Tuesday Mirror - 2024
നിരീശ്വരവാദിയായി ദേവാലയത്തിലേക്കുള്ള യാത്രയും വിശ്വാസിയായുള്ള മടക്കയാത്രയും
സ്വന്തം ലേഖകന്‍ 18-04-2017 - Tuesday
ഇന്ന്‍ നമ്മില്‍ പലര്‍ക്കും വിശുദ്ധ കുര്‍ബാനയെന്നത് വെറും ഒരു ആചാരം മാത്രമാണ്. നമ്മുടെ പൂര്‍വ്വികര്‍ പങ്കെടുത്തു, അതിനാല്‍ ഞാനും പങ്കെടുക്കുന്നു: എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്നു: അതിനാല്‍ ഞാനും ദിവ്യബലിക്കായി പോകുന്നു. ഈ ഒരു ചിന്ത കൊണ്ട് മാത്രമാണു ഇന്നു നമ്മില്‍ പലരും ദിവ്യബലിയില്‍ പങ്കെടുക്കുന്നത്. ദിവ്യബലിയില്‍ പങ്കെടുത്താല്‍ തന്നെ അത് തികച്ചും യാന്ത്രികമായിട്ടായിരിക്കും നാം പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും. ചുരുക്കത്തില്‍ വിശുദ്ധ കുര്‍ബാന എന്നത് നമ്മില്‍ പലര്‍ക്കും ഒരു അനുഭവമായിട്ടിലായെന്നതാണ് യാഥാര്‍ത്ഥ്യം: അല്ല വിശുദ്ധ കുര്‍ബാന അനുഭവമാക്കാന്‍ നാം ശ്രമിച്ചിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. താന്‍ പങ്കെടുത്ത ആദ്യ കുര്‍ബാനയില്‍ തന്നെ ഈശോയുടെ സ്നേഹം തിരിച്ചറിഞ്ഞ അലൈന്‍ എന്ന നിരീശ്വരവാദിയുടെ ജീവിതം നമ്മുക്ക് വലിയ ഒരു പാഠമാണ് നല്‍കുന്നത്.
ഫ്രാന്‍സിലെ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് മാരി എന്ന അലൈന്‍ ജനിച്ചത്. അലൈന്‍ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ടായിരുന്നു എങ്കിലും വിശ്വാസപരമായ യാതൊരു അറിവും അവനു ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ വിശ്വാസപരമായ കാര്യങ്ങളില്‍ അവന്‍ സജീവമായിരിന്നില്ല. അവന്റെ മുത്തശ്ശി ഒഴികെ കുടുംബത്തിലുള്ള ബാക്കിയുള്ളവരെല്ലാം വിശ്വാസത്തില്‍ നിന്നും അകന്ന രീതിയിലായിരുന്നു ജീവിച്ചിരുന്നത്.
തന്റെ ആരംഭ കാലഘട്ടത്തില്‍ ഒരു കൗമാരക്കാരനെന്ന നിലയില്‍ തന്റെ വികാസത്തിനുള്ള ഒരു തടസ്സമായിട്ടായിരുന്നു അവന്‍ തന്റെ വിശ്വാസത്തെ കണക്കാക്കിയിരുന്നത്. അലൈന്‍ വളരുംതോറും മനുഷ്യന്റെ അസ്ഥിത്വത്തെക്കുറിച്ചും, തത്വശാസ്ത്രത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ആരായാനും ഉത്തരം കണ്ടെത്താനും തുടങ്ങി. ലോകം എങ്ങിനെ ചലിക്കുന്നു? ഈ ഭൂമിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ? പ്രകൃതിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ? ലോകത്തിന് വേണ്ടിയുള്ള അന്വേഷണങ്ങളില്‍ അവന്‍ സദാ വ്യാപൃതനായി. എന്നാല്‍ അധികം താമസിയാതെ തന്നെ അവന്‍ നിരാശനുമായി.
തന്നില്‍ ആത്മീയതയുടെ അഭാവം ഉണ്ടായിരുന്നുവെന്ന് അവന്‍ മനസ്സിലാക്കി. ലോകത്തിന്റെ വഴികള്‍ പലതും തുറന്നെങ്കിലും തന്റെ ആത്മീയ വഴി മൂടപ്പെട്ട് കിടക്കുകയായിരുന്നുവെന്ന ചിന്ത അവനെ ദുഃഖത്തിലാഴ്ത്തി. തുടര്‍ന്ന് ഒരു പുതിയ അവബോധത്തോടു കൂടി അവന്‍ തന്റെ ആത്മീയ യാത്ര ആരംഭിച്ചു. തന്റെ ചിന്തകള്‍ക്കും യുക്തിക്കും അതീതമായ എന്തെങ്കിലും ഒന്നു ഈ ലോകത്തില്‍ ഉണ്ടോയെന്ന് അറിയാന്‍ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം അവന്‍ ആഫ്രിക്കയിലേക്ക് പോയി. മുസ്ലീമുകള്‍ ന്യൂനപക്ഷമായിട്ടുള്ള ഒരു ക്രിസ്തീയ ഗ്രാമത്തിലായിരുന്നു അലൈന്‍ താമസിച്ചിരുന്നത്. അവിടെ വെച്ചാണ് താന്‍ യേശുവിനെ കണ്ട് മുട്ടിയതെന്ന് 'അലീറ്റിയ' മാധ്യമത്തോട് അദ്ദേഹം പറഞ്ഞു.
ശക്തമായ ക്രൈസ്തവ വിശ്വാസത്തോടു കൂടി കുടുംബജീവിതം നയിക്കുന്ന ഒരുപാട് ആളുകളെ അലൈന്‍ ആ ചെറിയ ഗ്രാമത്തില്‍ കണ്ടു. മറ്റുള്ളവരോട് സ്നേഹപൂര്‍വ്വം പെരുമാറുന്ന ആളുകള്‍, പങ്കുവെക്കുന്ന സ്നേഹത്തിന്റെ ഉദാത്തഭാവം, പ്രാര്‍ത്ഥനയില്‍ ആനന്ദം കണ്ടെത്തുന്ന ഗ്രാമീണരുടെ വിശ്വാസം ഇതെല്ലാം അവനെ ഏറെ സ്വാധീനിച്ചു. ക്രമേണ അവരുമായുള്ള അടുപ്പം, അവരുടെ വിശ്വാസ രീതി എന്നിവ തന്റെ ജീവിതത്തില്‍ സ്വാംശീകരിക്കുവാന്‍ അലൈനും ആരംഭിച്ചു.
ഇതിന്റെ തുടക്കം എന്ന നിലയില്‍ നിരീശ്വരവാദിയായ അവന്‍ ക്രിസ്തുമസിനു ദേവാലയത്തില്‍ പോവുകവരെ ഉണ്ടായി. എന്നാല്‍ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെങ്കിലും ജന്മം കൊണ്ട് പ്രൊട്ടസ്റ്റന്‍റ് വിശ്വാസിയായതിനാല്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാറില്ലായിരുന്നു. ഫ്രഞ്ച് സംസ്കാരവുമായി യാതൊരു ബന്ധവും ഇല്ലാത്ത ഈ ചെറിയ ഗ്രാമത്തില്‍, മതത്തെ കുറിച്ചറിയുന്നതിനു കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്ന് അവന് തോന്നി.
അങ്ങനെയിരിക്കെ വളരെ യാദൃശ്ചികമായി വിശുദ്ധ കുര്‍ബാനയില്‍ അവനും പങ്കെടുത്തു. ജ്ഞാനസ്നാനത്തോടനുബന്ധിച്ചുള്ള ഒരു കുര്‍ബ്ബാനയായിരുന്നു അത്. ഈ ദിവ്യബലിയില്‍ വെച്ചു അലെന് ശക്തമായ ദൈവാനുഭവം ഉണ്ടാകുകയായിരിന്നു. ജീവിക്കുന്ന ഒരു ദൈവം ഉണ്ടെന്നും ആ ദൈവത്തില്‍ അഭയം തേടണം എന്ന ചിന്ത അവനില്‍ ജ്വലിച്ചു. ഒരു നിരീശ്വരവാദിയായി കുര്‍ബ്ബാനക്ക് പോയ താന്‍ ഒരു വിശ്വാസിയായി തിരികെ വരികെയായിരിന്നുവെന്നും അലൈന്‍ പറഞ്ഞു. “എന്റെ ജീവിതം പൂര്‍ണ്ണമായി ക്രിസ്തുവിനു സമര്‍പ്പിച്ചാല്‍ മാത്രമേ എന്റെ ജീവിതത്തിനു ഒരര്‍ത്ഥം ഉണ്ടാവുകയുള്ളൂ”. ദിവ്യബലിക്ക് ശേഷം തന്റെ മനസ്സിലേക്ക് വന്ന ചിന്ത ഇതായിരിന്നുവെന്ന്‍ അലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി.
ഒരുപാട് മാറ്റം സംഭവിച്ച ആളായി അലൈന്‍ ഫ്രാന്‍സില്‍ തിരിച്ചെത്തി, ആ മാറ്റം അവനില്‍ അഗാധമായി വേരുറപ്പിച്ചിരുന്നു. താന്‍ ആഫ്രിക്കയില്‍ ജീവിച്ചതു പോലെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന വ്യക്തികളെ പിന്തുടരുവാന്‍ അവന്‍ തീരുമാനിച്ചു. ദൈവത്തെ അന്വോഷിക്കുവാനുള്ള ആത്മീയ യാത്രയില്‍ അവരെ സഹായിക്കുക അതായിരുന്നു അവന്റെ ലക്ഷ്യം. എങ്കിലും അവന്റെ മനസ്സില്‍ മറ്റൊരു ചിന്ത അലട്ടിയിരിന്നു. ഒരു അത്മായനായി ജീവിക്കുവാനാണോ അതോ ക്രിസ്തുവിനായി സമര്‍പ്പിത ജീവിതം നയിക്കുവാനാണോ തന്റെ ദൈവനിയോഗം? ഈ കാര്യം അവന് തീര്‍ച്ചയില്ലായിരുന്നു.
തുടര്‍ന്നു ദീര്‍ഘസമയം പ്രാര്‍ത്ഥിക്കുവാനും ദൈവശാസ്ത്രം പഠിക്കുവാനും അവന്‍ ആരംഭിച്ചു. പിന്നീട് അവന്‍ ലെരിന്‍സ് ദ്വീപിലുള്ള സിസ്റ്റേരിയന്‍ (ട്രാപ്പിസ്റ്റ്) സന്യാസ സമൂഹത്തിന്റെ ആശ്രമം സന്ദര്‍ശിക്കുവാന്‍ തുടങ്ങി. അവിടെവെച്ച് അവന്‍ ജീവിതത്തിന്റെ താളം കണ്ടെത്തി. താന്‍ വളരെക്കാലമായി അന്വോഷിച്ചുകൊണ്ടിരുന്ന സന്യാസജീവിതത്തെ അറിയുവാനും തുടങ്ങി. അങ്ങനെ തന്റെ 31-മത്തെ വയസ്സില്‍ അലൈന്‍ 'ബ്രദര്‍ മാരി' ആയി. തന്റെ ജീവിതം മാറ്റിമറിച്ച ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവന്‍ ഒരു സിസ്റ്റേറിയന്‍ സന്യാസിയായി മാറികഴിഞ്ഞിരുന്നു. 13 വര്‍ഷത്തോളം അവന്‍ ആശ്രമത്തിലെ നൊവീസ് മാസ്റ്റര്‍ ആയിരുന്നു. ഇപ്പോള്‍ താമസത്തിന്റേയും ഭക്ഷണ കാര്യങ്ങളുടേയും നടത്തിപ്പ് ചുമതല ബ്രദര്‍ മാരിക്കാണ്.
ആത്മീയന്വോഷണത്തിനായി വരുന്നവര്‍ക്ക് പറ്റിയ സ്ഥലമൊരുക്കുന്ന മനോഹരമായ ചുമതല. ഓരോ വര്‍ഷവും ഏതാണ്ട് 3000 മുതല്‍ 4000 ആളുകള്‍ വരെ ആശ്രമത്തില്‍ വരുന്നു. ആശ്രമത്തിലേക്ക് വരുന്ന ഓരോ മുഖത്തിനും വ്യത്യസ്ഥ കഥകള്‍ ആണുള്ളതെന്ന് മാരി പറയുന്നു. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിന് മുന്‍പ് താന്‍ ചോദിച്ചിരുന്ന അതേ ചോദ്യങ്ങളുമായി വരുന്ന അനേകരെ കണ്ടിട്ടുണ്ടെന്നും മാരി വെളിപ്പെടുത്തി. ഇന്നു ആയിരങ്ങള്‍ക്ക് പുഞ്ചിരി സമ്മാനിച്ചു കൊണ്ട് യേശുവിനെ അറിയാന്‍ വരുന്നവര്‍ക്ക് സ്നേഹപൂര്‍വം സ്വാഗതമരുളുകയാണ് ബ്രദര്‍ മാരി.