News - 2025

എന്തിനാണ് കരുണയുടെ വർഷം? ഫ്രാൻസിസ് മാർപാപ്പ മറുപടി പറയുന്നു

അഗസ്റ്റസ് സേവ്യർ 11-12-2015 - Friday

കരുണയുടെ വർഷത്തിന്റെ ആരംഭം കുറിച്ചതിന്റെ പിറ്റെ ദിവസം, സെന്റ് പീറ്റേർസ് ബസലിക്കയിൽ പൊതുപ്രഭാഷണ സമയത്ത് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് കരുണയുടെ വർഷത്തിന്റെ കാര്യ- കാരണങ്ങളിലേക്കാണ്. "എന്തിനാണ് കരുണയുടെ വർഷം?" ഡിസംബർ 9-ലെ പ്രഭാഷണത്തിൽ അദ്ദേഹം ചോദിച്ചു.

"അത് സഭയ്ക്ക് നല്ലതാണെന്നല്ല ഞാൻ പറയുന്നത്! അത് സഭയ്ക്ക് അത്യാവശ്യമാണ്!"

ഡിസംബർ 8-ന് മാതാവിന്റെ അമലോൽഭവ തിരുനാൾ ദിനത്തിലാണ്, കരുണയുടെ ജൂബിലി വർഷം തുറക്കപ്പെട്ടത്. 2016 നവംബർ 20-ന് ക്രിസ്തുവിന്റെ രാജത്വതിരുനാൾ ദിനത്തിൽ കരുണയുടെ വർഷത്തിന് സമാപനം കുറിക്കും.

സെന്റ് പീറ്റേർസ് ബസലിക്കയിൽ വിശുദ്ധ വാതിൽ തുറന്നു കൊണ്ടാണ് പിതാവ് കരുണയുടെ വർഷം ഉദ്ഘാടനം ചെയ്തത്. ശരിയായ ഒരുക്കങ്ങളോടെ, വിശുദ്ധ വാതിലിലൂടെ ദേവാലയത്തിൽ പ്രവേശിക്കുന്നവർക്ക് പൂർണ്ണ ദണ്ഡ വിമോചനം ലഭിക്കും. ബസലിക്കയിലെ വിശുദ്ധ വാതിൽ സാധാരണയായി, 25 വർഷം കൂടുമ്പോഴുള്ള ജൂബിലി വർഷങ്ങളിലാണ് തുറക്കപ്പെടുക.

വിശുദ്ധ വാതിൽ തുറന്ന് ആദ്യം ഫ്രാൻസിസ് പാപ്പയും, തുടർന്ന് മുൻ മാർപാപ്പ ബെനഡിക്ട് XVI - മനും ദേവാലയത്തിൽ പ്രവേശിച്ചു.

ജൂബിലി വർഷത്തിൽ, വിശ്വാസികൾക്ക് പാപമോചനത്തിനായി തിരുസഭകൽപ്പിച്ചു നൽകുന്ന, ഒരു അസാധാരണ വഴിയാണ് വിശുദ്ധ വാതിൽ.

വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ദൈവത്തിന്റെ സാമീപ്യം ലോകത്തിന് മനസ്സിലാക്കി കൊടുക്കേണ്ടത് സഭയുടെ കടമയാണെന്ന്, പിതാവ് ഓർമ്മിപ്പിച്ചു.

ജൂബിലി അതിന് അനുയോജ്യമായ സമയമാണ്. മാനുഷീക ദൗർബല്യങ്ങൾ മറികടന്ന്, നമ്മുടെ പാപങ്ങളുടെ അന്ധകാരത്തിന് മേൽ വെളിച്ചം വീശുന്നതാണ്, ദൈവത്തിന്റെ അനന്തമായ കരുണ. ആ കരുണയിലേക്ക് മനുഷ്യ ശ്രദ്ധ തിരിച്ചുവിടാനാണ്, ജൂബിലി ആഘോഷിക്കുന്നത്.ഈ വിശുദ്ധവർഷത്തിലൂടെ നാം സുവിശേഷത്തിന്റെ ഹൃദയത്തിൽ, കരുണയുടെ മൂർത്തിമദ് ഭാവമായ യേശുവിൽ, ദൃഷ്ടികൾ അർപ്പിക്കുകയാണ്. അപ്പോൾ, കരുണയുടെ ജൂബിലി ആഘോഷിക്കുന്നതു വഴി, നാം നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിന്റെ ഹൃദയഭാഗത്തിലേക്ക്, ക്രൈസ്തവ വിശ്വാസങ്ങൾ പുന:പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്.

നമ്മുടെ ഇന്നത്തെ സമൂഹത്തിൽ, സ്ഥാപനങ്ങളിൽ, ജോലിയിടങ്ങളിൽ, വീടുകളിൽ പോലും, മാപ്പ്, ക്ഷമ തുടങ്ങിയവ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഈ ലോകത്ത്, ഈ ജൂബിലി വർഷത്തിലൂടെ , ദൈവത്തെ ഏറ്റവുമധികം പ്രീതിപ്പെടുത്തുന്ന കരുണ, നമുക്ക് മനസിൽ ഉറപ്പിക്കാം.

കരുണയേക്കാൾ ദൈവത്തിന് പ്രീതികരമായി മറ്റൊന്നുമില്ല.

നമ്മുടെ ഹൃദയത്തിൽ കരുണ നിറയുമ്പോൾ, അചിരേണ അത് ലോകനന്മയായി പരിണമിക്കും.

കരുണയുടെ ഏറ്റവും വലിയ പ്രതിബന്ധം, സ്വയമേയുള്ള സ്നേഹമാണ്. അത് സുഖവും പ്രശസ്തിയും തേടിയുള്ള, പണം തേടിയുള്ള, പരക്കംപാച്ചിലിലേക്ക് നയിക്കുന്നു ! അവിടെയാണ് നന്മയുടെ വ്യജ വേഷക്കാർ ജനിക്കുന്നത് !

"നന്മയുടെ കപടനാട്യക്കാർ ആകാതിരിക്കാൻ, പരിശുദ്ധ മറിയത്തിന്റെ മദ്ധ്യസ്ഥതക്കായി നമുക്ക് പ്രാർത്ഥിക്കം." പിതാവ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

Source: EWTN News

More Archives >>

Page 1 of 17