India - 2025
വര്‍ഗീയതയ്ക്കെതിരെ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ പ്രതികരിക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
സ്വന്തം ലേഖകന്‍ 08-04-2019 - Monday
ന്യൂഡല്‍ഹി: മതേതരത്വം ഉറപ്പാക്കുന്നതിനും വര്‍ഗീയതയ്ക്കും വര്‍ഗസമരത്തിനുമെതിരേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ പ്രതികരിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍. ആര്‍ഷഭാരത സംസ്‌കാരത്തെ ഉള്‍ക്കൊണ്ടും രാജ്യത്തെ ഭരണഘടനയെ ബഹുമാനിച്ചും മതേതരത്വം സംരക്ഷിച്ചും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കിയും വര്‍ഗീയവാദത്തിനും വര്‍ഗസമരത്തിനുമെതിരേ മനുഷ്യമനഃസാക്ഷി ഉയര്‍ത്തിയും സ്‌നേഹസംസ്‌കാരം പങ്കുവയ്ക്കുന്ന നേതാക്കള്‍ അധികാരത്തില്‍ വരേണ്ടതുണ്ടെന്ന് ലെയ്റ്റി കൗണ്‍സില്‍ ദേശീയ മെത്രാന്‍ സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ദളിത് സംവരണം, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, തീരദേശ ജനത നേരിടുന്ന ദുരന്തങ്ങള്‍, ന്യൂനപക്ഷ അവകാശ ധ്വംസനങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയവ ചര്‍ച്ച ചെയ്യപ്പെടണം. കത്തോലിക്കാസഭ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് വിവേചിച്ചറിയാനുള്ള ആര്‍ജവം വിശ്വാസിസമൂഹത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ നിലപാടിനെക്കുറിച്ചും ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളെക്കുറിച്ചും കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 22 വരെ ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ അല്മായ നേതൃസമ്മേളനങ്ങളും പങ്കാളിത്ത ചര്‍ച്ചകളും നടത്തി വിശ്വാസി സമൂഹത്തിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ലെയ്റ്റി കൗണ്‍സില്‍ ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം ഇന്ത്യയിലെ എല്ലാ രൂപതകള്‍ക്കു കൈമാറിയിട്ടുണ്ട്. 174 രൂപതകളും 14 റീജണല്‍ കൗണ്‍സിലുകളുമുള്‍ക്കൊള്ളുന്ന കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ളതാണ് ലെയ്റ്റി കൗണ്‍സില്‍.
