News

'എമെരിറ്റസ് പാപ്പ' എന്ന അത്യപൂർവ്വ യാഥാർത്ഥ്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും

അഗസ്റ്റസ് സേവ്യർ 18-01-2016 - Monday

ബനഡിക്ട് 16-ാം മാർപാപ്പയുടെ സ്ഥാനത്യാഗവും എമെരിറ്റസ് പോപ്പ് എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ജീവിതവും അസംഖ്യം അബദ്ധ കഥകൾക്ക് കാരണമായിട്ടുണ്ട്. അതിന്റെ യഥാർത്ഥ വസ്തുതകളിലേക്ക് വെളിച്ചം പകരുന്നതായിരുന്നു ജനുവരി 14-ന് Catholic Herald-ൽ പ്രസിദ്ധീകരിച്ച Damian Thompsonന്റെ ലേഖനം.

സെന്റ് പീറ്റേർസ് ബസലിക്കയുടെ, കരുണയുടെ വാതിൽ തുറന്ന് അതിലൂടെ ദേവാലയത്തിലേക്ക് പ്രവേശിച്ചു കൊണ്ട്, ഡിസംബർ 8-ാം തിയതി ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി കരുണയുടെ വർഷത്തിന് ആരംഭം കുറിച്ചു.

രണ്ടാമത് ആ വിശുദ്ധവാതിലിലൂടെ പ്രവേശിച്ചത് മാർപാപ്പമാർക്കുള്ള ഔദ്യോഗിക വെള്ള വസ്ത്രംതന്നെ ധരിച്ചു കൊണ്ട്, എമെരിറ്റസ് പോപ്പ് ബനഡിക്ട് 16-ാമനായിരുന്നു.

അഞ്ചു വർഷം മുമ്പ് ഇങ്ങനെ ഒരു വിചിത്രമായ രംഗം ആർക്കും ഊഹിക്കാൻ തന്നെ കഴിയുമായിരുന്നില്ല. ഇപ്പോഴത്തെ മാർപാപ്പ, കഴിഞ്ഞു പോയ കാലഘട്ടത്തിലെ മാർപാപ്പയെ സെന്റ് പീറ്റേർസ് ദേവാലയത്തിനുള്ളിൽ ആലിംഗനം ചെയ്തു സ്വീകരിക്കുന്നു. എമെരിറ്റസ് പോപ്പ് ഒരു യാഥാർത്യമാണെന്ന് കത്തോലിക്കർക്ക് മനസ്സിലായി കഴിഞ്ഞു. പക്ഷേ അതിന്റെ പ്രാധാന്യവും പ്രസക്തിയും ഭൂരിപക്ഷം കത്തോലിക്കർക്കും മനസ്സിലാകുന്നില്ല.

2013 ഫെബ്രുവരി 11-ന്, ചുറ്റുമുള്ളവരെയെല്ലാം ഞെട്ടിച്ചു കൊണ്ട്, താൻ വിശുദ്ധ പത്രോസിന്റെ സിംഹാസനം ഒഴുകയാണ് എന്ന് പ്രഖ്യാപിച്ച ബനഡിക്ട് മാർപാപ്പ, ഇപ്പോൾ,88 വയസ്സിൽ, അല്പ്പം ക്ഷീണിതനാണ്.

സ്ഥാനത്യാഗത്തിന് ശേഷം അദ്ദേഹം അപ്രത്യക്ഷനായില്ല. ഇപ്പോഴും അനൗദ്യോഗിക ക്രൈസ്തവ സദസ്സുകളിൽ അദ്ദേഹം ആദരിക്കപ്പെടുന്ന സാന്നിദ്ധ്യമാണ്.

സ്ഥാനത്യാഗത്തിനു ശേഷം എമെരിറ്റസ് പോപ്പ് ബനഡിക്ട് വളരെ അപൂർവ്വമായി മാത്രമേ അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുള്ളു. ഒരിക്കൽ പോലും അദ്ദേഹം ഫ്രാൻസിസ് പാപ്പയെ വിമർശിച്ചിട്ടില്ല. പക്ഷേ വളരെ അപൂർവ്വമായി മാത്രം വരുന്ന അദ്ദേഹത്തിന്റെ അഭിപ്രായങ്ങളാകട്ടെ വളരെ ആസ്വാദ്യകരവും അർത്ഥപൂർണ്ണവുമായിരുന്നു.

ഇവിടെതന്റെ ലേഖനത്തിലൂടെ, Damian Thompson ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടു പിടിക്കാൻ ശ്രമിക്കുകയാണ്.

1. ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സ്ഥാനത്യാഗത്തിന് കാരണമെന്ത്?

ഇതൊരു ഉത്തരമില്ലാത്ത ചോദ്യമായി എല്ലാവർക്കും തോന്നാം. പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന സഹജമായ ക്ഷീണം എന്നതാണ് ഏറ്റവും ലളിതമായ ഉത്തരം. വത്തിക്കാനിലെ രഹസ്യങ്ങൾ മാധ്യമങ്ങൾക്കിട്ടു കൊടുത്ത വാത്തിലീക്കസ്, ('vatiLeaks'), ബനഡിക്ട് പിതാവിന്റെ എതിർ പക്ഷത്തുണ്ടായിരുന്നവരുടെ പ്രവർത്തനം, ഇതൊന്നും ഫലപ്രദമായി തനിക്ക് നേരിടാൻ കഴിയുന്നില്ല എന്നുള്ള ബോധം, ഇതെല്ലാം അദ്ദേഹത്തെ സ്ഥാനത്യാഗത്തിലേക്ക് നയിച്ചിട്ടുണ്ടാകാം. ഇതു കൂടാതെ, സഭയിൽ അവിടവിടെ ഉയർന്നു വന്ന ലൈംഗിക അപവാദങ്ങൾ, സാമ്പത്തിക അഴിമതി, ഇവയെല്ലാം പരിഹരിക്കാനുള്ള സമയം തനിക്കു ലഭിക്കുന്നില്ലല്ലോ എന്ന നിരാശാ ബോധം- ഇതെല്ലാം അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ടകാം.

2. തനിക്കു ശേഷം ഫ്രാൻസിസ് ആയിരിക്കുംമാർപാപ്പ എന്നറിഞ്ഞിരുന്നെങ്കിൽ, ബനഡിക്ട് പതിനാറാമൻ സ്ഥാനത്യാഗം ചെയ്യുമായിരുന്നോ?

നമുക്കറിയില്ല. എങ്കിലും, അർജന്റീനക്കാരനായ പുതിയ മാർപാപ്പ ബാൽക്കണിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ, എമെരിറ്റസ് പോപ്പ് ബനഡിക്ട് ഒന്നു ഞെട്ടിക്കാണണം. പക്ഷേ ദൈവത്തിന്റെ വഴികൾ നമുക്ക് അജ്ഞാതമാണെന്ന് അറിയാവുന്ന എമിറിറ്റിസ് പോപ്പ്, അത് പൂർണ്ണ മനസ്സാലെ സ്വീകരിക്കുന്നു.

പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം എന്ന വിഷയം കൂടി ഉൾപ്പെടുത്തി, ഒരു സിനിഡ് വിളിച്ചു കൂട്ടാൻ പുതിയ മാർപാപ്പ ഒരുങ്ങും എന്ന ഒരു സൂചന കിട്ടിയിരുന്നെങ്കിൽ, ബനഡിക്ട് പതിനാറാമൻ സ്ഥാനത്യാഗം ചെയ്യുമായിരുന്നോ എന്നുള്ളത് ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമാണ്.

3. മനപ്പൂർവ്വമല്ലെങ്കിലും, പോപ്പ് എമെരിറ്റസ് എന്ന സ്ഥാന സൃഷ്ടിക്ക് ബനഡിക്ട് പതിനാറാമൻ തയ്യാറായത് എന്തുകൊണ്ട്?

പണ്ഡിതനായ ബനഡിക്ടിന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് സമാനമായ ഉദ്ദാഹരണം, വിരമിച്ച പ്രാഫസർമാർക്ക് എമിരിറ്റസ് പ്രാഫസർ എന്നു സ്ഥാനം കൊടുക്കുന്നതാണ്. പക്ഷേ അവരെ പ്രാഫസർ എന്നു തന്നെയാണ് സമൂഹം വിളിക്കുന്നത്. ബനഡിക്ടിനെയാകട്ടെ, പോപ്പ് എന്നല്ല, എമെരിറ്റസ് പോപ്പ് എന്നാണ് നാം വിളിക്കുന്നത്.

ഫാദർ ബനഡിക്ട് എന്ന് വിളിക്കപ്പെടാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന്, 2014-ൽ അദ്ദേഹം പറയുകയുണ്ടായി.

4. ബനഡിക്ട് പതിനാറാമൻ, മാർപാപ്പമാരുടെ പാരമ്പര്യമായുള്ള വെള്ള വസ്ത്രം ധരിക്കുന്നതെന്തുകൊണ്ട്?

ബനഡിക്ട് പതിനാറാമൻ, ഇപ്പോൾ മാർപാപ്പമാരുടെ വെള്ളവസ്ത്രം ധരിക്കുന്നു. പക്ഷേ, തൊപ്പിയും ചുവന്ന ഷൂസും ഒഴിവാക്കിയിരിക്കുന്നു.

5. തിരുസഭയിൽ ബനഡിക്ട് പതിനാറാമൻ ഇപ്പോഴും തന്റെ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ടോ?

വളരെ ചെറിയ കാര്യങ്ങളിൽ ഒഴികെ, വലിയ കാര്യങ്ങളിൽ അദ്ദേഹം ഇടപെടാറില്ല.പുനർവിവാഹിതരുടെ ദിവ്യകാരുണ്യ സ്വീകരണ വിഷയത്തിൽ, താൻ എന്തു നിലപാടാണ് എടുത്തിരുന്നത് എന്ന്, സ്ഥാനത്യാഗത്തിനു ശേഷംഅദ്ദേഹം അഭിപ്രായപ്പെട്ടില്ല. ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും താൻ അഭിപ്രായം പറയുകയില്ല എന്ന് അദ്ദേഹം ഇപ്പോഴത്തെ പിതാവിന് വാക്കു കൊടുത്തിട്ടുമുണ്ട്.

6. പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ ബനഡിക്ട് പതിനാറാമൻ എത്രത്തോളം തൽപ്പരനാണ്?

പാരമ്പര്യംകാത്തു സൂക്ഷിക്കുന്നതിൽ അദ്ദേഹം തൽപ്പരനാണ് എന്നതിന് തെളിവുകളുണ്ട്. ഈയടുത്ത കാലം വരെ അദ്ദേഹം പത്രോസിന്റെ പിന്തുടർച്ച എന്ന പഠനവിഷയത്തിൽ വ്യാപൃതനായിരുന്നു. 2014-ൽ തന്നെ, അദ്ദേഹമെഴുതിയ ഒരു ലേഖനത്തിൽ, തിരുസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കപ്പെടുന്നുണ്ട് എന്നതിൽ താൻ സംതൃപ്പനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

7. ഫ്രാൻസിസ് മാർപാപ്പ തിരുസഭയെ നയിക്കുന്ന രീതി ബനഡിക്ട് പതിനാറാമൻ അംഗീകരിക്കുന്നുണ്ടോ?

ഫ്രാൻസിസ് മാർപാപ്പയുടെ ക്രൈസ്തവ സഭാദർശനം, തന്റെ മുൻഗാമിയിൽ നിന്നും വിഭിന്നമാണ്. മാർപാപ്പയുടെ 'പുരോഗമനാശയങ്ങൾ' നവീകരണവാദികൾക്ക് സന്തോഷത്തിനു അവസരം കൊടുക്കുന്നുണ്ട് എങ്കിലും, പാരമ്പര്യത്തെ ബഹുമാനിക്കുന്ന മുൻ മാർപാപ്പയ്ക്ക് അതെല്ലാം പൂർണ്ണമായും ഉൾകൊള്ളാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം.

8. 2015-ലെ സിനഡിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ബനഡിക്ട് പതിനാറാമൻ ശ്രമിച്ചിട്ടുണ്ടോ?

ഇല്ല എന്നു തന്നെയാണ് ഉത്തരം. സിനഡിന്റെ അവസാന ദിവസങ്ങളിൽ അദ്ദേഹം, തന്റെ അഭിപ്രായങ്ങൾ മാനിക്കുന്ന ഒരു കർദ്ദിനാളുമായി ഭക്ഷണത്തിന് ഒത്തുചേർന്നു എങ്കിലും, സിനഡിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ അദ്ദേഹം ശ്രമിച്ചില്ല.

9. എമെരിറ്റസ് പോപ്പിന് തിരുസഭയിൽ എന്തെങ്കിലും സ്വാധീനമുണ്ടോ?

അദ്ദേഹത്തോട് അടുത്തു ബന്ധപ്പെട്ടിരുന്ന, ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന വൈദികർ, അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തിൽ അസംതൃപ്തരാണ്. ധൃതി പിടിച്ചുള്ള ഇപ്പോഴത്തെ പരിഷ്ക്കാരങ്ങൾക്ക് ശ്രമിക്കുന്നതിനെ പറ്റി പ്രതികരിക്കാൻ എമിരിറ്റസ് മാർപാപ്പ തയ്യാറാകണമെന്ന് അവർ ആഗ്രഹിക്കുന്നു. പക്ഷേ അത് പത്രോസിന്റെ സിംഹാസനത്തോടുള്ള പ്രതിബദ്ധതയുടെ ലംഘനമാകുമെന്ന് മറ്റു ചിലർ കരുതുന്നു.

ഏതായാലും ഒരു കാര്യം വ്യക്തമാണ്... ബനഡിക്ട് 16-മന്റെ പ്രവർത്തനങ്ങളിലും പ്രസംഗങ്ങ,ളിലും പ്രചോദനം കണ്ടെത്തിയ വലിയൊരു വിഭാഗം നിലനിൽക്കുന്നുണ്ട്. പക്ഷേ, എമെരിറ്റസ് മാർപാപ്പ സ്വയം വിശ്വസിക്കുന്ന ഒരു വസ്തുതയുണ്ട്: പത്രോസിന്റെ സിംഹാസനത്തിന്റെ പിന്തുടർച്ച ദൈവത്തിന്റെ തീരുമാനമാണ്. ആ സിംഹാസത്തിൽ നിന്നും വരുന്ന തീരുമാനങ്ങൾ ദൈവത്തിന്റെ ഒപ്പോടുകൂടിയതാണ്. അത് ധിക്കരിക്കുവാൻ ആർക്കും കഴിയുകയില്ല.

(Source: Catholic Herald)

More Archives >>

Page 1 of 21