India - 2025

പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിന് കെആര്‍എല്‍സിസി കോണ്‍ക്ലേവ്

സ്വന്തം ലേഖകന്‍ 05-09-2018 - Wednesday

കൊച്ചി: പ്രളയക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളുടെയും അവിടങ്ങളിലെ ജനങ്ങളുടെയും പുനര്‍നിര്‍മാണവും പുനരധിവാസവും ചര്‍ച്ച ചെയ്യുന്നതിന് കെആര്‍എല്‍സിസി കോണ്‍ക്ലേവ് എട്ടിനു നടക്കും. രാവിലെ 10.30ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പില്‍ അധ്യക്ഷത വഹിക്കും. നാല് സെഷനുകളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. പുനരധിവാസവും പുനര്‍നിര്‍മാണവും: നടപടികളും പ്രവര്‍ത്തനങ്ങളും, നവകേരള നിര്‍മിതി, പ്രളയം ഉണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എങ്ങനെ മറികടക്കും എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കെ.വി. തോമസ് എംപി, എംഎല്‍എമാരായ കെ കൃഷ്ണണ്‍കുട്ടി, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, മഹാരാജാസ് കോളജിലെ മുന്‍ പ്രഫസര്‍ ഡോ.മാര്‍ട്ടിന്‍ പാട്രിക്, കൊച്ചി കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.പൂര്‍ണിമ നാരായണന്‍, മാധ്യമപ്രവര്‍ത്തകന്‍ കെ.എ. ജോണി, ഈശോസഭയുടെ കേരള പ്രോവിന്‍ഷ്യല്‍ റവ.ഡോ. എം.കെ. ജോര്‍ജ് എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. വിക്ടര്‍ ജോര്‍ജ് എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. മോണ്‍. യൂജിന്‍ പെരേര പൊതുചര്‍ച്ച നയിക്കും.


Related Articles »