News - 2024
യേശുവിനായി സഹനങ്ങള്‍ ഏറ്റുവാങ്ങിയ സുഡാനി ക്രൈസ്തവര്‍ക്ക് മോചനം
സ്വന്തം ലേഖകന്‍ 17-11-2018 - Saturday
എല്‍ ഒബൈഡ്: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം തട്ടികൊണ്ടു പോയ പതിമൂന്ന് ക്രൈസ്തവരെ മോചിപ്പിച്ചു. ഒക്ടോബർ പതിമൂന്നിന് ദാർഫുറിലെ ഒരു വീട്ടിൽ നിന്നും തട്ടികൊണ്ടുപോയ ക്രൈസ്തവ വിശ്വാസികള്‍ക്കു ക്രിസ്തുവിനെ പ്രതി കനത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇസ്ളാം മതത്തിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരെയാണ് വിശ്വാസത്യാഗം നടത്തി തിരികെ ഇസ്ളാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിച്ചതെന്ന് ബർണബാസ് ഫണ്ട് എന്ന ക്രൈസ്തവ സംഘടന വ്യക്തമാക്കി.
ശരിയത്ത് നിയമം പിന്തുടരുന്ന സുഡാനിൽ ഒമർ അൽ-ബഷീർ പ്രസിഡന്റ് പദവിയിൽ എത്തിയതോടെ നിയമങ്ങൾ കർശനമാക്കിയിരുന്നു. ബന്ധികളിൽ ഉൾപ്പെട്ട താജ്ദീൻ ഐഡ്രിസ് യൂസഫ് എന്ന വചന പ്രഘോഷകനെ പോലീസ് കോടതിയിൽ ഹാജരാക്കിയതും ഇതിന്റെ ഭാഗമാണെന്നു വ്യക്തമായിരിക്കുകയാണ്. കസ്റ്റഡിയിലായിരുന്നപ്പോൾ വിശ്വാസത്തിനെതിരെ മൊഴി നൽകാന്‍ അദ്ദേഹം തയാറായിരിന്നില്ല.
യേശുവിനായി നിലകൊണ്ട അദ്ദേഹം മൂന്നു ദിവസം കൂടുമ്പോൾ തദ്ദേശ അധികാരികളെ കാണണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓപ്പൺ ഡോർസിന്റെ 2018 ലെ റിപ്പോർട്ട് പ്രകാരം ഉത്തര കൊറിയ, അഫ്ഗാനിസ്ഥാൻ, സൊമാലിയ എന്നിവയ്ക്ക് ശേഷം ക്രൈസ്തവ ജീവിതം ഏറ്റവും ദുഷ്കരമായ രാജ്യമാണ് സുഡാൻ.