Editor's Pick - 2024
ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും കോടികള്‍ ധൂര്‍ത്തടിക്കുന്ന പെരുന്നാള്‍കാലം വരവായി
സ്വന്തം ലേഖകന്‍ 19-12-2017 - Tuesday
ഡിസംബര്‍ മാസത്തോടെ കേരളസഭയിലെ ദേവാലയങ്ങളില്‍ മറ്റൊരു പെരുന്നാള്‍കാലം കൂടി വരവായി. ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും കോടികള്‍ ധൂര്‍ത്തടിക്കുന്ന കാലം. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി നിലവിളിക്കുന്ന പാവപ്പെട്ടവരുടെ കണ്ണീരില്‍ നിന്നും മുഖം തിരിച്ചുകൊണ്ട് ഇപ്രകാരം കോടികള്‍ ധൂര്‍ത്തടിക്കുമ്പോൾ നാം എന്തു വിശ്വാസമാണ് പ്രഘോഷിക്കുന്നത്? ഇത്തരം ആഘോഷങ്ങളിൽ നിന്നും നമുക്ക് എന്നാണ് മോചനം ലഭിക്കുക?
ലാളിത്യം നിറഞ്ഞ ജീവിതത്തെയും, പാവപ്പെട്ടവരെ സഹായിക്കുന്നതിനെപ്പറ്റിയും പരസ്പരം ഉപദേശിക്കാന്‍ സഭാനേതൃത്വവും വിശ്വാസികളും മത്സരിക്കുമ്പോഴും വിശുദ്ധരുടെ പെരുന്നാളുകള്‍ നടത്തി കോടികള്‍ ധൂര്‍ത്തടിക്കുന്ന കാര്യത്തില്‍ ഇരുകൂട്ടരും ഒറ്റക്കെട്ടാണ്. കേരളത്തിലെ ഒരു ദേവാലയത്തില്‍ പെരുന്നാള്‍ നടത്തുന്നതിനുള്ള ചിലവ് രണ്ടു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് എന്നു കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ ഈ പെരുന്നാള്‍കാലത്ത് കേരളസഭ ധൂര്‍ത്തടിക്കുന്നത് എത്ര ഭീമമായ തുകയായിരിക്കും?
മത്സരവേദിയാകുന്ന പെരുന്നാളുകള്‍
കേരളത്തിലെ ചില ദേവാലയങ്ങളില്‍ ഇടവക മധ്യസ്ഥന്റെ തിരുന്നാളുകള്‍ ഏറ്റെടുത്തു നടത്തുവാന്‍ വിശ്വാസികൾ മത്സരിക്കുന്നത് കാണുവാന്‍ സാധിക്കും. ഇതിലൂടെ തങ്ങളുടെ കുടുംബത്തിന്‍റെ പെരുമയും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാമെന്നു ചിലര്‍ കരുതുന്നു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക ചിലവഴിച്ചുകൊണ്ട് 'തങ്ങളാണ് കേമന്മാര്‍' എന്ന് വരുത്തി തീര്‍ക്കാന്‍ മറ്റൊരു കൂട്ടര്‍ ശ്രമിക്കുന്നു.
ചില ഇടവക ദേവാലയങ്ങളില്‍ തിരുനാളുകള്‍ ഏറ്റെടുത്തു നടത്താന്‍ നിരവധി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ്. കാരണം പത്തും ഇരുപതും വര്‍ഷത്തേക്കുള്ള തിരുനാളുകള്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇപ്രകാരം കോടികള്‍ മുടക്കി പെരുന്നാളുകള്‍ നടത്താന്‍ മത്സരിക്കുന്ന മിക്ക ഇടവകകളിലും ഒരു നേരം തലചായ്ക്കാന്‍ ഒരു ഭവനം വെറും സ്വപ്നമായി അവശേഷിക്കുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ട് എന്ന വസ്തുത നാം പലപ്പോഴും മറന്നുകളയുന്നു.
കഴിഞ്ഞ ദിവസം കേരളത്തില്‍ ലക്ഷങ്ങള്‍ മുടക്കി പെരുന്നാള്‍ നടത്തിയ ഒരു വ്യക്തിയോട് അവിടുത്തെ ഒരു പാവപ്പെട്ട രോഗിക്ക് മരുന്നു വാങ്ങാന്‍ ഒരു ചെറിയ തുക സംഭാവന ചെയ്യാമോ എന്നു ചോദിച്ചപ്പോള്‍ അതിനു വിസമ്മതിച്ച സംഭവം ഇപ്പോഴും ഓര്‍മ്മിക്കുന്നു. ആഗോള കത്തോലിക്കാ സഭയില്‍ മറ്റൊരിടത്തും വിശുദ്ധരുടെ തിരുനാളുകള്‍ നടത്തി ഇത്ര ഭീമമായ തുക ധൂര്‍ത്തടിക്കുന്നത് കാണാന്‍ സാധിക്കില്ല. ഈ വിഷയത്തില്‍ സഭാനേതൃത്വം വിശ്വാസികളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്.
പണം ഒഴുകുന്ന പാപത്തിന്‍റെ വഴികള്‍
ദാരിദ്ര്യത്തിലും വിശുദ്ധിയിലും ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെ ക്രിസ്തുവിനെ പിന്തുടര്‍ന്ന്‍ സ്വര്‍ഗ്ഗീയ സൗഭാഗ്യം അനുഭവിക്കുന്നവരാണ് വിശുദ്ധര്‍. അവരുടെ തിരുന്നാളുകള്‍ ആഘോഷിക്കുന്നത് പലപ്പോഴും അവരുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലാണ്. യേശു ഏകരക്ഷകനാണ് എന്ന്‍ ഏറ്റുപറഞ്ഞതിന്‍റെ പേരില്‍ മരണം വരിക്കേണ്ടി വന്ന വിശുദ്ധരുടെ തിരുനാൾ ആഘോഷങ്ങളിലെ ബാന്‍ഡ് മേളങ്ങളിലും ശിങ്കാരി മേളങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലും അക്രൈസ്തവ മതങ്ങളുടെ ദുരാചാരങ്ങളും ഭക്തിഗാനങ്ങളും ആലപിക്കപ്പെടുന്നു. ഈ വിശുദ്ധര്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ ഇത്തരം ദുരാചാരങ്ങള്‍ക്കു നേരെ ചാട്ടവാര്‍ വീശുമായിരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
പൂർവ്വകാലങ്ങളിൽ ഭാരത സഭയിലെ വിശ്വാസികള്‍ക്കിടയില്‍ വേണ്ടത്ര വിദ്യാഭ്യാസമോ ദൈവശാസ്ത്രപരമായ പരിജ്ഞാനമോ ഇല്ലാതിരുന്ന കാലത്ത് പെരുന്നാള്‍ ആഘോഷങ്ങളില്‍ ധാരാളം ദുരാചാരങ്ങള്‍ കടന്നു കൂടിയിട്ടുണ്ട്. അവയെല്ലാം നീക്കം ചെയ്തുകൊണ്ട് വിശ്വാസപരമായ ആഘോഷങ്ങളെ കൂടുതല്‍ വിശുദ്ധീകരിക്കുവാന്‍ സഭാനേതൃത്വം തയ്യാറാകണം.
ദൈവം ദാനമായി നല്‍കിയ സമ്പത്ത് പെരുന്നാള്‍ ആഘോഷത്തിന്‍റെ പേരില്‍ ചിലവഴിക്കുമ്പോള്‍ അതില്‍ ഒരു പങ്ക്, മദ്യപാന സല്‍ക്കാരങ്ങള്‍ പോലുള്ള തിന്മകള്‍ക്കും വേണ്ടിയും, കരിമരുന്നു കലാപ്രകടനങ്ങൾ പോലെ അപകടം ക്ഷണിച്ചുവരുത്തുന്ന പ്രവർത്തികൾക്കു വേണ്ടിയും ചിലവാക്കപ്പെടുന്നു. ദേവാലയത്തോടനുബന്ധിച്ചുള്ള വിശുദ്ധ ആഘോഷങ്ങളിലാണ് ഇത്തരം തിന്മകള്‍ അരങ്ങേറുന്നത് എന്നത് തിരിച്ചറിയുവാനും ആവശ്യമായ തിരുത്തലുകൾ നടത്തുവാനും നാം തയ്യാറാകണം.
വിശുദ്ധരുടെ തിരുനാളുകളുടെ അമിത പ്രാധാന്യം
സഭയിലെ എല്ലാ ആഘോഷങ്ങളും ക്രിസ്തുവിന് ഒന്നാംസ്ഥാനം നല്‍കുന്നതും, ദൈവജനത്തെ ക്രിസ്തുവിലേക്ക് നയിക്കുന്നതും ആയിരിക്കണം . എന്നാല്‍ ചിലപ്പോഴൊക്കെ വിശുദ്ധരുടെ തിരുനാളുകള്‍ ക്രിസ്തുവിന്‍റെ രക്ഷാരഹസ്യങ്ങളുടെ തിരുനാളുകളുടെ ആഘോഷങ്ങളേക്കാള്‍ പ്രാധാന്യം നേടുന്നതായി കണ്ടുവരുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇതിനെതിരെ നൽകുന്ന ശക്തമായ മുന്നറിയിപ്പ് നാം തിരിച്ചറിയാതെ പോകരുത്. വിശുദ്ധരുടെ തിരുനാളുകള്‍ രക്ഷാരഹസ്യങ്ങളുടെ തിരുനാളുകളുടെ ആഘോഷങ്ങളേക്കാള്‍ പ്രാധാന്യം നേടാതിരിക്കുന്നതിനു വേണ്ട നടപടികള്‍ എടുക്കണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു (Sacrosanctum Concilium 111).
എല്ലാ ഇടവകസമൂഹങ്ങളും തങ്ങള്‍ ക്രിസ്തുവിനാണ് ഒന്നാം സ്ഥാനം നല്‍കുന്നത് എന്നു പറയാറുണ്ടങ്കിലും, കര്‍ത്താവായ യേശുവിന്‍റെ രക്ഷാരഹസ്യങ്ങളുടെ തിരുനാളുകള്‍ ആഘോഷിക്കാന്‍ വേണ്ടി എടുക്കുന്ന തയ്യാറെടുപ്പുകളും, ഇടവകയിലെ പെരുന്നാളുകള്‍ക്കായി നടത്തുന്ന ഒരുക്കങ്ങളും തമ്മില്‍ താരതമ്യം ചെയ്‌താല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ട് എന്നു മനസ്സിലാകും. വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ടും, അവിടുത്തെ വചനങ്ങൾ പാലിക്കാൻ പഠിപ്പിച്ചുകൊണ്ടുമാണ് സഭ വിശ്വാസികളെ നയിക്കേണ്ടത്. അതിനു വിരുദ്ധമായ എല്ലാ ആഘോഷങ്ങളും ഒഴിവാക്കുകയോ, പുനഃക്രമീകരിക്കുകയോ ചെയ്യേണ്ടതാണ്.
സഭയുടെ പാരമ്പര്യമനുസരിച്ച് വിശുദ്ധര്‍ വണങ്ങപ്പെടേണ്ടവരും, അവരുടെ യഥാര്‍ത്ഥമായ തിരുശേഷിപ്പുകളും ചിത്രങ്ങളും പൂജ്യമായി കരുതപ്പെടുകയും ചെയ്യണ്ടതാണ്. എന്നാൽ മിശിഹായുടെ ശിഷ്യരായിതീര്‍ന്ന ഈ വിശുദ്ധരിലൂടെ അവരുടെ പ്രവർത്തികളല്ല, പിന്നെയോ ക്രിസ്തുവിന്‍റെ വിസ്മയനീയമായ പ്രവര്‍ത്തികളാണ് പ്രഘോഷിക്കപ്പെട്ടത് എന്ന സത്യം നാം വിസ്മരിച്ചുകൂടാ. അതിനാല്‍ വിശുദ്ധരുടെ തിരുനാള്‍ ആഘോഷളെല്ലാം അവരുടെയും നമ്മുടെയും ലോകംമുഴുവന്റെയും കർത്താവായ യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നതായിരിക്കട്ടെ.
ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്ന സത്യം തിരിച്ചറിഞ്ഞുകൊണ്ടും, അവിടുത്തെ രക്ഷാരഹസ്യങ്ങള്‍ ധ്യാനിച്ചുകൊണ്ടും ജീവിക്കാന്‍ സഭ വിശ്വാസികളെ പഠിപ്പിക്കണം. "ആണ്ടുവട്ടത്തില്‍ രക്ഷാരഹസ്യങ്ങള്‍ ആഘോഷിക്കപ്പെടുന്ന കര്‍ത്താവിന്‍റെ തിരുനാളുകളിലേക്ക് വിശ്വാസികളുടെ ശ്രദ്ധ തിരിച്ചു വിടേണ്ടതാണ്. അതുവഴി യുക്തമായ സമയത്ത്, വിശുദ്ധരുടെ തിരുനാളുകളേക്കാള്‍ ഉപരി ആരാധനാക്രമ കാലഘട്ടത്തിന് അര്‍ഹമായ സ്ഥാനം ലഭിക്കുകയും രക്ഷാരഹസ്യങ്ങളുടെ മുഴുവന്‍ ചംക്രമവും വേണ്ടവിധം ധ്യാനവിഷയമാക്കുകയും ചെയ്യാം" (Sacrosanctum Concilium 108).