News - 2025

യൂറോപ്പിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിനെതിരെ മുന്നറിയിപ്പുമായി കർദ്ദിനാൾ സാറ

സ്വന്തം ലേഖകന്‍ 07-04-2019 - Sunday

വത്തിക്കാന്‍ സിറ്റി: യൂറോപ്പിലേക്ക് നടക്കുന്ന അഭയാർത്ഥികളുടെ കുടിയേറ്റം പുതിയ തരത്തിലുള്ള ഒരുതരം അടിമത്തമാണെന്ന് ആരാധന തിരുസംഘത്തിന്റെ തലവനും ആഫ്രിക്കൻ കർദ്ദിനാളുമായ റോബർട്ട് സാറ. ദൈവത്തിന്റെ വചനം ഉപയോഗിച്ച് അഭയാർത്ഥി പ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനെ ശക്തമായ ഭാഷയിലാണ് കർദ്ദിനാൾ സാറ വിമർശിച്ചത്. ബൈബിൾ ഉപയോഗിച്ച് അഭയാർത്ഥി പ്രവാഹത്തെ ന്യായീകരിക്കുന്നവർ തെറ്റായ ബൈബിൾ വ്യാഖ്യാനമാണ് നടത്തുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. 'വാല്യുവേര്‍സ് ആക്റ്റുലെസ്' എന്ന ഫ്രഞ്ച് പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് കർദ്ദിനാൾ റോബർട്ട് സാറ അഭയാര്‍ത്ഥി വിഷയത്തില്‍ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

പരമ്പരാഗതമായി ക്രൈസ്തവ ഭൂഖണ്ഡമായ യൂറോപ്പിലേക്ക് രാഷ്ട്രീയക്കാർ മുൻകൈയെടുത്ത് നടത്തുന്ന അഭയാർത്ഥി കുടിയേറ്റത്തിന് സഭ പിന്തുണ നൽകാൻ പാടില്ലായെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. പാശ്ചാത്യലോകം ഇപ്രകാരം മുന്നോട്ടുപോയാൽ ജനനനിരക്കിൽ സംഭവിക്കുന്ന കുറവുമൂലം അവര്‍ ഇല്ലാതാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇസ്ലാം മതം ഭൂരിപക്ഷമായ രാജ്യത്ത് നിന്നാണ് താൻ വരുന്നതെന്നും അതിനാൽ താൻ പറയുന്നതിന്റെ യാഥാർത്ഥ്യത്തെ പറ്റി തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യൂറോപ്പ് ഇല്ലാതായാൽ ഇസ്ലാം ലോകം കീഴടക്കും എന്ന് താക്കീത് ചെയ്താണ് കർദ്ദിനാൾ റോബർട്ട് സാറ തന്റെ അഭിമുഖം അവസാനിപ്പിച്ചത്.

അടുത്ത മാർപാപ്പയാകാൻ വലിയതോതിൽ സാധ്യത കൽപ്പിക്കപ്പെടുന്ന കര്‍ദ്ദിനാള്‍ സാറ വിശ്വാസ സംബന്ധമായ വിഷയങ്ങളിലും ഇതര വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ്.


Related Articles »