News - 2025
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളിന്‍ റഷ്യയിലേക്ക്
സ്വന്തം ലേഖകന്‍ 11-08-2017 - Friday
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ റഷ്യ സന്ദര്‍ശിക്കും. ആഗസ്റ്റ് 20-മുതല്‍ 24-വരെ തിയതികളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. കര്‍ദ്ദിനാള്‍ റഷ്യ സന്ദര്‍ശിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരിന്നെങ്കിലും ഇന്നലെ (ആഗസ്റ്റ് 10) റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് തന്റെ റഷ്യാ സന്ദര്‍ശനം അദ്ദേഹം സ്ഥിരീകരിച്ചത്. ക്രൈസ്തവ ഐക്യവും ഉഭയകക്ഷി താല്പര്യവും, രാജ്യാന്തരബന്ധവും ഊട്ടിയുറപ്പിക്കുന്നതിനാണ് തന്റെ സന്ദര്‍ശനം വഴി ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി ലോകത്തെ എല്ലാ രാഷ്ട്രങ്ങളുമായും രാഷ്ട്രത്തലവന്മാരായും സഭ നയതന്ത്ര ബന്ധം പുലര്‍ത്തുന്നുണ്ട്. ഒരിക്കലും പ്രത്യേക താല്പര്യങ്ങള്‍ വത്തിക്കാന്‍ വച്ചു പുലര്‍ത്താറില്ല. സമൂഹത്തിന്റെ പൊതുനന്മയും, രാഷ്ട്രങ്ങള്‍ തമ്മില്‍ സഹകരണവും സംവാദവും വളര്‍ത്താനാണ് വത്തിക്കാന്‍ പരിശ്രമിക്കുന്നത്. പരസ്പരമുള്ള ആശയവിനിമയത്തിലൂടെ ലോകത്ത് സമാധനം വളര്‍ത്താമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ശ്രദ്ധേയമായ ആഹ്വാനത്തില്‍ അധിഷ്ഠിതമായാണ് റഷ്യയിലേയ്ക്ക് സന്ദര്‍ശനം നടത്തുന്നത്.
റഷ്യയും അമേരിക്കയും, മറ്റുചില കിഴക്കന്‍ രാഷ്ട്രങ്ങളും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന അകല്‍ച്ചയിലും രാഷ്ട്രീയ സംഘട്ടനങ്ങളിലും വത്തിക്കാന് അതിയായ ഖേദമുണ്ട്. എന്നാല്‍ വത്തിക്കാന്‍റെ നിലപാടും ഇടപെടലുകളും എപ്പോഴും ക്രിയാത്മകവും സമാധാന പൂര്‍ണ്ണവുമാണ്.
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയോടും, അതിന്‍റെ അദ്ധ്യക്ഷനായ പാത്രിയാര്‍ക്കിസ് കിറിലിനോടും പുലര്‍ത്തുന്ന സഭൈക്യ ദര്‍ശനവും സന്ദര്‍ശനത്തിനുണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം മാര്‍പാപ്പയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.