Social Media - 2024
വലിയ നോമ്പിന് ഒരുങ്ങുമ്പോള്‍...!
ഫാ. നോബിള്‍ തോമസ് 22-02-2020 - Saturday
ഈ ദിനങ്ങളില്‍ ക്രൈസ്തവലോകം വലിയ നോമ്പിലേക്ക് പ്രവേശിക്കുകയാണ്. ശരിയായ ഒരുക്കത്തോടും നല്ല തീരുമാനങ്ങളോടും കൂടെ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പെസഹാരഹസ്യങ്ങളുടെ വാര്‍ഷികസ്മരണയിലേക്ക് പ്രവേശിക്കാന്‍ നമുക്കൊരുങ്ങാം. ഫലപ്രദമായ ഒരുക്കത്തിന് സഹായകമായ ചില ചിന്തകള്‍ പങ്കുവക്കട്ടെ.
ഓര്‍മ്മ
വലിയ നോമ്പിന്‍റെ ദിവസങ്ങള്‍ നമ്മിലുണര്‍ത്തേണ്ട ചില ഓര്‍മ്മകളെക്കുറിച്ച് ആദ്യമേ സൂചിപ്പിക്കാം. നോമ്പിനെക്കുറിച്ച് ഓര്‍മ്മിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. തിരക്കുകളും ജീവിതഭാരവും നമ്മെ പലപ്പോഴും നോമ്പ്, ഉപവാസം, പരിത്യാഗം, ആശയടക്കം എന്നിങ്ങനെയുള്ള ആത്മീയപ്രവൃത്തികളില്‍ നിന്ന് അകറ്റാറുണ്ട്. സ്വയം തിരിച്ചറിയാനും പരിശീലിപ്പിക്കാനും മെരുക്കിയെടുക്കാനും അങ്ങനെ ആത്മീയമായ സ്വസ്ഥതയും ദൈവവുമായുള്ള ബന്ധവും ആഴപ്പെടുത്തിയെടുക്കാനും ഇവ ഏറെ സഹായകരമാണ്. വലിയ നോമ്പിന്‍റെ പ്രാധാന്യവും അത് നമ്മുടെ ആത്മീയചിന്തകളെ ഓര്‍മ്മിപ്പിക്കുന്നതും എന്താണെന്ന് അനുസ്മരിക്കുന്നത് അര്‍ത്ഥവത്തായ നോമ്പാചരണത്തിന് അനിവാര്യമാണ്.
1. മിശിഹായുടെ രക്ഷകരകര്‍മ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവുമാണ് വലിയ നോമ്പിന്‍റെ ഉള്ളടക്കം.
2. ഈശോയുടെ മരുഭൂമിയിലെ 40 ദിവസത്തെ ഉപവാസമാണ് ഈ നോന്പാചരണത്തിന്‍റെ അടിസ്ഥാനമായി നാം കാണുന്നത്. പരീക്ഷകളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗം മിശിഹാ മരുഭൂമിയില്‍ പഠിപ്പിച്ചുതരികയായിരുന്നു.
3. മാമ്മോദീസായില്‍ നാം ദൈവമക്കളും പുതിയ മനുഷ്യരുമായിരുന്നു എന്നതും പാപം വഴി അവിടുത്തെ പരിത്യജിച്ചു എന്നതും ഈ കാലഘട്ടത്തിന്‍റെ സവിശേഷ ഓര്‍മ്മയായി നാം സൂക്ഷിക്കണം.
4. അനുതാപത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രത്യേകമാംവിധം ചിന്തിക്കണം.
5. അനുതപിക്കുന്നവരോടുള്ള ദൈവത്തിന്‍റെ സവിശേഷമായ കാരുണ്യത്തെയും സ്നേഹത്തെയും പറ്റി സമയമെടുത്ത് ധ്യാനിക്കണം.
6. ദൈവത്തോടും സഹോദരങ്ങളോടും അനുരജ്ഞനത്തിലെത്തേണ്ടത് നോന്പിന്‍റെ ചൈതന്യത്തിനും ആത്മീയതക്കും അനിവാര്യമാണെന്നതും മറക്കരുത്.
ഒരുക്കം
സവിശേഷമായ ഒരുക്കങ്ങള്‍ വലിയനോമ്പിനു മുന്‍പും നോമ്പുകാലത്തും നടത്തുന്നത് നല്ലതാണ്. നോമ്പുകാലം തന്നെ ഒരുക്കമല്ലേ എന്നു ചിന്ത പ്രസക്തമാണ്. എന്നാല്‍ നോമ്പുകാലം തന്നെ ഒരുക്കത്തോടെ അനുഷ്ഠിക്കുമ്പോള്‍ അത് ആത്മീയജീവിതത്തിന് വലിയ ഉണര്‍വ്വ് നല്കാന്‍ പ്രാപ്തമായിത്തീരും. നഷ്ടമായിപ്പോയ ആത്മവിശ്വാസത്തെ വീണ്ടെടുക്കാനും കരിന്തിരി കത്തുന്ന ദൈവാനുഭവത്തെ ജ്വലിപ്പിക്കാനും തേഞ്ഞുപോയ പ്രാര്‍ത്ഥനാനുഭവത്തെ മൂര്‍ച്ചപ്പെടുത്താനും നിസംഗമായ ബന്ധങ്ങളെ ജീവനുള്ളതാക്കാനും ഒരുക്കത്തോടുകൂടിയ നോമ്പാചരണത്തിന് കഴിയും.
1. കുമ്പസാരം എന്ന കൂദാശയുടെ സ്വീകരണത്തോടെ നോമ്പിലേക്ക് പ്രവേശിക്കുന്നത് നല്ലതാണ്. നോമ്പുകാലം മുഴുവന്‍ തന്നെ അനുതാപത്തിന്‍റെയും പ്രായ്ശ്ചിത്തത്തിന്‍റെയും ഓര്‍മ്മയാണെങ്കിലും കളങ്കമില്ലാത്ത മനസ്സോടെ കണ്ണീരിന്‍റെ ദിനരാത്രങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ലോകത്തിനു മുഴുവന്‍ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് കര്‍ത്താവിന്‍റെ കുരിശിനോട് ചേര്‍ന്ന് സഹിക്കാന്‍ നമുക്ക് കരുത്ത് ലഭിക്കും.
2. കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ വൃത്തിയാക്കുക, മുറി ക്രമീകരിക്കുക, വസ്ത്രങ്ങള്‍ അലക്കിത്തേച്ച് വൃത്തിയായി മടക്കി വെക്കുക. മൊത്തത്തില്‍ ഒരു വൃത്തി വരുത്തുന്നത് വിശുദ്ധമായ ദിനങ്ങളിലേക്ക് ഞാന്‍ പ്രവേശിച്ചിരിക്കുന്നു എന്നും എന്‍റെ പരിസരങ്ങള്‍ പോലെ ജീവിതവും വിശുദ്ധവും ക്രമീകൃതവുമായിരിക്കണമെന്ന് സ്വയം ഓര്‍മ്മപ്പെടുത്തുന്നതിനും ഉതകുന്നതാണ്.
3. വലിയ നോമ്പിന്‍റെ ദിനങ്ങളില്‍ പ്രത്യേകസമയക്രമീകരണം നടത്തുന്നത് നല്ല ഒരുക്കത്തിന്‍റെ ഭാഗമാണ്. എല്ലാ ദിനവും തന്നെ വിശുദ്ധബലിയില്‍ സംബന്ധിക്കാന്‍ പരിശ്രമിക്കുക. സാധിക്കുന്നിടത്തോളം കുടുംബപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും അല്പസമയം സ്വയം പ്രാര്‍ത്ഥിക്കാനും വിശുദ്ധ ഗ്രന്ഥം വായിക്കാനും സമയം ലഭിക്കുംവിധം അനുദിന ജീവിതകൃത്യങ്ങളെ ക്രമീകരിക്കാന്‍ സാധിച്ചാല്‍ നല്ലത്.
4. ഈ ദിവസങ്ങള്‍ പാപത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുക. തെറ്റിലേക്ക് നയിക്കുന്ന കൂട്ടുകെട്ടുകളില്‍ നിന്ന് അകലം പാലിക്കാന്‍ മതിയായ കാരണങ്ങള്‍ കണ്ടുപിടിക്കുക. ഈ അന്‍പതുദിവസങ്ങള്‍ സ്വയം നിയന്ത്രിക്കാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും അതിലൂടെ ലഭിക്കുന്ന ആത്മീയശക്തിയിലൂടെ തുടര്‍ന്നും വിശുദ്ധിയില്‍ത്തന്നെ നിലനില്‍ക്കാന്‍ നമുക്ക് കഴിയും.
5. ഉപവാസവും നോമ്പും ശരീരത്തിന്‍റെ ദുഷിപ്പുകള്‍ ഇല്ലാതാക്കി ആരോഗ്യം വീണ്ടെടുക്കാനുള്ള ഡയറ്റിന്‍റെ സമയമല്ലെന്ന് അത് ആത്മീയവളര്‍ച്ചക്ക് വേണ്ടിയുള്ളതാണെന്നും സ്വയം ഓര്‍മ്മപ്പെടുത്താനും ഈ ഒരുക്കം സഹായകമാകും.
പരിഹാരം
വലിയ നോമ്പ് പരിഹാരപ്രവൃത്തികളുടെ കൂടെ കാലമാണ്. ദൈവത്തെ മറന്നും ആത്മീയജീവിതം ഉപേക്ഷിച്ചും ചെയ്തുപോയ പാപങ്ങള്‍ക്കും തെറ്റുകള്‍ക്കും പാപപ്പൊറുതി കുന്പസാരം എന്ന കൂദാശയിലൂടെ ലഭിക്കുമ്പോഴും നമ്മുടെ പാപങ്ങളും ദുഷ്കൃത്യങ്ങളും നിമിത്തം രൂപപ്പെട്ട മുറിവുകളെയും അസ്വസ്ഥമായ ബന്ധങ്ങളെയും പ്രപഞ്ചത്തെയും പ്രതി പരിഹാരപ്രവര്‍ത്തികള്‍ ചെയ്യാനും നാം കടപ്പെട്ടിരിക്കുന്നു. നമ്മുടെയും ലോകം മുഴുവന്‍റെയും പാപങ്ങള്‍ക്കുവേണ്ടി പീഡകളേറ്റു കുരിശില്‍ മരിച്ച ഈശോയെയാണ് പരിഹാര പ്രവര്‍ത്തികളിലൂടെ നാം അനുകരിക്കുന്നത്. ഈശോ തനിക്കുവേണ്ടിയല്ല സഹനങ്ങളേറ്റെടുത്തതെങ്കില്‍ നാം പരിഹാരപ്രവര്‍ത്തികളിലൂടെ സഹനങ്ങളേറ്റെടുക്കുന്നത് നമുക്കുവേണ്ടിയും ഒപ്പം ലോകം മുഴുവന് വേണ്ടിയും കൂടെയാണ്.
1. ഉപവാസം - നോമ്പിന്‍റെ ദിനങ്ങളില്‍ സഭ ആവശ്യപ്പെടുന്ന ദിനങ്ങളില്‍ മാത്രമല്ല (വിഭൂതി, ദുഖവെള്ളി) മറ്റ് ദിനങ്ങളിലും കഴിയുമെങ്കില്‍ എല്ലാ വെള്ളിയാഴ്ചകളും ഉപവാസ ദിനങ്ങളായി ആചരിക്കുന്നത് നല്ലതാണ്.
2. മാംസവര്‍ജ്ജനം അല്ലെങ്കില്‍ ഇഷ്ടഭക്ഷണത്തിന്‍റെ വര്‍ജ്ജനം - ഭക്ഷണം നമ്മുടെ ജീവിതത്തിന്‍റെ അവിഭാജ്യഘടകമാണ്. അതേസമയം തന്നെ അതൊരു ആസക്തിയായും മാറുന്നത് നാം കാണുന്നുണ്ട്. മാംസമോ അതുപോലുള്ള ഇഷ്ടഭക്ഷണങ്ങളോ നോമ്പിന്‍റെ ദിനങ്ങളില്‍ വര്‍ജ്ജിക്കുന്നത് നല്ലതാണ്.
3. തഴക്കദോഷങ്ങളോട് വിട പറയുക - ശീലംകൊണ്ട് പലവിധ തിന്മകളുടെ പിടിയില്‍ അകപ്പെട്ടവരാണ് നാം. മറുശീലങ്ങള്‍, തീര്‍ച്ചയുള്ള തീരുമാനങ്ങള്‍, പ്രത്യേക ആത്മശോധന എന്നിവ വഴി അവയില്‍ നിന്ന് അകലം പാലിക്കുന്നത് നോമ്പിന് ഉചിതമായ പരിഹാരപ്രവൃത്തിയില്‍പ്പെടുന്ന കാര്യമാണ്.
4. ആശയടക്കം - ഇഷ്ടമുള്ള കാര്യങ്ങള്‍ വേണ്ടെന്നുവക്കുന്നത് സ്വയം നിയന്ത്രണം ശീലമാക്കാനും തെറ്റിലേക്ക് വഴുതിവീഴുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കാനും സഹായകരമാണ്.
5. വിശുദ്ധ കുര്‍ബാന, യാമപ്രാർത്ഥനകൾ, കുടുംബപ്രാര്‍ത്ഥന, വിശുദ്ധ ഗ്രന്ഥ പാരായണം, വ്യക്തിപരമായ പ്രാര്‍ത്ഥന, ആത്മീയഗ്രന്ഥങ്ങളുടെ പാരായണം - ഇവ ശീലമാക്കുന്നതും ഇവക്ക് പ്രത്യേക സമയം നിശ്ചയിക്കുന്നതും നല്ലത്.
6. കുരിശിന്‍റെ വഴി പ്രാര്‍ത്ഥന - കഴിയുമെങ്കില്‍ എല്ലാ ദിവസവും അല്ലെങ്കില്‍ വെള്ളിയാഴ്ചകളില്‍ കുരിശിന്‍റെ വഴി പ്രാര്‍ത്ഥന ചൊല്ലുന്നത് നോന്പുകാലത്തിന്‍റെ ചൈതന്യത്തില്‍ നിലനില്‍ക്കുന്നതിന് ഏറെ സഹായകമാണ്. പരിഹാരപ്രവര്‍ത്തിയാണ്.
7. തീര്‍ത്ഥാടനങ്ങള്‍, വാര്‍ഷികധ്യാനങ്ങള്‍ - തീര്‍ത്ഥാടനങ്ങളും വാര്‍ഷികധ്യാനങ്ങളും നടത്തുന്നതും ദിവ്യകാരുണ്യ ആരാധനാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും നിശബ്ദതയില്‍ അവിടെ സമയം ചിലവഴിക്കുന്നതും നോന്പുകാലചൈതന്യത്തിന് തികച്ചും ഉചിതമാണ്.
8. സംസാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും തീര്‍ച്ചയില്ലാത്ത കാര്യങ്ങള്‍ സംസാരിക്കാതിരിക്കുന്നതും വാക്കുകള്‍ ശ്രദ്ധിച്ചുപയോഗിക്കുന്നതും കൂടുതല്‍ സമയം നിശബ്ദതയിലായിരിക്കാന്‍ ശ്രമിക്കുന്നതും ഫോണ്‍, ഇന്‍റര്‍നെറ്റ്, ടെലിവിഷന്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതും നോന്പുകാലചൈതന്യത്തില്‍ നിലനില്‍ക്കാന്‍ അത്യുത്തമം.
പ്രിയമുള്ളവരെ, ഏവര്‍ക്കും വലിയ നോമ്പിന്‍റെ ആത്മീയനന്മകള്‍ നേരുന്നു. ഈ അന്‍പതു ദിവസത്തെ ആത്മീയയാത്രയില്‍ നമുക്ക് പരസ്പരം പ്രാര്‍ത്ഥിക്കാം. . . അവനൊടൊപ്പം ഉണര്‍ന്നിരിക്കാം. . . അവന്‍റെ സഹനങ്ങളെ പ്രതി കൂടുതല്‍ നിശബ്ദരാകാം . . .
originally pulished on 22.2.2020