കുമ്പസാരക്കൂട്ടിലിരിക്കുന്ന പുരോഹിതന്‍ ആ മണിക്കൂറുകളിലാകെയും ശ്രവിക്കുന്നത് നല്ല കാര്യങ്ങളൊന്നുമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാ മാലിന്യങ്ങളും അദ്ദേഹം ഏറ്റുവാങ്ങുന്നു . . . പൗരോഹിത്യം അങ്ങനെ ക്രിസ്തുവിന്‍റെ കുരിശിനെ തന്‍റെ ജീവിതദൗത്യങ്ങളിലൂടെ ഏറ്റെടുക്കുന്നു. . . കുമ്പസാരക്കൂടിന്‍റെ ഏകാന്തതയിലും സാമൂഹ്യമാധ്യമങ്ങളുടെ ബഹളത്തിലും മാലിന്യങ്ങള്‍ സ്വീകരിക്കുന്ന കുപ്പത്തൊട്ടിയായി ക്രിസ്തുവിന്‍റെ പൗരോഹിത്യം നിലകൊള്ളുന്നു . . .
കുപ്പത്തൊട്ടികള്‍ ഇല്ലാതാകുന്ന കാലത്ത് ജീവിതം പതുക്കെ നാറാന്‍ തുടങ്ങും എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ...
(ലേഖകനായ ഫാ. നോബിള്‍ തോമസ് മാനന്തവാടി രൂപതാ വൈദികനും ബിഷപ്പ് ഹൗസ് പ്രോക്യുറേറ്ററുമാണ്)
Social Media
പൗരോഹിത്യം എന്ന കുപ്പത്തൊട്ടി
ഫാ. നോബിള്‍ തോമസ് 11-01-2018 - Thursday
മാസങ്ങള്‍ കൂടി ക്ലാസ്മേറ്റും ഉറ്റചെങ്ങാതിയുമായ ഒരു പെണ്‍കുട്ടി ഫോണ്‍വിളിച്ചു. വിശേഷങ്ങള്‍ തിരക്കി. സ്വന്തം വിശേഷങ്ങള്‍ പറഞ്ഞു. കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞെന്നും അക്ഷരങ്ങള്‍ കൂട്ടിപ്പെറുക്കി സംസാരിക്കാന്‍ തുടങ്ങിയെന്നും പറഞ്ഞു. സംഭാഷണത്തിനിടക്ക് മനോരോഗവിദഗ്ദനായ ഭര്‍ത്താവിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ പറഞ്ഞ വാചകം ഓര്‍മ്മയില്‍ നില്‍ക്കുന്നു . . . ഒരു തരത്തില്‍ നിങ്ങളുടെ രണ്ടു പേരുടെയും ജീവിതം ഏതാണ്ട് ഒരുപോലെയാണ്. എല്ലാ മാലിന്യങ്ങളും ഏറ്റുവാങ്ങുന്ന കുപ്പത്തൊട്ടി . . . സുഖം തേടി വരുന്നവരുടെ തന്നെ തെറിയും കേള്‍ക്കേണ്ടി വരുന്നവര്‍ . . .
ഏറ്റവും നികൃഷ്ടമായ ജീവിതാവസ്ഥ പൗരോഹിത്യമാണെന്ന പ്രതീതി ഇന്ന് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും കത്തോലിക്കാപൗരോഹിത്യം വിശേഷിപ്പിക്കപ്പെടുന്ന വാക്കുകള്‍ സംസ്കാരത്തിന് നിരക്കാത്തതും സാമാന്യ ഉപയോഗത്തില്‍ ശ്ലീലമല്ലാത്തതുമാണ്. ആഗ്രഹിച്ച ജീവിതാവസ്ഥയോട് കൂറുപുലര്‍ത്താന്‍ കഴിയാതെ പോയവരും സ്വഭാവപ്രത്യേകതകള്‍ കൊണ്ട് തങ്ങള്‍ സ്വീകരിച്ച ദൈവവിളിയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരും സാഹചര്യങ്ങളുടെ പ്രത്യേകതള്‍ കൊണ്ട് ആത്മീയമൂല്യങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാത്തവരും ആയ ഒരു ന്യൂനപക്ഷം വൈദികര്‍ ആണ് ഇത്തരത്തിലുള്ള വലിയ അപവാദപ്രചരണത്തിന് കാരണമാകുന്നത്. അപ്രകാരമുള്ളവര്‍ വൈദികകൂട്ടായ്മകളില്‍ എക്കാലവും ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട് എന്നത് സത്യവുമാണ്.
ലോകത്തിലെ ഇതരമതങ്ങളില്‍ നിലനില്‍ക്കുന്ന പൗരോഹിത്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തോലിക്കാപൗരോഹിത്യം അതിന്‍റെ പ്രത്യേകതകള്‍ കൊണ്ടും സ്വീകാര്യതകൊണ്ടും സവിശേഷമാണ്. ഒപ്പം തന്നെ അതിന്‍റെ സ്വഭാവത്തില്‍ത്തന്നെ ഉള്ളതോ കാലഘട്ടങ്ങളിലൂടെ വന്നുചേര്‍ന്നതോ ആയ നിരവധി ആനുകൂല്യങ്ങളും അതിന് സ്വന്തമായിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ ഏതുവിധേനയുള്ള കാരണങ്ങളാലും എതിര്‍സാക്ഷ്യം വഹിക്കുന്നവരെ പ്രതി പൗരോഹിത്യം ഏറ്റുവാങ്ങുന്ന എല്ലാ വിഴുപ്പലക്കുകളും അതര്‍ഹിക്കുന്നുണ്ട് എന്നതാണ് സത്യം. ശേഷിക്കുന്നവര്‍ക്ക് അവരെയോര്‍ത്ത് പ്രാര്‍ത്ഥിക്കുവാനും സ്വയം മെച്ചപ്പെടുത്തുവാനും അത് അവസരമാകും എന്ന് ഭാവാത്മകമായി കരുതാം.
മുന്‍കാലങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത ആരോപണങ്ങള്‍ പോലും ഇന്ന് നിലവിലുണ്ട്. സഭാപരമായ വിശദീകരണങ്ങള്‍ കൊണ്ട് തൃപ്തിപ്പെടാത്തവണം മുന്‍ധാരണകളിലും മാധ്യമങ്ങളുടെ നുണപ്രചരണങ്ങളിലും കൂടുതലായി ആശ്രയിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. ആത്മീയമൂല്യങ്ങളെക്കുറിച്ച് സെക്കുലര്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്പോള്‍ പോലും വലിയ പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്. യാതൊരുവിധ മൂല്യബോധമോ മതവിഷയങ്ങളില്‍ താത്പര്യമോ അടിസ്ഥാനപരമായ അറിവോ പോലും ഇല്ലാത്തവരാണ് മാധ്യമഅജണ്ടയുടെ ഭാഗമായുള്ള നുണകള്‍ ആധികാരികമായ അഭിപ്രായപ്രകടനങ്ങളായവതരിപ്പിച്ച് വാദപ്രതിവാദത്തിലേര്‍പ്പെടുന്നത്.
സഭയുടെ ജീവിതവും ആത്മീയതയും കൂട്ടായ്മയുടെ പ്രത്യേകതകളും പൗരോഹിത്യത്തിന്‍റെ അന്തസ്സും അന്തസ്സത്തയുമൊന്നും സാങ്കേതികതയുടെയും മിശ്രവികാരങ്ങളുടെയും കുത്തൊഴുക്കില്‍ മാധ്യമങ്ങളില്‍ വേണ്ടവണ്ണം അവതരിപ്പിക്കാന്‍ പലപ്പോഴും കഴിയാറില്ല. പഠിക്കുവാനും മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ആഴമായ നിശബ്ദതയും പ്രാര്‍ത്ഥനയും അവധാനതയും വേണ്ട ആത്മീയമൂല്യങ്ങളെയും സഭാജീവിതത്തെയും പൗരോഹിത്യത്തെയും ഉപരിപ്ലവമായ ചര്‍ച്ചകളുടെയും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെയും ലോകത്തു നിന്ന് തുടച്ചുമാറ്റാനും സാധ്യമല്ല.
കത്തോലിക്കാപൗരോഹിത്യം അതിന്‍റെ സ്വഭാവത്താല്‍ത്തന്നെ അനേകരുടെ അസൂയക്ക് പാത്രമാണ്. സാമുദായികഐക്യം നിലനിര്‍ത്തുന്നതില്‍ പൗരോഹിത്യത്തിനുള്ള പ്രത്യേകപങ്ക് രാഷ്ട്രീയ-വര്‍ഗ്ഗീയശക്തികളുടെ എക്കാലത്തേയും അസ്വസ്ഥതയാണ്. ഒപ്പം തന്നെ വൈദികര്‍ക്ക് സമൂഹത്തിലുള്ള സ്വീകാര്യതയും അംഗീകാരവും അവരോടൊപ്പമുള്ള വലിയ ആള്‍ബലവും പലരുടെയും അസ്വസ്ഥതക്ക് കാരണമാണ്. ഇക്കാരണങ്ങളാല്‍ കത്തോലിക്കാപൗരോഹിത്യത്തെ വിലയിടിച്ചു കാണിച്ച് സാമുദായികമായ ഐക്യവും ബലവും തകര്‍ത്ത് തങ്ങളുടെ സ്വേച്ഛാനുസരണം ജനത്തെ ഉപയോഗിക്കാന്‍ മേല്‍പ്പറഞ്ഞ ശക്തികള്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗം കൂടിയാണ് മാധ്യമങ്ങളില്‍ പൗരോഹിത്യത്തിനെതിരേ നടന്നുകൊണ്ടിരിക്കുന്നത്.
കുമ്പസാരസുഖം എന്ന ഹീനചിന്ത:
ഇത്തരുണത്തില്‍ വളരെയേറെ ആക്ഷേപകരമായ ഒരു വാക്കും ചിന്തയുമാണ് കുമ്പസാരസുഖം എന്നത്. കത്തോലിക്കാസഭയുടെ കൂദാശകളില്‍ പരിപാവനമായി കരുതപ്പെടുന്നതും വിശ്വാസിയുടെ മനസ്സിന് സ്വസ്ഥതയും ആത്മീയമായ വളര്‍ച്ചയും അതിലൂടെ ശാരീരികമായ സൗഖ്യവും പകരുന്ന കൂദാശയാണ് കുന്പസാരം. ചെയ്തുപോയ പാപങ്ങള്‍ തിരുസ്സഭയുടെയും മിശിഹായുടെയും പ്രതിനിധിയായ വൈദികന്‍റെ അടുക്കല്‍ ഏറ്റുപറയുന്ന വിശ്വാസി തന്‍റെ ജീവിതത്തിന്‍റെ വരവ്ചിലവ് കണക്കുകള്‍ ദൈവസന്നിധിയില്‍ ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. വൈദികന്‍ എന്ന വ്യക്തിയോടല്ല, മിശിഹായുടെ പ്രതിപുരുഷനോടാണ് ഈ ഏറ്റുപറച്ചില്‍ നടത്തുന്നത്. താന്‍ തന്നെ ബലഹീനനും പാപിയുമായതിനാല്‍ തനിക്കു ദൈവസന്നിധിയില്‍ ലഭിക്കുന്ന കാരുണ്യവും കൃപയും കുമ്പസാരിക്കുന്ന വ്യക്തിക്ക് പകര്‍ന്നുനല്കാനും അവരെ ആശ്വസിപ്പിക്കാനുമാണ് കുന്പസാരവേളയില്‍ വൈദികര്‍ ശ്രമിക്കുന്നത്.
മനംതകര്‍ന്നും വീഴ്ചകളില്‍ ആകുലപ്പെട്ടും അസ്വസ്ഥരായും ജീവിതപ്രശ്നങ്ങളില്‍ വേദനിച്ചും കുമ്പസാരക്കൂടിനെ സമീപിക്കുന്നവരുണ്ട്. വലിയ ആത്മവിശ്വാസത്തോടെ എല്ലാം തുറന്നു പറഞ്ഞ് വലിയ ഹൃദയഭാരങ്ങളിറക്കിവച്ച് ആനന്ദത്തിന്‍റെ കണ്ണീരോടും വലിയ സമാശ്വാസത്തോടും കൂടെ കുമ്പസാരക്കൂട്ടില്‍ നിന്ന് പിന്‍വാങ്ങുന്നവരാണ് വിശ്വാസികള്‍. ഈ പാവനകൂദാശയെയും കൂദാശ പരികര്‍മ്മം ചെയ്യുന്ന വൈദികനെയും അളവറ്റ് പരിഹസിക്കുന്നവര്‍ വൈദികന്‍ കുമ്പസാരക്കൂട്ടില്‍ അന്യരുടെ പാപവും വീഴ്ചയും കേട്ട് രസിക്കുകയാണെന്ന് ആക്ഷേപിക്കുന്നു.
കുമ്പസാരക്കൂടിനെ സമീപിക്കുകയും അതിന്‍റെ സ്വസ്ഥതയും കൃപയും അനുഭവിക്കുകയും ചെയ്യുന്ന വൈദികരടക്കമുള്ള വിശ്വാസികള്‍ ഇത്തരം തരംതാണ അഭിപ്രായപ്രകടനങ്ങളെ തള്ളിക്കളയുക തന്നെ ചെയ്യും. എങ്കിലും പൊതുസമൂഹത്തില്‍ ഇത്തരം ഹീനചിന്തകള്‍, വാക്കുകള്‍ സൃഷ്ടിക്കുന്ന ദോഷം അത്ര നിസ്സാരമല്ല എന്ന് നാം മനസ്സിലാക്കണം. കുമ്പസാരിപ്പിക്കുന്ന വൈദികന്‍ സ്ത്രീകളുടെ രഹസ്യഭാഷണങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്ന മനോവൈകല്യം നിറഞ്ഞ ചിന്തയാണ് മേല്‍പ്പറഞ്ഞ ആരോപണത്തിന്‍റെ അടിസ്ഥാനം. സ്ത്രീകളെ ലൈംഗികവസ്തുക്കളായി കാണുന്ന ദൃഷ്ടിദോഷത്തിന്‍റെ ഭാഗമാണ് അവരുടെ സ്വകാര്യതകളിലും സ്വകാര്യസംഭാഷണങ്ങളിലുമെല്ലാം ലൈംഗികത നിറഞ്ഞുനില്‍ക്കുന്നു എന്ന ചിന്ത.
ഇതെല്ലാം കേള്‍ക്കുന്ന വൈദികര്‍ വഴിതെറ്റുന്നതില്‍ വലിയ അതിശയോക്തിയില്ല എന്നൊക്കെ എഴുതുന്നവരോട് എന്തു പറയാൻ . . . കാഴ്ചയിലും കേള്‍വിയിലും മുഴുവന്‍ ലൈംഗികത നിറഞ്ഞിരിക്കുന്നവരുടെ ഭാവന അപ്രകാരമേ പ്രവര്‍ത്തിക്കുകയുള്ളു. പാപങ്ങള്‍ എല്ലാം ലൈംഗികമാണെന്ന തെറ്റിദ്ധാരണയും എല്ലാം സ്വകാര്യതകളും ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്ന ജിജ്ഞാസ നിറഞ്ഞ അബദ്ധധാരണയും ഇക്കൂട്ടരെ ഭരിക്കുന്നുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി പലതരത്തിലുള്ള മനുഷ്യരെ ഏതാനും ഇഞ്ചുകളുടെ അകലത്തില്‍ അവരുടെ ജീവിതത്തിന്‍റെ എല്ലാ സ്വകാര്യതകളോടും കൂടി കണ്ടുമുട്ടുന്ന വൈദികരുടെ മാനസികാവസ്ഥ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കും . . . കുഞ്ഞുങ്ങളുടെ നിഷ്കളങ്കത, യുവാക്കളുടെ സംശയങ്ങള്‍, കുടുംബസ്ഥരുടെ പ്രശ്നങ്ങള്‍, മദ്യപാനം, പുകവലി, സുഹൃദ്ബന്ധത്തിലെ വീഴ്ചകള്‍ . . . ഇങ്ങനെ ആളുകളും വിഷയങ്ങളും എണ്ണിത്തീര്‍ക്കാനാവാത്തവിധം ബഹുലമായ കുന്പസാരക്കൂടിന്‍റെ ആന്തരികജീവിതം ഹീനമായിക്കരുതുകയും അതിനെ ആക്ഷേപിക്കുകയും ചെയ്യുന്നവരോട് ദൈവം പൊറുക്കട്ടെ.
മണിക്കൂറുകള്‍ കുമ്പസാരക്കൂട്ടിലിരിക്കുന്ന വൈദികന്‍ ശാരീരികമായനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, തന്നെ സമീപിക്കുന്നവരുടെ ശരീരപ്രകൃതം മൂലം അനുഭവിക്കുന്ന അസ്വസ്ഥതകള്‍, എന്തുകേട്ടാലും അക്ഷോഭ്യരായി ഇരുന്ന് സ്വരം താഴ്ത്തി സംസാരിക്കേണ്ടി വരുന്നതിലുള്ള കഷ്ടപ്പാടുകള്‍ എന്നിങ്ങനെ പറയാവുന്നതും പറയാനാവാത്തതുമായ നിരവധി പ്രശ്നങ്ങള്‍ പൗരോഹിത്യം നേരിടുന്നുണ്ട്.