News

ട്രൂഡോയുടെ അബോര്‍ഷന്‍ നയങ്ങള്‍ക്കെതിരെ കാനഡ തെരുവിലേക്ക്

സ്വന്തം ലേഖകന്‍ 12-04-2018 - Thursday

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ ഗവണ്‍മെന്റിന്റെ അബോര്‍ഷന്‍ നയങ്ങള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന് ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ പ്രോലൈഫ് സമൂഹം തെരുവിലേക്ക്. മെയ് 10-ന് ഒട്ടാവയിലേക്ക് നടക്കുന്ന മാര്‍ച്ച് ‘ക്യാംപെയിന്‍ ലൈഫ് കൊയാളിഷന്‍’ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. കാനഡയില്‍ ഗര്‍ഭസ്ഥ ശിശുക്കളുടേയും, അവരുടെ അമ്മമാരുടേയും ജീവന്‍ എക്കാലത്തേക്കാളുമധികം അപകടത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് 21-മത് വാര്‍ഷിക 'മാര്‍ച്ച് ഫോര്‍ ലൈഫ് റാലി' നടക്കുന്നത്. “പ്രോലൈഫ് ഓള്‍ ഇന്‍” എന്നതായിരിക്കും റാലിയുടെ മുഖ്യ പ്രമേയം.

കാനഡയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കും, വിശ്വാസികള്‍ക്കും കഴിഞ്ഞ വര്‍ഷം നല്ലതല്ലായിരിന്നുവെന്ന് ‘ക്യാംപെയിന്‍ ലൈഫ് കൊയാളിഷന്‍’-ന്‍റെ പ്രസിഡന്റായ ജിം ഹഗ്സ് വെളിപ്പെടുത്തി. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയെ നശിപ്പിക്കുന്ന ആശയങ്ങളാല്‍ നയിക്കപ്പെടുന്നവരാണ്. സര്‍ക്കാര്‍ പ്രോലൈഫ് പ്രവര്‍ത്തകരുന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നു. ഭാവിയില്‍ അവര്‍ ആരുടെയൊക്കെ അവകാശങ്ങള്‍ നിഷേധിക്കും? ഹഗ്സ് ചോദിച്ചു. നിലവില്‍ ഗര്‍ഭഛിദ്രം നിര്‍ബന്ധിതമാക്കുന്നതിനു തുല്യമായ നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

6.5 കോടി ഡോളറാണ് അബോര്‍ഷന്‍ പ്രചരിപ്പിക്കുവാന്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ഗവണ്‍മെന്‍റ് ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. വീടുകളില്‍ പോലും അബോര്‍ഷന്‍ സാധ്യമാക്കുക എന്നതാണ് ട്രൂഡോയുടെ സര്‍ക്കാര്‍ നയം. ഒന്‍റാരിയോയിലെ എട്ട് അബോര്‍ഷന്‍ സെന്ററുകളിലും, ന്യൂഫൌണ്ട് ലാന്റ്, ലാബ്രഡോര്‍, ക്യൂബെക്ക് എന്നിവിടങ്ങളിലും ജീവനുവേണ്ടി സംസാരിക്കുന്നതിനെ വിലക്കുന്ന ‘ബബ്ബിള്‍ സോണ്‍’ നിയമം പാസ്സാക്കി കഴിഞ്ഞു. മൈഫ്ജിമിസോ/ RU-486 എന്ന അബോര്‍ഷന്‍ ഗുളിക നിരവധി സംസ്ഥാനങ്ങളില്‍ സൗജന്യമായാണ് നല്‍കിവരുന്നത്.

ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കും കടുത്ത വിലക്കാണ് നേരിടേണ്ടി വരുന്നത്. കാനഡയുടെ വേനല്‍ക്കാല തൊഴില്‍ പദ്ധതിയില്‍ നിന്നും പ്രോലൈഫ് പ്രവര്‍ത്തകരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യവസ്ഥകള്‍ക്ക് പുറമേ, പ്രോലൈഫ് പ്രചാരണങ്ങള്‍ക്കുള്ള ധനസഹായവും സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. 1969-ല്‍ കാനഡയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയത്‌ മുതല്‍ വര്‍ഷം തോറും ഏതാണ്ട് ഒരുലക്ഷത്തോളം കുട്ടികള്‍ രാജ്യത്തു ഗര്‍ഭാവസ്ഥയില്‍ തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.


Related Articles »