News - 2024

നൈജീരിയായില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 800-ല്‍ അധികം ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 05-01-2017 - Thursday

അബൂജ: ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്നും മോചനം നേടിവരുന്ന നൈജീരിയന്‍ ക്രൈസ്തവ സമൂഹത്തിനെതിരെ മുസ്ലീം ഗോത്രവര്‍ഗ വിഭാഗമായ ഫുലാനി ഹെഡ്‌സ്‌മെന്റെ ആക്രമണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് 800-ല്‍ അധികം ക്രൈസ്തവര്‍ ഫുലാനികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും 16 ദൈവാലയങ്ങള്‍ തകര്‍ത്തെന്നും 1200-ല്‍ അധികം ആളുകളെ ഭവനരഹിതരാക്കിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

2009-ല്‍ ആണ് രാജ്യത്തെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഐഎസ് അനുഭാവികളായ ബോക്കോഹറാം തീവ്രവാദികള്‍ ആക്രമണം തുടങ്ങിയത്. നിരവധി ക്രൈസ്തവര്‍ക്കാണ് ബോക്കോഹറാമിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ബോക്കോഹറാമിലും ശക്തമായ രീതിയില്‍ ഫുലാനി ഹെഡ്‌സ്‌മെന്‍ ഗോത്രവിഭാഗം ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2016-ന്റെ അവസാനത്തെ മൂന്നു മാസങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഫുലാനികള്‍ നടത്തിയത് രൂക്ഷമായ ആക്രമണമാണ്.

കഴിഞ്ഞ വര്‍ഷം ഫുലാനികള്‍ നടത്തിയ ആക്രമണത്തിന്റെ കണക്കുകള്‍ കഫാന്‍ചാന്‍ രൂപതയുടെ ബിഷപ്പായ ജോസഫ് ബഗോബിരി 'ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. "53 ഗ്രാമങ്ങള്‍ അവര്‍ തീയിട്ടു നശിപ്പിച്ചു. 808 പേര്‍ക്ക് തങ്ങളുടെ ജീവന്‍ ഫുലാനി ഹെഡ്‌സ്‌മെനിന്റെ ആക്രമണത്തില്‍ നഷ്ടമായി. 57 പേര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. 1422 വീടുകള്‍ തകര്‍ത്ത അവര്‍, 16 ദേവാലയങ്ങളും പൂര്‍ണ്ണമായും നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസം മുതലുള്ള കണക്കുകള്‍ മാത്രമാണിത്". ബിഷപ്പ് ജോസഫ് ബഗോബിരി പറഞ്ഞു.

ക്രൈസ്തവരെയും, സാധാരണക്കാരായ മുസ്ലീം വിശ്വാസികളെയും ഫുലാനി ഹെഡ്‌സ്‌മെന്‍ വിഭാഗം ആക്രമിക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് ബഗോബിരി കൂട്ടിച്ചേര്‍ത്തു. എകെ-47 ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഗോത്രവര്‍ഗ വിഭാഗക്കാര്‍ ആക്രമണം നടത്തുന്നത്. ന്യൂനപക്ഷ സമൂഹങ്ങളുടെ കൃഷിയിടങ്ങളിലേക്ക് കൈയേറി ആക്രമണം നടത്തുകയും, അവിടെ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന രീതിയാണ് ഫുലാനികള്‍ ഉപയോഗിക്കാറുള്ളതെന്നും ബിഷപ്പ് പറഞ്ഞു.

പലപ്പോഴും ഫുലാനി ഹെഡ്‌സ്‌മെന്‍ വിഭാഗം നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ലെന്നും ബിഷപ്പ് ജോസഫ് ബഗോബിരി കുറ്റപ്പെടുത്തി. ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തെ നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ ബിഷപ്പ്, ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള കരുതികൂട്ടിയുള്ള ആക്രമണങ്ങളും പ്രദേശത്ത് ഗോത്രവര്‍ഗ വിഭാഗം നടത്തുന്നതായും പറഞ്ഞു.

More Archives >>

Page 1 of 124