Editor's Pick - 2024
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍: ഈ കാലഘട്ടത്തിന്‍റെ ശക്തനായ പ്രവാചകന്‍
അനില്‍ ലൂക്കോസ് 30-11-2017 - Thursday
ആരാണ് പ്രവാചകന്‍? ദൈവം പറയുന്നത് ലോകത്തോട് പ്രഘോഷിക്കുന്നവനാണ് പ്രവാചകന്‍. പഴയനിയമത്തില്‍ ദൈവം ഓരോ കാലഘട്ടത്തിലും തന്റെ ജനത്തിന്റെ അടുത്തേയ്ക്ക് പ്രവാചകന്മാരെ അയച്ചിരുന്നതായി നാം കാണുന്നു. ഈ പ്രവാചകന്മാര്‍ സത്യം കലര്‍പ്പില്ലാതെ പ്രഘോഷിച്ചിരുന്നതുകൊണ്ട് അവര്‍ക്ക് ശത്രുക്കള്‍ ധാരാളമുണ്ടായിരുന്നു. അവസാനമായി ക്രിസ്തുവിനു വഴിയൊരുക്കാന്‍ വന്ന സ്നാപകയോഹന്നാന്‍ തിന്മയ്ക്കെതിരെ ശബ്ദമുയര്‍ത്തുകയും സത്യം വിളിച്ചുപറയുകയും ചെയ്തു. അതുകൊണ്ട് കൊണ്ട് ശത്രുക്കൾ സ്നാപകയോഹന്നാന്റെ തല വെട്ടിയെടുത്തതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു.
നിയമവും പ്രവാചകന്‍മാരും സ്നാപകയോഹന്നാന്‍ വരെയായിരുന്നു. എന്നാല്‍ മാമ്മോദീസ സ്വീകരിച്ച ഓരോ വിശ്വാസിയും ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ട് പ്രവാചകദൗത്യം തുടരുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഈ പ്രവാചകദൗത്യം ഇന്ന് ശക്തമായി നിര്‍വ്വഹിക്കുന്ന ഒരു അഭിഷിക്തനാണ് ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍. യേശുക്രിസ്തു 'വഴിയും സത്യവും ജീവനുമാണെന്നും' അവിടുന്ന് 'ഏകരക്ഷകനാണെന്നും' കലര്‍പ്പില്ലാതെ പ്രഘോഷിക്കുന്നവര്‍ക്ക് ശത്രുക്കള്‍ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. എങ്കിലും കര്‍ത്താവിന്‍റെ വചനം പ്രഘോഷിക്കുവാന്‍ അവിടുന്ന് പ്രത്യേകമായി തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത ഈ വൈദികനെതിരെ ഒരു വീഡിയോ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിപ്പിക്കുന്നത് ഒരുപാട് വിശ്വാസികളില്‍ വേദന ഉളവാക്കി.
ഈ വീഡിയോയിലൂടെ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിനെ കുറ്റം പറയുന്ന വ്യക്തിക്ക് ഈ വൈദികന്‍റെ പേരു പോലും കൃത്യമായി പറയുവാന്‍ സാധിക്കുന്നില്ല എന്നുള്ളത് ഇതിന്‍റെ പിന്നില്‍ സത്യത്തെ ഭയപ്പെടുന്നവര്‍ തന്നെയാണ് എന്ന കാര്യം വ്യക്തമാക്കുന്നു.
എന്തിനാണ് വിദേശ രാജ്യങ്ങളില്‍ സുവിശേഷ പ്രഘോഷണം?
എന്തിനാണ് ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ വിദേശ രാജ്യങ്ങളില്‍ പോയി സുവിശേഷം പ്രഘോഷിക്കുന്നത് എന്ന് ഈ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. "നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" (മർക്കോ 16:15) എന്ന് പറഞ്ഞുകൊണ്ടാണ് യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരെ ഭൂമിയുടെ അതിര്‍ത്തികള്‍ വരെ അയക്കുന്നത്. അതിനാൽ ഒരു സുവിശേഷ പ്രഘോഷകൻ ഒരു ദേശത്തു മാത്രം ഒതുങ്ങി നിൽക്കേണ്ടവനല്ല. കത്തോലിക്കാ സഭയും ഈ കാര്യം വ്യക്തമായി പഠിപ്പിക്കുന്നു. "എല്ലായിടത്തും സുവിശേഷം പ്രഘോഷിക്കുവാന്‍ അവര്‍ ആത്മീയമായി സന്നദ്ധരായിരിക്കണം" (CCC 1565).
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നും വചനപ്രഘോഷകര്‍ എത്തുമ്പോള്‍ ചിലര്‍ ഉയര്‍ത്തുന്ന ഒരു സംശയമാണ് എന്തുകൊണ്ട് ഇക്കൂട്ടര്‍ യൂറോപ്പിലേക്ക് വരുന്നത്? ഇവിടുത്തെ സമ്പത്ത് ലക്ഷ്യം വച്ചുകൊണ്ടല്ലേ? ഇപ്രകാരം വിമര്‍ശിക്കുന്നവര്‍ ക്രൈസ്തവവിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ യൂറോപ്പിന്‍റെ അവസ്ഥയെക്കുറിച്ച് അറിവില്ലാത്തവരോ അതില്‍ വേദനയില്ലാത്തവരോ ആണ്. ഇന്ന് ലോകത്തില്‍ മറ്റേതു സ്ഥലത്തേക്കാളും അധികമായി ക്രൈസ്തവ പ്രഘോഷണം ആവശ്യമുള്ളത് യൂറോപ്പിലാണ് എന്ന സത്യം നാം വിസ്മരിച്ചുകൂടാ. ആത്മീയജീവിതത്തിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് യൂറോപ്യൻ ജനത. അവിടെയാണ് ഇന്ന് ഏറ്റവും കൂടുതലായി സുവിശേഷം പ്രഘോഷിക്കപ്പെടേണ്ടത്. അതുകൊണ്ട് ദൈവത്തിന്റെ വചനം എവിടെയെല്ലാം പ്രഘോഷിക്കപ്പെടണമോ അവിടേയ്ക്കെല്ലാം ദൈവം തന്റെ പ്രഘോഷകരെ അയച്ചുകൊണ്ടിരിക്കും.
ജനലക്ഷങ്ങള്‍ ഒഴുകിയെത്തുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനുകള്‍.
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനുകളിലേക്ക് ലക്ഷക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. എന്തുകൊണ്ട് ഇത്രയും വിശ്വാസികള്‍? ഇത് ദൈവത്തിന്‍റെ പ്രവര്‍ത്തിയാണ്. ഇന്ന് ലോകത്തില്‍ മറ്റേതെങ്കിലും കത്തോലിക്കാ വചനപ്രഘോഷകന്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ ഇത്രയും ആളുകള്‍ ഒന്നിച്ചുകൂട്ടുമോ എന്ന കാര്യം സംശയമാണ്. ഇത്രയും ജനങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ദൈവത്തെ ആരാധിക്കുമ്പോള്‍ ദൈവമാണ് തന്‍റെ ജനത്തോട് കാരുണ്യം കാണിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. അതില്‍ മറ്റുള്ളവര്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല.
ഓരോ ഘട്ടത്തിലും തന്‍റെ വചനം കലര്‍പ്പില്ലാതെ ധൈര്യപൂര്‍വ്വം പ്രഘോഷിക്കുവാന്‍ ദൈവം തന്റെ അഭിഷിക്തരെ ഉയര്‍ത്തും. പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളാല്‍ നിറഞ്ഞ് അവര്‍ ശുശ്രൂഷ നയിക്കുമ്പോള്‍ അവിടേക്ക് ജനങ്ങള്‍ ഒഴുകിയെത്തും. ഇവിടെ നടക്കുന്ന അത്ഭുതങ്ങള്‍ യേശുനാമത്തിന്‍റെ ശക്തിയാലാണ് സംഭവിക്കുന്നത് എന്ന്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിൽ വ്യക്തമായി ജനങ്ങളെ പഠിപ്പിക്കുന്നു. ഇത് ക്രിസ്തുവിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതിന് കാരണമാകുന്നു. അതിന് നമുക്ക് ദൈവത്തിനു നന്ദി പറയാം.
ഈ ലേഖകന്‍റെ അനുഭവം
നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടണില്‍ വച്ചു നടന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍റെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുവാന്‍ ഈ ലേഖകന് അവസരം ലഭിച്ചിട്ടുണ്ട്. പതിനായിരത്തോളം ആളുകളാണ് യൂറോപ്പിന്‍റെ പലഭാഗങ്ങളില്‍ നിന്നായി ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഇന്നത്തെ യൂറോപ്പിന്‍റെ സാഹചര്യത്തില്‍ പതിനായിരത്തോളം ആളുകള്‍ ഒന്നിച്ചുകൂടി ദൈവത്തെ ആരാധിക്കുകയും വി.കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്യുക എന്നത് സ്വപ്നത്തില്‍ മാത്രം നടക്കുന്ന കാര്യമാണ്. എന്നാല്‍ അത് സാധ്യമാക്കാന്‍ കേരളത്തില്‍ നിന്നുള്ള ഒരു വൈദികനായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിനെ ദൈവം ഉപകരണമാക്കി എന്നതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാം. ഈ കണ്‍വെന്‍ഷനില്‍ ബ്രിട്ടണിലെ രണ്ടു രൂപതകളിലെ ഇംഗ്ലീഷ് ബിഷപ്പുമാരും പങ്കെടുത്തിരുന്നു. അവര്‍ക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത് അവര്‍ അവരുടെ രൂപതകളിലെ ഇടവകകളില്‍ പങ്കുവച്ചപ്പോള്‍ അത് ഇംഗ്ലീഷുകാരായ വിശ്വാസികളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി എന്ന്‍ പലരും അഭിപ്രായപ്പെട്ടത് ഈ ലേഖകന്‍ ഓര്‍മ്മിക്കുന്നു. അതുകൊണ്ട് ഭാഷയുടെയും ദേശത്തിന്‍റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ദൈവവചനത്തിന്‍റെ ശക്തി പകരുവാന്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന അവിടുത്തെ അഭിഷിക്തനാണ് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍.
ഈ കണ്‍വെന്‍ഷന്‍ നയിക്കാന്‍ അച്ചനും മറ്റു രണ്ടുപേരും അടങ്ങുന്ന ഒരു ടീമാണ് നാട്ടില്‍ നിന്നും എത്തിയത്. കണ്‍വെന്‍ഷനുശേഷം വട്ടായില്‍ അച്ചൻ ഞങ്ങളോട് ഒന്നും ആവശ്യപ്പെട്ടില്ല. അന്ന് അവരുടെ യാത്രചിലവിനുള്ള തുക മാത്രമാണ് അച്ചനും ടീം അംഗങ്ങളും വാങ്ങിയത് എന്ന കാര്യം വളരെ വ്യക്തമായി. ഈ ലേഖകന്‍ ഓര്‍മ്മിക്കുന്നു. വട്ടായില്‍ അച്ചന്‍റെ മറ്റു കണ്‍വെന്‍ഷനുകള്‍ കോര്‍ഡിനേറ്റ് ചെയ്ത വ്യക്തികളും പല അവസരങ്ങളിലായി ഇത്തരം അനുഭവങ്ങള്‍ തന്നെയാണ് പങ്കുവച്ചത്. അങ്ങനെയുള്ള ഒരു വൈദികന്‍ വിദേശത്തു നിന്ന് ടാക്സ് നല്‍കാത്ത പണം നാട്ടിലേക്ക് കടത്തുന്നു എന്നൊക്കെ പറഞ്ഞ് വീഡിയോ ഇറക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കു ദൈവം മാപ്പുനൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഇത്തരം ആരോപണങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ തളര്‍ത്തില്ല. കാരണം അദ്ദേഹം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന അഭിഷിക്തനാണ്. അദ്ദേഹത്തിലൂടെ ക്രിസ്തുവിനെ അടുത്തറിഞ്ഞ, ക്രിസ്തുവിന്‍റെ സ്നേഹം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനലക്ഷങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുണ്ട്. അവരുടെ പ്രാര്‍ത്ഥനകള്‍ എന്നും വട്ടായിലച്ചനോടൊപ്പമുണ്ടാകും.