്‍". മാര്‍പാപ്പ പറഞ്ഞു.

രക്ഷകനായി കാത്തിരുന്ന പുതിയ നിയമത്തിലെ വിവിധ കഥാപാത്രങ്ങളെ തന്റെ പ്രസംഗത്തില്‍ പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു. രക്ഷകനെ തന്റെ കൈയില്‍ എടുക്കാതെ മരണം കാണില്ലെന്നു ഉറച്ച് വിശ്വസിച്ച ശിമയോനും, തന്റെ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി വന്ന ധൂര്‍ത്തപുത്രനും, ഇടയന്റെ വരവിനായി കാത്തിരിക്കുന്ന കൂട്ടംതെറ്റിപോയ ആടും, ക്രിസ്തുവിന്റെ കല്ലറയിലേക്ക് പ്രതീക്ഷയോടെ ചെല്ലുന്ന മഗ്ദലന മറിയവുമെല്ലാം ദൈവത്തിനായി പ്രതീക്ഷയോടെ കാത്തിരുന്നവരുടെ വിവിധ പ്രതിനിധികളാണെന്നും ഫ്രാന്‍സിസ് പാപ്പ തന്റെ പ്രസംഗത്തിലൂടെ വിവരിച്ചു.

"കടുത്ത ഏകാന്തതയിലും പ്രതീക്ഷയ്ക്ക് വകനല്‍കുന്നത് ദൈവത്തിന് വേണ്ടിയുള്ള ഈ പ്രത്യേക കാത്തിരിപ്പാണ്. ഈ വിശ്വാസമാണ് നമ്മേ ഒരു കാര്യത്തിനും മാറ്റിമറിക്കുവാന്‍ കഴിയില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നത്. വിരസവും ഏകാന്തവുമായ നമ്മുടെ ദിനചര്യകളില്‍ പോലും പുതുമ കണ്ടെത്തുവാന്‍ ദൈവത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് സഹായകരമാണ്. കര്‍ത്താവിനെ കാത്തിരുന്നവരെ ഇന്നലെകളില്‍ മാത്രമല്ല കാണാന്‍ സാധിക്കുന്നത്. ഇന്നലെകളില്‍ തുടങ്ങി നാളെയ്ക്ക് നീളുന്ന ഒരു പ്രക്രിയയായി അത് തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു". ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചു.

പണ്ഡിതര്‍ ക്രിസ്തുവിനെ വിശ്വസിച്ചപ്പോള്‍ ഹെറോദേസ് രാജാവിന് ഭയമാണ് ഉണ്ടായതെന്നും പാപ്പ പറഞ്ഞു. എല്ലാം പിടിച്ചടക്കാനുള്ള മനസിന്റെ താല്‍പര്യത്തില്‍ നിന്നുമാണ് ഇത്തരമൊരു ഭയം ഉളവാകുന്നതെന്നും പാപ്പ ചൂണ്ടികാണിച്ചു. ക്രിസ്തുവിനെ പ്രതീക്ഷയോടെ കാത്തിരിന്ന പണ്ഡിതര്‍, അവിടുത്തെ കണ്ട ശേഷം പൈതലിനെ കുമ്പിട്ട് ആരാധിക്കുന്നതായും സുവിശേഷ ഭാഗം സൂചിപ്പിക്കുന്നുണ്ട്. നിസാരനായ ഒരു ശിശുവിന്റെ മുന്നില്‍ തങ്ങളെ മുട്ടുകുത്തുവാന്‍ പ്രേരിപ്പിക്കുന്നത് തന്നെ പണ്ഡിതരുടെ ഉള്ളിലെ വിശ്വാസമാണ്.

"നാം പ്രതീക്ഷിക്കാത്ത ഇടങ്ങളിലും, ഒരിക്കലും നാം സാധ്യമല്ലെന്നു വിശ്വസിക്കുന്ന സ്ഥലങ്ങളിലുമാണ് ദൈവം വന്നു പിറക്കുക. ദൈവത്തെ നിരസിക്കുന്ന പ്രദേശങ്ങളിലേക്ക് അവിടുന്ന് വന്നു പിറക്കുന്നുണ്ട്. ദൈവത്തിന്റെ കണ്ണില്‍ എല്ലായ്‌പ്പോഴും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും, പീഡനം അനുഭവിക്കുന്നവര്‍ക്കും, അനാഥര്‍ക്കും പ്രത്യേക സ്ഥാനമുണ്ട്. ഇതാണ് അവിടുത്തെ കാരുണ്യം". ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

35,000-ല്‍ അധികം വിശ്വാസികളാണ് എപ്പിഫെനി തിരുനാളിന് പങ്കെടുക്കുന്നതിനായി വത്തിക്കാനിലേക്ക് എത്തിച്ചേര്‍ന്നത്. ക്രിസ്തുവെന്ന വെളിച്ചത്തെ നമ്മുടെ ഉള്ളിലേക്ക് കൊണ്ടുവരുവാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. മുപ്പതോളം കര്‍ദ്ദിനാളന്മാരും, ആര്‍ച്ചുബിഷപ്പുമാരും നിരവധി മെത്രാന്മാരും ഇരുനൂറ്റിയമ്പതോളം വൈദികരും മാര്‍പാപ്പ അര്‍പ്പിച്ച ബലിയില്‍ സഹകാര്‍മ്മികരായിരിന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 125