News - 2025
അന്നീദേ തിരുനാൾ | സകല മരിച്ചവരുടെയും ഓർമ്മ
28-02-2025 - Friday
പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്‌ചയായ ഇന്ന് ഫെബ്രുവരി 28-ാം തീയതി സകല മരിച്ചവരുടെയും ഓർമ്മയാചരിക്കുന്ന ദിവസമാണ്. പൗരസ്‌ത്യ പാരമ്പര്യത്തിൽ ഇതിനെ അന്നീദേ തിരുനാൾ എന്നു വിളിക്കുന്നു. അന്നീദ എന്ന വാക്കിന്റെ അർത്ഥം വേർപാട് അല്ലെങ്കിൽ അസാന്നിദ്ധ്യം എന്നാണ്. നമ്മുടെ കർത്താവായ ഈശോമിശിഹായിലുള്ള വിശ്വാസത്തിൽ ജീവിച്ച് മരണം വഴി ഈ ലോകത്തിൽ നിന്നും വേർപെട്ടുപോയ നമ്മുടെ പൂർവ്വികരും സഹോദരങ്ങളുമായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ നമ്മെ ഓർമ്മപ്പെടുത്തുന്ന ദിവസമാണിത്.
ഈശോയുടെ രക്ഷാകര കർമ്മങ്ങളോട് ബന്ധപ്പെടുത്തിയാണ് സീറോ മലബാർ സഭയിൽ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകൾ ആചരിക്കുന്നത്. അതുകൊണ്ട് സീറോ മലബാർ സഭ ദനഹാക്കാലത്തെ അവസാനത്തെ വെള്ളിയാഴ്ച്ച സകല മരിച്ചവരുടെയും തിരുനാൾ കൊണ്ടാടുന്നു. ഉയിർപ്പ് ഞായർ കഴിഞ്ഞുള്ള ആദ്യത്തെ വെള്ളിയാഴ്ച സകല വിശുദ്ധരുടെയും തിരുനാളും ആചരിക്കുന്നു. പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ ദനഹാക്കാലത്തെ വെള്ളിയാഴ്ചകളിൽ ഈശോയെ നമുക്ക് കാണിച്ചുതന്ന പിതാക്കന്മാരെ അനുസ്മരിച്ച ശേഷം, അവസാന വെള്ളിയാഴ്ച്ച നമ്മുടെ പ്രിയപ്പെട്ടവരായ സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ നാം ആചരിക്കുന്നു.
ദനഹാ കാലത്ത് ഈശോ ഈ ലോകത്തിന് വെളിപ്പെട്ടതിനെക്കുറിച് ഉള്ള ധ്യാനങ്ങളാണല്ലോ സഭയുടെ പ്രാർത്ഥനകളിൽ മുഴുവൻ നിഴലിക്കുന്നത്. ദനഹാ എന്ന വാക്കിന്റെ അർത്ഥം തന്നെ പ്രത്യക്ഷീകരണം, വെളിപ്പെടുത്തൽ എന്നൊക്കെയാണ്. അതുകൊണ്ട് തന്നെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകൾ ഈശോയെ ഈ ലോകത്തിന് വെളിപ്പെടുത്തിയ സുവിശേഷകന്മാരെയും രക്തസാക്ഷികളെയും, മൽപ്പാന്മാരെയും വിശുദ്ധരെയും ഓർക്കുന്നതിനുള്ള തിരുനാളുകൾ ആയി സീറോ മലബാർ സഭ ആചരിക്കുന്നു.
ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ച രണ്ടു കാരണങ്ങൾ കൊണ്ട് മരിച്ചവരുടെ തിരുനാൾ ദിനം ആയി ആഘോഷിക്കുന്നു. ഒന്നാമത്തെ കാരണം മരിച്ചവർ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയുടെ ദനഹാ ആയി മാറിയവരാണെന്നതാണ്. അഥവാ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയെ ലോകത്തിന് വെളിപ്പെടുത്തിയവർ/ നൽകിയവർ ആണ്. രണ്ടാമത്തെ കാരണം ദനഹാകാലത്തെ ഈ അവസാന വെള്ളി കഴിഞ്ഞ് ഉടൻ നോമ്പുകാലം ആരംഭിക്കുന്നുവെന്നതാണ്. നോമ്പുകാലത്ത് ഈശോയുടെ പീഡാസഹനവും മരണവും ആണല്ലോ ധ്യാനവിഷയങ്ങൾ. മരിച്ചവർ തങ്ങളുടെ ജീവിതകാലത്ത് ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കുചേർന്നവരാണ്.
ഈശോയെ നമുക്ക് കാണിച്ചുതന്നവരിൽ നമ്മോട് ഏറ്റവും അടുത്ത് നിൽക്കുന്നവർ നമ്മുടെ പൂർവ്വികർ തന്നെ. നമുക്ക് ജന്മം നൽകി, ഈശോയെ നമുക്ക് കാണിച്ചുതന്ന്, മ്ശീഹാമാർഗത്തിൽ നമ്മെ വളർത്തിയ നമ്മുടെ പ്രിയപ്പെട്ടവരെ ഓർമ്മിക്കുന്ന സുദിനം.
അവരുടെ ജീവിതം നമുക്ക് മാതൃകയാണ്. മാർത്തോമ്മാ ശ്ലീഹായിൽനിന്നും കൈമാറിക്കിട്ടിയ അമൂല്യ നിധിയായ ശ്ലൈഹികവിശ്വാസം കൈമോശം വരുത്താതെ നമുക്ക് പകർന്നു നൽകിയ നമ്മുടെ പ്രിയപ്പെട്ടവരെ നമുക്ക് നന്ദിയോടെ ഓർക്കാം, അവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അവരെപ്രതി നമുക്ക് ദൈവത്തിന് കൃതജ്ഞത അർപ്പിക്കാം. നാം ഇന്നും വിശ്വാസികൾ ആയിരിക്കുന്നതിന് കാരണക്കാർ അവരാണ്; അവരുടെ വിശ്വാസ ജീവിതമാണ് നമ്മുടെ മാർഗ്ഗദീപം.
അതുപോലെ ഈശോയുടെ പീഡാസഹന മരണങ്ങളെ അനുസ്‌മരിക്കുന്ന വലിയ നോമ്പിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചത്തെ ഈ അനുസ്‌മരണം നോമ്പിന്റെ പ്രാർത്ഥനകളും പരിത്യാഗ പ്രവൃത്തികളും മൃതരായവർക്കുവേണ്ടികൂടെ സമർപ്പിക്കണമെന്നും നമ്മെ ഓർമിപ്പിക്കുന്നു. ലത്തീൻ (റോമൻ) സഭയിൽ സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്നതു നവംബർ 2 ആണ്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
