News

ചരിത്രത്തില്‍ ആദ്യമായി സോളമൻ ദ്വീപിൽ തദ്ദേശീയ മെത്രാന്‍

സ്വന്തം ലേഖകന്‍ 11-11-2018 - Sunday

ഹൊനിയാര: തെക്കന്‍ ശാന്തസമുദ്ര ദ്വീപ് സമൂഹമായ സോളമന്‍ ദ്വീപില്‍ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ മെത്രാന്‍ അഭിഷിക്തനായി. മോൺ. പീറ്റർ ഹോഹുവാണ് ഓഖി രൂപതയുടെ മെത്രാനായി അഭിഷിക്തനായത്. മലയിറ്റ പ്രവിശ്യയിൽ സെന്‍റ് അഗസ്റ്റിൻ കത്തീഡ്രലിലാണ് ചരിത്രപരമായ മെത്രാഭിഷേക ചടങ്ങ് നടന്നത്. പ്രാദേശിക സഭയുടെ വളർച്ചയിൽ പുതിയ ചുവടുവെയ്പ്പായ ശുശ്രൂഷയിൽ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ജനങ്ങള്‍ പങ്കെടുത്തു. പാപുവ ന്യൂ ഗിനിയയുടെയും സോളമൻ ഐലൻഡിന്റെയും അപ്പസ്തോലിക നൂണ്‍ഷ്യോയും മലയാളിയുമായ ആർച്ച് ബിഷപ്പ് കുര്യന്‍ മാത്യു വയലുങ്കൽ പ്രാർത്ഥനകൾക്ക് കാർമ്മികത്വം വഹിച്ചു.

ഹൊനിയാര അതിരൂപത ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫർ എം. കാർദോൺ ഒപി , മൗണ്ട് ഹേഗൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോഗ്ളസ് യങ്ങ് എസ്.വി.ഡി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, ദൈവജനത്തെ നയിക്കുക എന്നീ മൂന്ന് ഉത്തരവാദിത്വങ്ങളാണ് തിരുസഭ ഭരമേല്പിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് വയലുങ്കൽ സന്ദേശത്തിൽ പറഞ്ഞു. മോൺ.ഹോഹുവിനെ സഭയ്ക്ക് നല്കിയതിന് കുടുംബത്തിനും പ്രാദേശിക സമൂഹത്തിനും അപ്പസ്തോലിക നുൺഷോ നന്ദി രേഖപ്പെടുത്തി.

മെത്രാഭിഷേകത്തിന്റെ കൗദാശിക ശുശ്രൂഷകൾക്ക് പുറമേ സംസ്കാരിക ചടങ്ങുകളും നടത്തപ്പെട്ടു. ഓഖി രൂപതയിലെ വിവിധ സഭാ നേതാക്കന്മാർ ശുശ്രൂഷയിൽ പങ്കെടുത്തത് രൂപതയുടെ ആത്മീയ ഐക്യം വെളിപ്പെടുത്തി. രൂപതയുടെ മുൻ ബിഷപ്പുമാരായ മോൺ.ജെറാർഡ് ലോഫ്റ്റ് എസ്.എം, മോൺ. ക്രിസ്റ്റോഫർ കാർദോൺ ഒ.പി എന്നിവരുടെ പ്രവർത്തനങ്ങളെ പുതിയതായി അഭിഷിക്തനായ ബിഷപ്പ് ഹോഹു മറുപടി പ്രസംഗത്തിൽ അനുസ്മരിച്ചു.

മാരിസ്റ്റ് മിഷ്ണറിമാരുടെയുടെയും രൂപത വൈദികരുടേയും സേവനം പ്രാദേശിക സഭയെ പടുത്തുയർത്താനും ക്രൈസ്തവവിശ്വാസത്തിൽ ആഴപ്പെടാനും ഇടയാക്കിയെന്നും പ്രാദേശിക വൈദികരായ ഫാ.മൈക്കിൾ എയ്ക്ക്, ഫാ.ഡോണസിയനോ ഹിറ്റേ എന്നിവരോടൊപ്പം രാജ്യത്തെ ആത്മീയമായി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ മുഹൂർത്തതിന് സാക്ഷ്യം വഹിച്ച മിഷ്ണറിമാർക്കും വിശ്വാസികൾക്കും സംഘാടകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.


Related Articles »