News - 2024
വിഘടനവാദികളുടെ പോരാട്ടത്തില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങി കാമറൂണ്‍ കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍ 22-12-2018 - Saturday
യോണ്ടെ, കാമറൂണ്‍: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ഇംഗ്ലീഷ് സംസാര ഭാഷയായ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയില്‍ സഹനങ്ങള്‍ ഏറ്റുവാങ്ങി സഭാനേതൃത്വം. കാമറൂണിന്റെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തുള്ള ബാമെണ്ടായിലെ സഹായ മെത്രാനായ മോണ്‍. മൈക്കേല്‍ മിയാബെസൂ ബിബിയെ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ടു പ്രാവശ്യമാണ് ആയുധധാരികളായ വിഘടനവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 5ന് ബാമെണ്ടായില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ തെക്ക്-പടിഞ്ഞാറു ഭാഗത്തുള്ള കുംഭായിലേക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുന്ന വഴിക്കാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.
ബാട്ടിബോക്ക് സമീപത്ത് വെച്ച് 'അംബാ ബോയ്സ്' എന്നറിയപ്പെടുന്ന വിഘടനവാദികള്‍ അദ്ദേഹത്തിന്റെ കാര്‍ തടയുകയായിരുന്നു. കത്തോലിക്കാ മെത്രാനാണെന്ന് പറഞ്ഞിട്ടുപോലും, പറയുന്നത് കേള്‍ക്കുവാന്‍ അവര്‍ താല്‍പ്പര്യം കാണിച്ചില്ലെന്നു മെത്രാന്‍ വെളിപ്പെടുത്തി. തന്റേയും, തന്റെ ഡ്രൈവറിന്റേയും അദ്ദേഹത്തിന്റെ സഹോദരന്റേയും ഫോണുകള്‍ പിടിച്ചുവാങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 7-ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോകുന്ന വഴിക്കാണ് അദ്ദേഹം റോഡില്‍ വെച്ച് വീണ്ടും അക്രമത്തിന് ഇരയാകുന്നത്.
പ്രദേശത്തെ പ്രതിഷേധത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്നതിനും, യാത്രക്കും വിലക്കുള്ളതിനാല്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ടാണ് ‘അംബാ ബോയ്സ്’ വണ്ടി തടഞ്ഞതെന്നും, ഒരു കൂട്ടം കന്യാസ്ത്രീകളേയും റോഡില്‍ തടഞ്ഞുവെച്ചിട്ടുണ്ടായിരിന്നുവെന്നും മെത്രാന്‍ വിവരിച്ചു. ഏതാണ്ട് നാലുമണിക്കൂറോളമാണ് മെത്രാന് കൊടുംകാട്ടില്‍ തടഞ്ഞുവെച്ചത്. ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് താന്‍ രണ്ടാമതും രക്ഷപ്പെട്ടതെന്നും മെത്രാന്‍ പറയുന്നു.
കാമറൂണിലെ ഇംഗ്ലീഷ് സംസാര മേഖലയെ അംബാസോണിയ എന്ന പേരില്‍ സ്വതന്ത്രരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ പോരാടുന്ന ഒളിപ്പോരാളികളാണ് അംബാ ബോയ്സ്. സര്‍ക്കാരും സൈന്യവും വിഘടന വാദികളും തമ്മിലുള്ള പോരാട്ടത്തില്‍ നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. കെനിയന്‍ മിഷണറിയായ കോസ്മോസ് ഒംബോട്ടോ ഒണ്ടാറിയും, ബൊമാകയിലെ സേക്രഡ് ഹാര്‍ട്ട് ഇടവക വികാരിയുമായ ഫാ. അലെക്സാണ്ട്രെ സോബ് നൌഗിയും സെമിനാരി വിദ്യാര്‍ത്ഥി ജെറാര്‍ഡ് അഞ്ചിയാങ്ങ്‌വേയും പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ചവരാണ്.