News - 2025

ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുമായി വീണ്ടും കാനഡ

സ്വന്തം ലേഖകന്‍ 08-11-2017 - Wednesday

ടൊറന്‍റോ: ഒന്‍പത് ആഴ്ച പ്രായമായ ഭ്രൂണങ്ങളെ നശിപ്പിക്കുന്ന അപകടകരമായ അബോര്‍ഷന്‍ ഗുളിക വില്‍ക്കുവാന്‍ അനുമതിയുമായി കാനഡ. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹെല്‍ത്ത് കാനഡ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 7 ആഴ്ചകള്‍ക്ക് പകരം 9 ആഴ്ചകള്‍ വരെ പ്രായമുള്ള ഭ്രൂണങ്ങളെ നശിപ്പിക്കുവാനുള്ള അനുവാദമാണ് പ്രഖ്യാപനം വഴി ഹെല്‍ത്ത് കാനഡ നല്‍കിയിരിക്കുന്നത്. ഉപയോഗിക്കുന്നവരുടെ ജീവനുവരെ ഹാനികരമായേക്കാവുന്ന മരുന്ന് ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരമല്ലാതേയും സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്ന്‍ പ്രഖ്യാപനത്തില്‍ പറയുന്നു.

മൈഫ്ജിമിസോ (Mifegymiso) എന്നറിയപ്പെടുന്ന മരുന്ന് ഉടന്‍ തന്നെ കനേഡിയന്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും. അമേരിക്കയില്‍ RU-486 എന്നു അറിയപ്പെടുന്ന മൈഫ്പ്രിസ്റ്റോണ്‍ (Mifepristone), മൈസോപ്രോസ്റ്റോള്‍ (Misoprostol) എന്നീ മരുന്നുകളുടെ സങ്കലനമാണ് മൈഫ്ജിമിസോ. മരുന്ന് വാങ്ങുന്നതിനോ, ശുപാര്‍ശ ചെയ്യുന്നതിനോ, ഉപയോഗിക്കുന്നതിനോ സ്ത്രീകള്‍ രേഖാമൂലമുള്ള അനുമതിപത്രം നല്‍കേണ്ട ആവശ്യമില്ലെന്നും, ഡോക്ടര്‍മാര്‍ക്ക് മരുന്ന് വിതരണക്കാരായ ക്ലിയോഫാര്‍മയുടെ അടുത്ത് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും, ഉപയോഗത്തെക്കുറിച്ച് അടിസ്ഥാന ബോധവല്‍ക്കരണത്തിന്റെ ആവശ്യമില്ലെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.

നേരത്തെ ബില്‍ ക്ലിന്റന്റെ ഭരണകാലത്താണ് മരുന്നിന് അമേരിക്കയില്‍ അംഗീകാരം ലഭിച്ചത്. അന്നുമുതല്‍ മരുന്നിന്‍റെ ഉപയോഗം മൂലം ദശലക്ഷകണക്കിന് ഗര്‍ഭഛിദ്രം നടന്നിരിന്നു. ഇതിന്റെ ഉപയോഗം വഴി 14-ഓളം സ്ത്രീകളുടെ മരണത്തിനും കാരണമായിട്ടുണ്ട്. സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും മരുന്ന് നിര്‍മ്മാതാക്കള്‍ നല്‍കിയ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയതെന്നാണ് ഹെല്‍ത്ത് കാനഡ പറയുന്നത്.

അബോര്‍ഷനെ സംബന്ധിച്ച വളരെ പ്രധാനപ്പെട്ട സുരക്ഷാ മാനദണ്ഡത്തിന്റെ ലംഘനമാണ് പ്രഖ്യാപനം വഴി ഹെല്‍ത്ത് കാനഡ നടത്തിയിരിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതേസമയം ഗര്‍ഭചിദ്രം എന്ന മാരകവിപത്തിനെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുമായാണ് ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വികസ്വര രാജ്യങ്ങൾക്ക് ഗർഭഛിദ്രത്തിന് 650 മില്യൺ ഡോളറിന്റെ ധനസഹായം അടുത്തിടെ കാനഡ പ്രഖ്യാപിച്ചിരിന്നു. ഗവൺമെന്റിന്റെ ഭ്രൂണഹത്യ കേന്ദ്രീകൃതമായ നയത്തെ അപലപിച്ചു കാനഡ ബിഷപ്പുമാരും പ്രോലൈഫ് പ്രവര്‍ത്തകരും രംഗത്തുണ്ട്.


Related Articles »