News - 2025

സുരക്ഷാ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ചു

സ്വന്തം ലേഖകൻ 30-11-2015 - Monday

"എല്ലാവരും സഹോദരരാണ്" എന്ന സന്ദേശവുമായി, ഫ്രാൻസിസ് മാർപാപ്പ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ St. Sauveur അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ചു- Zenit റിപ്പോർട്ട് ചെയ്യുന്നു.

"നമ്മുടെ എല്ലാ വിധ പ്രവർത്തനങ്ങളും, പ്രാർത്ഥനയും, സമാധാനം പുന:സ്ഥാപിക്കുന്നതിന് ആവശ്യമാണ്."

ക്ഷമ, സമാധാനം, ഒരുമ, സ്നേഹം എന്നീ വാക്കുകൾ എഴുതിയ പ്ലക്കാർഡുകളുമായി, കുട്ടികൾ അദ്ദേഹത്തിന് സ്വാഗതമേകി.

റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാൻ ഗൂയിയിൽ എത്തിയ ഉടനെ, പിതാവ്, ഒരു തുറന്ന പോപ് മൊബൈലിൽ, പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം, അദ്ദേഹം സെന്റ്.സേവ്നർ അഭയാർത്ഥി ക്യാമ്പിലെത്തി.

രാജ്യത്ത് നടക്കുന്ന വംശീയ ലഹളകളിൽ ഭവനം നഷ്ടപ്പെട്ട, നാലായിരത്തിലധികം ആളുകൾക്ക് രക്ഷാ സങ്കേതമൊരുക്കിയിരിക്കുന്നത് ഈ ക്യാമ്പിലാണ്.

സുരക്ഷാകാരണങ്ങളാൽ, മാർപാപ്പയുടെ ഇങ്ങോട്ടുള്ള യാത്ര ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 1960-ൽ, ഫ്രഞ്ച് ആധിപത്യത്തിൽ നിന്നും സ്വാതന്ത്രൃം നേടിയ മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ്.

കഴിഞ്ഞ രണ്ടു വർഷമായി രാജ്യം, മതപരവും ഗോത്രപരവുമായ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. മുസ്ലീം - കൃസ്ത്യൻ സംഘർഷത്തിന്റെ ഫലമായി, പതിനായിരക്കണക്കിന് ആളുകൾ രാജ്യം വിട്ട്, അയൽ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പോയിക്കഴിഞ്ഞു. രാജ്യം വംശഹത്യയിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് U.N വിലയിരുത്തിയിരുന്നു.

മാർപാപ്പയുടെ ആഫ്രിക്കൻ സന്ദർശനത്തിൽ, ഏറ്റവും കൂടുതൽ സുരക്ഷാ ഭീഷിണി ഉയർന്നിരുന്ന ഒരു സന്ദർശനമായിരുന്നു, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലേത്.

ഈ സുരക്ഷാ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു കൊണ്ടാണ് പിതാവ്, കലാപ ബാധിതമായ രാജ്യവും, അവിടത്തെ അഭയാർത്ഥി ക്യാമ്പും സന്ദർശിച്ചത്.

"സമാധാനത്തിലേക്കുള്ള യാത്ര സ്നേഹത്തിലൂടെയാണ്, സൗഹൃദത്തിലൂടെയാണ്, ക്ഷമയിലൂടെയും സഹിഷ്ണുതയിലൂടെയും ആണ്!" പിതാവ് പറഞ്ഞു.

ഗോത്രങ്ങളുടെയും, വിഭിന്ന സംസ്ക്കാരങ്ങളുടെയും, മതം, സാമൂഹ്യ അന്തസ്. എന്നിവയുടെയൊന്നും പരിമതികളിൽ പെടാതെ, ഈ രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കപ്പെടട്ടെ എന്ന് പിതാവ് ആശംസിച്ചു. "എല്ലാവർക്കും സമാധാനം ലഭിക്കട്ടെ! കാരണം നാമെല്ലാം സഹോദരരാണ്."

"നമ്മളെല്ലാം സഹോദരരാണ്" പിതാവിന്റെ നിർദ്ദേശം അനുസരിച്ച്, ശ്രോതാക്കൾ അത് ഏറ്റു പറഞ്ഞു. "നമ്മളെല്ലാം സഹോദരരാണ്. നമ്മളെല്ലാം സമാധാനം ആഗ്രഹിക്കുന്നു."

അവരെയെല്ലാം അനുഗ്രഹിച്ചു കൊണ്ടും, തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ അവരോട് ആവശ്യപ്പെട്ടുകൊണ്ടും, അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.

റോമിലേക്ക് തിരിക്കുന്നതിനു മുമ്പ്, റിപ്പബ്ലിക്കിൽ, പിതാവിന് കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ഒരു മുസ്ലിം ദേവാലയത്തിലെത്തി, അവിടത്തെ മുസ്ലീങ്ങളുമായി അഭിമുഖം , ബെർത്തലമ്യ ബൊഗാഡ സ്റ്റേഡിയത്തിൽ ദിവ്യബലിയർപ്പണം, എന്നിവ അദ്ദേഹത്തിന്റെ സന്ദർശന പരിപാടികളിൽ പെട്ടതാണ്. നഗരത്തിലെ ദേവാലയത്തിൽ വിശുദ്ധ കവാടം തുറക്കുക എന്നുള്ളത്, പിതാവിന്റെ റിപ്പബ്ലിക് സന്ദർശനത്തിന്റെ ഏറ്റവും പ്രധാന ഭാഗമാണ്. ഡിസംബർ 8- ന് വത്തിക്കാനിൽ, കരുണയുടെ വർഷം തുടങ്ങുന്നതിന് മുമ്പ്, ആഫ്രിക്കയിൽ ഒരു ദേവാലയത്തിൽ വിശുദ്ധ കവാടം തുറക്കും എന്ന്, പിതാവ് നേരത്തെ തന്നെ പഖ്യാപിച്ചിരുന്നു. അതാണ് ഇപ്പോൾ പൂർത്തീകരിക്കപ്പെടുന്നത്.

More Archives >>

Page 1 of 16