News - 2025
ഹാരിപോട്ടർ ട്വിലൈറ്റ് പുസ്തകങ്ങൾ അഗ്നിക്കിരയാക്കി പോളിഷ് വൈദികർ
സ്വന്തം ലേഖകന്‍ 03-04-2019 - Wednesday
വാര്‍സോ: മന്ത്രവാദത്തിനും ഗൂഢവിദ്യകള്‍ക്കും എതിരെയുള്ള പ്രതിഷേധം എന്ന നിലയില്‍ ഹാരിപോട്ടർ, ട്വിലൈറ്റ് പരമ്പര പുസ്തകങ്ങൾ അഗ്നിക്കിരയാക്കി പോളിഷ് വൈദികർ. ഉത്തര പോളണ്ടിലെ ഗ്ഡാൻസ്ക് നഗരത്തിലാണ് കത്തോലിക്ക വൈദികരുടെ നേതൃത്വത്തില്‍ പുസ്തകങ്ങളും മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന സമാന വസ്തുക്കളും അഗ്നിക്കിരയാക്കിയത്. പുസ്തകങ്ങൾ കത്തിക്കുന്ന ചിത്രം ഒരു പോളിഷ് കത്തോലിക്കാ പേജിൽ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നു വാര്‍ത്ത മാധ്യമങ്ങളില്‍ ഇടം നേടുകയായിരിന്നു. "ഞങ്ങൾ വചനം പാലിക്കുന്നു" എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
"ക്ഷുദ്രപ്രയോഗം നടത്തിയിരുന്ന അനേകമാളുകള്‍ തങ്ങളുടെ ഗ്രന്ഥച്ചുരുളുകള്‍ കൊണ്ടുവന്ന് എല്ലാവരും കാണ്‍കെ അഗ്‌നിക്കിരയാക്കി. അവയുടെ ആകെ വില കണക്കാക്കിയപ്പോള്‍ അമ്പതിനായിരം വെള്ളിനാണയങ്ങള്‍ വരുമെന്നു കണ്ടു" (അപ്പ 19:19) അടക്കമുള്ള മന്ത്രവാദത്തെ വിലക്കുന്ന ബൈബിൾ വാക്യങ്ങളും പോസ്റ്റിനൊപ്പം നൽകിട്ടുണ്ട്. ഹാരി പോട്ടർ, ട്വിലൈറ്റ് പരമ്പരകൾക്ക് ഒപ്പം ഇന്ത്യൻ എഴുത്തുകാരനായ ഓഷോ രജനീഷിന്റെ പുസ്തകവും കത്തിയമരുന്നത് ചിത്രത്തിൽ കാണാം. മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ വീടുകളിൽ നിന്ന് ഒഴിവാക്കണമെന്ന് വൈദികർ ഇടവകയിലെ ജനങ്ങളോട് നിർദ്ദേശിച്ചിരുന്നു.
ഇതനുസരിച്ചാണ് വിശ്വാസികൾ ദുർമന്ത്രവാദ പുസ്തകങ്ങളും മറ്റു വസ്തുക്കളും ദേവാലയത്തിലേക്ക് നശിപ്പിക്കാനായി കൊണ്ടുവന്നത്. പോളണ്ടിലെ ജനങ്ങളിൽ 87 ശതമാനം കത്തോലിക്ക വിശ്വാസികളാണ്. ഹാരിപോര്‍ട്ടര്‍ പുസ്തകങ്ങളും ചലച്ചിത്രങ്ങളും സാത്താന്റെ സ്വാധീനത്തിലേക്ക് നയിക്കുമെന്ന് ലോക പ്രശസ്ത ഭൂതോച്ചാടകനായിരിന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് നേരത്തെ മുന്നറിയിപ്പ് നല്‍കിയത്. ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരിന്നു.