News

തീര്‍ത്ഥാടകനായി പാപ്പ ലൊരേറ്റോയില്‍: പാവങ്ങളുടെ ഭവനമെന്ന് വിശേഷണം

സ്വന്തം ലേഖകന്‍ 26-03-2019 - Tuesday

റോം: ആഗോള സഭയുടെ തലവന്‍ എന്ന പദവി മാറ്റിവെച്ചു പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൊരേറ്റോയില്‍ പാപ്പ തീര്‍ത്ഥാടകനായി എത്തി. ഇറ്റലിയില്‍ നിന്ന് ലൂര്‍ദ്ദ് ഉള്‍പ്പടെയുള്ള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് രോഗികളെ കൊണ്ടുപോകുന്ന സംഘടനയില്‍പ്പെട്ട എണ്ണൂറോളം യുവതീയുവാക്കളും ബിഷപ്പുമാരും വൈദികരും വിശ്വാസികളും അടക്കം ആയിരങ്ങള്‍ ലൊറേത്തോയില്‍ പാപ്പയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വത്തിക്കാനില്‍ നിന്ന് 290 കിലോമീറ്ററോളം കിഴക്കുമാറി സ്ഥിതി ചെയ്യുന്ന മരിയന്‍ കേന്ദ്രത്തില്‍ എത്തിയ പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്കി. രോഗികള്‍ക്കും യുവജനങ്ങള്‍ക്കും പാവങ്ങള്‍ക്കുമുള്ള ഭവനമെന്നാണ് ലൊരേറ്റോയെ പാപ്പ വിശേഷിപ്പിച്ചത്.

കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമെന്ന സംവിധാനത്തിന്റെ പ്രാധാന്യവും ദൗത്യവും ഈ പുണ്യഭവനം ഏറെ വ്യക്തമാക്കിതരുന്നുണ്ട്. കുടുംബങ്ങളെക്കുറിച്ചുള്ള ദൈവപദ്ധതി മനസ്സിലാക്കുവാനും അതുവഴി കുടുംബങ്ങൾക്ക് സമൂഹത്തിലുള്ള പ്രാധ്യാനം വീണ്ടെടുക്കാനും കഴിയണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

എന്നാൽ ഇത് പാവങ്ങളുടെകൂടി ഭവനമാണ്. ആത്മീയമായും ശാരീരികമായും ക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് തലമുറകൾതോറും തമ്പുരാന്റെ കരുണ വർഷിക്കുന്നവളാണ് അമ്മ. പലപ്പോഴും കുടുംബത്തിലൊരാളുടെ മുറിവായിരിക്കാം കുടുംബാഗങ്ങളെ ക്ലേശിതരാക്കുന്നത്. എന്നാൽ മുറിവേൽപ്പിക്കപ്പെട്ടവനെ സ്‌നോഹവും കരുതലും സംരക്ഷണവും പ്രോത്സാഹനവും നൽകികൊണ്ട് ചേർത്തുപിടിക്കാൻ ബാധ്യസ്ഥരാണ് നാമോരോരുത്തരുമെന്ന വലിയ സന്ദേശവും ഈ പുണ്യഭവനം പങ്കുവെയ്ക്കുന്നുണ്ടെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയുടെ അവസാനം “ക്രിസ്തൂസ് വീവിത്ത്” എന്ന യുവജന സിനഡാനന്തര അപ്പസ്തോലികോപദേശത്തില്‍ പാപ്പ ഒപ്പുവച്ചു. മെത്രാന്മാരുടെ സിനഡുസമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും ആശയങ്ങളുമെല്ലാം ക്രോഡീകരിച്ചാണ് സിനഡാനന്തര അപ്പസ്തോലികോപദേശം തയാറാക്കിയത്. സന്ദര്‍ശനത്തില്‍ ബസിലിക്കയില്‍ സന്നിഹിതരായിരുന്ന രോഗികളുടെ ചാരെയെത്തി അവര്‍ക്ക് സാന്ത്വനം പകരുവാനും പാപ്പ സമയം കണ്ടെത്തി.

നസ്രത്തില്‍ പരിശുദ്ധ കന്യകാമറിയം ജനിച്ചുവളര്‍ന്നതും മംഗളവാര്‍ത്ത ലഭിച്ചതുമായ തിരുഭവനത്തിന്‍റെ മതിലുകള്‍ അടങ്ങിയ പ്രധാനഭാഗങ്ങള്‍ ലൊരേറ്റോയിലേക്കു കൊണ്ടുവന്നുവെന്നാണ് പാരമ്പര്യം. ഈ ഭവനം ഉള്‍ക്കൊള്ളുന്നതാണ് ലൊരേറ്റോയിലെ തിരുഭവനത്തിന്‍റെ ബസിലിക്ക. ഓരോ വര്‍ഷവും ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് ലൊരേറ്റോയിലെത്തി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കുന്നത്.


Related Articles »