Meditation. - June 2024

യേശുവിന്റെ നാമത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ പിതാവായ ദൈവം ലോകത്തെ ആഹ്വാനം ചെയ്യുന്നു

സ്വന്തം ലേഖകന്‍ 19-06-2024 - Wednesday

"അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപൻ, അവൻ ഇപ്രകാരം മരിച്ചതു കണ്ടു പറഞ്ഞു: സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു" (മർക്കോസ് 15:39)

യേശു ഏകരക്ഷകൻ: ജൂണ്‍ 19
പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്കയച്ചുകൊണ്ട് അവനിൽ വിശ്വസിക്കുവാൻ ലോകത്തെ ആഹ്വാനം ചെയ്യുന്നു. ക്രിസ്തുവിന്റെ ഭൗമികജീവിത കാലത്തു രണ്ടു സുപ്രധാന സന്ദര്‍ഭങ്ങളില്‍- മാമ്മോദീസയുടെയും രൂപാന്തരീകരണത്തിന്റെയും സമയങ്ങളിൽ, ദൈവം നേരിട്ട് സ്വന്തം ശബ്ദത്തിൽ യേശു ദൈവപുത്രനാണെന്ന് വെളിപ്പെടുത്തുന്നു. രൂപാന്തരീകരണ സമയത്ത്, അവനെ ശ്രവിക്കുവാനും സ്വർഗ്ഗസ്ഥനായ പിതാവ് ലോകത്തോട് ആവശ്യപ്പെടുന്നു.

ദൈവത്തിന്‍റെ 'ഏകപുത്രന്‍' എന്ന് യേശു തന്നെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു; ഈ അഭിധാനത്തിലൂടെ തന്‍റെ സനാതനമായ അസ്ഥിത്വം അവിടുന്നു വ്യക്തമാക്കുന്നു. 'ദൈവത്തിന്‍റെ ഏകപുത്രന്‍റെ നാമത്തില്‍' വിശ്വാസമര്‍പ്പിക്കാന്‍ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. ഈ ക്രൈസ്തവവിശ്വാസ പ്രഖ്യാപനം ക്രൂശിതനായ യേശുവിന്‍റെ മുന്‍പില്‍വച്ച്, 'തീര്‍ച്ചയായും ഈ മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു' എന്ന ശതാധിപന്‍റെ ഉദ്ഘോഷണത്തില്‍ തെളിയുന്നു. "ദൈവപുത്രന്‍" എന്ന അഭിധാനത്തിനു പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കാന്‍ പെസഹാരഹസ്യത്തിലൂടെ മാത്രമേ ഒരു വിശ്വാസിക്ക് സാധ്യമാകൂ.

പുനരുത്ഥാനശേഷം അവിടുത്തെ മഹത്വീകൃത മനുഷ്യത്വത്തിന്‍റെ ശക്തിയില്‍ അവിടുത്തെ ദൈവപുത്രത്വം വെളിപ്പെടുന്നു. ദൈവപുത്രൻ എന്ന അഭിധാനം യേശുക്രിസ്തുവിനു തന്റെ പിതാവായ ദൈവത്തോടുള്ള അനന്യവും സനാതനവുമായ ബന്ധത്തെയാണു സൂചിപ്പിക്കുന്നത്. ക്രിസ്ത്യാനിയായിരിക്കാൻ 'ക്രിസ്തു ദൈവപുത്രനാണെന്നും', 'അവിടുന്നു ദൈവം തന്നെയാണെന്നും' ഒരുവൻ വിശ്വസിക്കേണ്ടതുണ്ട്.

വിചിന്തനം
യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ ഏകജാതനാണ്. അവിടുന്നു രക്ഷകനായ ദൈവം തന്നെയാണെന്നും, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ലന്നും, മറ്റാരിലും രക്ഷയില്ലന്നും നാം വിശ്വസിക്കുന്നില്ലങ്കിൽ നമ്മുടെ വിശ്വാസം അപൂർണ്ണമാണ്. ഈ സത്യവിശ്വാസത്തിലേക്കാണ് ഓരോ മനുഷ്യനും ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ലോകം മുഴുവൻ ഈ വിശ്വാസം പ്രഘോഷിക്കപ്പെടുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »